Sunday, December 22, 2024
Homeസ്പെഷ്യൽകാളിദാസഭാവനകളിലെ തമിഴകത്തിളക്കം (ലേഖനം) ✍ശ്യാമള ഹരിദാസ് .

കാളിദാസഭാവനകളിലെ തമിഴകത്തിളക്കം (ലേഖനം) ✍ശ്യാമള ഹരിദാസ് .

ശ്യാമള ഹരിദാസ് .

തമിഴകത്തിന്റെ ചരിത്രവും പൈതൃകവും വ്യതിരിക്തമാണെന്നു വരുത്താന്‍ എപ്പോഴും ഉയര്‍ത്തിക്കാട്ടാറുള്ളത് സംഘകാല കൃതികളെയാണ്. മറ്റൊന്നുമായും ബന്ധമില്ലാതെ സ്വതന്ത്രമായി വളര്‍ന്നുവന്നതാണ് തമിഴകത്തിന്റെ സംസ്‌കാരമെന്നും, പഴന്തമിഴിന്റെയും ചെന്തമിഴിന്റെയുമൊക്കെ സൗന്ദര്യം കുടികൊള്ളുന്ന സാഹിത്യം അന്യാദൃശമാണെന്നും പതിറ്റാണ്ടുകളിലൂടെ ചിലര്‍ വാദിച്ചുറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ സംഘം കൃതികളില്‍ സംസ്‌കൃത സ്വാധീനം പ്രകടമാണ്. ഭാരതം എന്ന സങ്കല്‍പ്പത്തില്‍നിന്ന് വേറിട്ട ഒരു അസ്തിത്വം സംഘംകൃതികള്‍ തമിഴകത്തിനു നല്‍കുന്നുമില്ല. എന്നുമാത്രമല്ല തമിഴ് ജനതയ്ക്കും രാജാക്കന്മാര്‍ക്കും ഭാരതത്തോടുണ്ടായിരുന്ന ആഭിമുഖ്യം ഇതരദേശങ്ങളിലെ കവികള്‍ക്കും മറ്റും തമിഴകത്തോടും ഉണ്ടായിരുന്നു. സംഘംകൃതികളുടെയോ അതിലുമേറെയോ പഴക്കം കല്‍പ്പിക്കപ്പെടുന്ന കാളിദാസകൃതികളില്‍ തമിഴക ഭംഗി നിറയുന്നുമുണ്ട്. ഭാരതത്തിന്റെ ഭൂമിശാസ്ത്രത്തിലും കാലാവസ്ഥയിലും ജനജീവിതത്തിലും വിസ്മയാവഹമായ അറിവുണ്ടായിരുന്ന കാളിദാസന്റെ കൃതികളില്‍ തമിഴകത്തിന്റെ ചരിത്രവും പാരമ്പര്യവും ഭാവനയുടെ ഇതള്‍വിടര്‍ത്തുന്നതു കാണാം.

ഹിമാലയത്തില്‍ അധികാരമുദ്ര കൊത്തിവച്ച പാണ്ഡ്യരാജാവിനെക്കുറിച്ച് പറയുന്നത് പത്താം നൂറ്റാണ്ടിലെ ചിന്നമന്നൂര്‍ താമ്രഫലകത്തിലാണ്. ‘ഈ കുലത്തില്‍ പിറന്ന രാജാവ് എതിരാളികളെയെല്ലാം തോല്‍പ്പിക്കുകയും മഞ്ഞുമൂടിയ പര്‍വ്വതത്തില്‍ തന്റെ അധികാര ചിഹ്നം സ്ഥാപിക്കുകയും ചെയ്തു. അഗസ്ത്യനായിരുന്നു പുരോഹിതന്‍’ എന്നാണ് ഇതിനെക്കുറിച്ചുള്ള പരാമര്‍ശം. ഒന്നാം നൂറ്റാണ്ടില്‍ വിക്രമാദിത്യ സദസ്സിലുണ്ടായിരുന്ന കാളിദാസന്റെ രഘുവംശത്തിലെ ആറാം സര്‍ഗത്തില്‍ ഇതേ പാണ്ഡ്യരാജാവിനെക്കുറിച്ച് പറയുന്നു. ഭോജ രാജകുമാരിയായ ഇന്ദുമതിയുടെ സ്വയംവരത്തെക്കുറിച്ച് രഘുവംശത്തില്‍ വര്‍ണിക്കുന്നുണ്ട്. ‘ഉരഗസ്യ പുരസ്യനാഥന്‍’ എന്നു വിശേഷിപ്പിച്ചാണ് ഈ രാജാവിനെ ഇന്ദുമതിയുടെ തോഴി സുനന്ദ പരിചയപ്പെടുത്തുന്നത്. ഈ ഉരഗസ്യപുരം സംഘം കൃതികളില്‍ പാണ്ഡ്യരാജാക്കന്മാരുടെ ആസ്ഥാനമായി പറയുന്ന ‘ആലവായ്’ ആണ്. ഈ വാക്കിന് പാമ്പ് എന്നും സമുദ്ര കവാടമെന്നും തമിഴില്‍ അര്‍ത്ഥമുണ്ട്. (കേരളത്തില്‍ എറണാകുളം ജില്ലയിലെ ‘ആലുവാ’യ്ക്ക് ആ പേരുവന്നത് ആറ്റിന്‍മുഖം എന്ന അര്‍ത്ഥത്തിലാണെന്നത് ഇവിടെ ഓര്‍ക്കാം)

കാളിദാസന്‍ കണ്ട പാണ്ഡ്യരാജാവ്
രാമായണത്തില്‍ സുഗ്രീവന്‍ കവാടം എന്നു വിശേഷിപ്പിക്കുന്ന ഈ പ്രദേശം രണ്ടാം സംഘകാലത്ത് പാണ്ഡ്യന്മാരുടെ തലസ്ഥാനമായിരുന്നുവെന്ന് തമിഴ് പണ്ഡിതന്മാരും പരാമര്‍ശിക്കുന്നുണ്ട്. സംസ്‌കൃതത്തില്‍ ദ്വാരക, ദ്വാരാവതി എന്നീ പദങ്ങള്‍ക്ക് തുല്യമാണ് തമിഴില്‍ കവാടം. രണ്ടിന്റെയും അര്‍ത്ഥം ഒന്നുതന്നെ. തമിഴ്‌നാട്ടിലെ ആലവായ് (കവാടം), ഗുജറാത്തിലെ ദ്വാരക എന്നിവ സമുദ്രതീരത്തെ നഗരങ്ങളാണ്. കടല്‍ കടന്നുകയറി വെള്ളത്തിലാണ്ടുപോകുമ്പോഴൊക്കെ ഇതേ പേരില്‍ മറ്റൊരിടത്ത് നഗരം രൂപപ്പെടും. ഇപ്രകാരം ഒരിക്കല്‍ ആലവായ് സമുദ്രത്തിലാണ്ടുപോയപ്പോള്‍ പാണ്ഡ്യരാജാക്കന്മാര്‍ കണ്ടെത്തിയ പുതിയ തലസ്ഥാനമാണ് മധുരൈ. ‘തിരുവിളയാടല്‍ പുരാണം’ എന്ന കൃതി പാണ്ഡ്യന്മാരുടെ കുലദൈവമായ ശിവഭഗവാന്റേതായി നിരവധി പ്രദേശങ്ങളെക്കുറിച്ച് പറയുന്നുണ്ട്. പാണ്ഡ്യന്മാര്‍ക്ക് തങ്ങളുടെ വാസസ്ഥാനം നഷ്ടമായതും, അവര്‍ പുതിയ ഇടം കണ്ടെത്തിയതും ഈ കൃതിയില്‍ വിവരിക്കുന്നു.

ഇന്ദുമതിയുടെ സ്വയംവരത്തിനെത്തുന്ന പാണ്ഡ്യരാജാവിനെക്കുറിച്ച് കാളിദാസ കൃതിയില്‍ സുനന്ദ പറയുന്നതിന്റെ ആവര്‍ത്തനമാണ് ചിന്നമന്നൂര്‍ താമ്രഫലകത്തില്‍ കാണുന്നത്. അഗസ്ത്യനാണ് പാണ്ഡ്യന്റെ പുരോഹിതനെന്നും, അഗസ്ത്യന്റെ മാര്‍ഗദര്‍ശനത്തിലാണ് രാജാവ് അശ്വമേധം നടത്തിയതെന്നും സുനന്ദ പറയുന്നുണ്ട്. ശിവഭഗവാനില്‍നിന്നു ലഭിച്ച അത്ഭുതകരമായ അസ്ത്രം ഉപയോഗിച്ച് പാണ്ഡ്യരാജാവ് തന്റെ പ്രജകളെ കൊന്നൊടുക്കുമെന്ന് ഭയന്ന ‘ലങ്കാധിപതി’ സമാധാനത്തിനു ശ്രമിച്ചതിനെക്കുറിച്ച് സുനന്ദ പറയുന്നതായി രഘുവംശത്തില്‍ വര്‍ണിക്കുന്നു. ചിന്നമന്നൂര്‍ താമ്രഫലകത്തെക്കാള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാളിദാസന്റെ കൃതിയിലെ ഈ പരാമര്‍ശം വെറും ഭാവനയല്ലെന്ന് വ്യക്തം.

പാണ്ഡ്യരാജാവ് ഇന്ദ്രന്റെ സിംഹാസനം കയ്യടക്കിയതിനെക്കുറിച്ചും സുനന്ദ വര്‍ണിക്കുന്നുണ്ട്. എന്നാല്‍ ഇത് പുരാണങ്ങളിലെ ഇന്ദ്രനല്ലെന്നും, മറ്റൊരിടത്ത് ഭരിച്ചിരുന്ന രാജാവാകാമെന്നും, ഇന്ദ്രനെ കീഴടക്കാന്‍ ആഗ്രഹിച്ചതു വഴി ആ പേര് ലഭിച്ച രാവണന്റെ മകന്‍ ഇന്ദ്രജിത്തായിരിക്കാം ഈ രാജാവെന്നും പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. പാണ്ഡ്യ രാജ്യത്തെ മീനാക്ഷിയുടെ മകനായ മുരുകന്‍, ഇന്ദ്രന്റെ മകളായ ദേവയാനിയെ വിവാഹം ചെയ്തതിനെക്കുറിച്ചും, ഇന്ദ്രന്‍ അസുരന്മാരെ നേരിടാന്‍ പോയപ്പോള്‍ അമരാവതി സംരക്ഷിച്ചതിന് ചോള രാജാവായ മുചുകുന്ദന് ‘നാലങ്ങാടി ഭൂതം’ പാരിതോഷികമായി ലഭിച്ചതിനെക്കുറിച്ചും, രാവണനെതിരായ യുദ്ധത്തില്‍ ഇന്ദ്രന്റെ തേരാളിയായ മിതാലിയാണ് രാമന്റെ തേര് തെളിച്ചതെന്നും, മിതാലി തന്റെ മകള്‍ക്കുചേര്‍ന്ന വരനെത്തേടി നാരദനുമൊത്ത് അസുരദേശത്തെത്തി ആര്യകന്റെ മകന്‍ സുമുഖനെ കണ്ടെത്തിയതുമൊക്കെ കാളിദാസന്‍ വര്‍ണിക്കുന്നുണ്ട്.

ഇന്ദുമതി പാണ്ഡ്യരാജാവിനെ വരിക്കുകയാണെങ്കില്‍ അവള്‍ ദക്ഷിണ ദിശയില്‍ രത്‌നങ്ങള്‍ പതിച്ച അരപ്പട്ടയുള്ള കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പാണ്ഡ്യ രാജ്യത്തെ രാജാവിന്റെ ‘സപത്‌നി’ യായിരിക്കുമെന്നും സുനന്ദ പറയുന്നു. പാണ്ഡ്യരാജ്യമാണ് രാജാവിന്റെ ആദ്യഭാര്യയെന്നാണ് ഇതിനര്‍ത്ഥം. ഭൂമിയാണ് പാണ്ഡ്യരാജാവിന്റെ നിയമാനുസൃത ഭാര്യയെന്ന് ചിന്നമന്നൂര്‍ താമ്രഫലകത്തിലും പറയുന്നു. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേ ഇതേ ആശയം കാളിദാസ കൃതിയിലും കാണുന്നു എന്നത് പാണ്ഡ്യരാജ്യത്തിന് തമിഴകത്തിനുമപ്പുറം ഭാരതവുമായുള്ള ബന്ധത്തിന് തെളിവാണ്. പാണ്ഡ്യ രാജാവ് ഹിമാലയത്തിലെത്തി അധികാര ചിഹ്നം കൊത്തിയതിനെക്കുറിച്ച് സുനന്ദയുടെ വിവരണങ്ങളില്‍ കാണുന്നില്ല. വടക്കുഭാഗത്തെ ജനങ്ങള്‍ക്ക് ഇതൊരു അത്ഭുത കൃത്യമായി തോന്നാത്തതാവാം കാരണം. ഇന്ദുമതിയുടെ സ്വയംവരത്തില്‍ പങ്കെടുത്ത രാജാവിന്റെ പിന്‍ഗാമിയാവാം ഹിമാലയ പര്യടനം നടത്തിയതെന്നും വരാം. ആദ്യകാല പാണ്ഡ്യന്മാരുടെ വംശാവലിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളതും കാളിദാസ കൃതിയിലെ വര്‍ണനയും തമ്മിലുള്ള സാമ്യം ശ്രദ്ധേയമാണ്.

കാളിദാസനില്‍നിന്ന് കപിലരിലേക്ക്
കാളിദാസന്റെ കാലം ഏതെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും ബി.സി. രണ്ടാം നൂറ്റാണ്ടിനും എ.ഡി. നാലാം നൂറ്റാണ്ടിനും ഇടയിലാണ് കവി ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. നാലാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നതെന്ന പാശ്ചാത്യ പണ്ഡിതന്മാരുടെ അഭിപ്രായം ബി.സി. ഒന്നാം നൂറ്റാണ്ടിലെ വിക്രമാദിത്യന്റെ രാജസദസ്സിലെ നവരത്‌നങ്ങളില്‍ ഒരാളായിരുന്നു കാളിദാസന്‍ എന്ന ഭാരതീയരുടെ വിശ്വാസവുമായി പൊരുത്തപ്പെടുന്നില്ല. ക്രിസ്തുവിനു മുന്‍പാണ് കാളിദാസന്‍ ജീവിച്ചിരുന്നതെന്ന് കണ്ടെത്തുന്ന പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കാളിദാസനും പൗരാണിക തമിഴ് സാഹിത്യവുമായുള്ള ബന്ധം അധികമാരും തിരിച്ചറിഞ്ഞിട്ടില്ല. ഉപമകള്‍ ധാരാളം ഉപയോഗിച്ചിട്ടുള്ളയാളാണല്ലോ കാളിദാസന്‍. ‘ഉപമ കാളിദാസസ്യഃ’ എന്ന ചൊല്ലുതന്നെ ഇങ്ങനെ ഉണ്ടായിട്ടുള്ളതാണ്. തമിഴ് കവികളും ധാരാളം ഉപമകള്‍ ഉപയോഗിച്ചവരാണ്. അവര്‍ കാളിദാസ കൃതികളെ ഇതിനായി ആശ്രയിച്ചിട്ടുള്ളത് കാണാം. കാളിദാസ കൃതികളും സംഘം കൃതികളും തമ്മില്‍ 200 ലേറെ സമാനതകള്‍ കാണാം. സാഹിത്യപരമായ തെളിവുകള്‍ ധാരാളമുള്ളപ്പോള്‍ ഇത് യാദൃച്ഛികമാണെന്നു പറഞ്ഞ് ആര്‍ക്കും തള്ളിക്കളയാനാവില്ല.

സംഘം കവികളായ കപിലര്‍, പരനാര്‍ എന്നിവര്‍ തങ്ങളുടെ കൃതികളില്‍ കാളിദാസന്റെ ഉപമകള്‍ ധാരാളം ഉപയോഗിച്ചിട്ടുണ്ട്. സംസ്‌കൃത്തില്‍ വ്യുല്‍പ്പത്തിയുണ്ടായിരുന്ന മറ്റ് തമിഴ് കവികളിലും കാളിദാസന്റെ സ്വാധീനം പ്രകടമാണ്. കാളിദാസന്റെ കീര്‍ത്തി ഭാരതമെമ്പാടും വ്യാപിച്ചിരുന്ന എ.ഡി. ഒന്നാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനുമിടയിലാണ് സംഘകൃതികളില്‍ അധികവും രചിക്കപ്പെട്ടത്. സ്വാധീനത്തിന് ഇതൊരു കാരണമാണ്. വിശാല തമിഴകത്തിന്റെ അതിരുകളിലും ഇന്നത്തെ ആന്ധ്രയിലും ജീവിച്ചിരുന്ന കവികളില്‍നിന്നാണ് ഈ സ്വാധീനം വന്നതെന്ന് പണ്ഡിതന്മാരും ചരിത്രകാരന്മാരും കരുതുന്നുണ്ട്.

തമിഴ് ക്ലാസിക്കുകള്‍ പലതും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ജി.യു.പോപ്പ് 1983 ല്‍ എഴുതിയ ഒരു ലേഖനത്തില്‍ കാളിദാസ കൃതികളില്‍ നന്നായി അവഗാഹമുണ്ടായിരുന്നയാളാണ് കപിലരെന്നും, കപിലരുടെ കുറിഞ്ഞിപ്പാട്ട് കാളിദാസന്റെ അനുകരണമാണെന്നും പറയുന്നുണ്ട്. കപിലര്‍ ഈ കാര്യം രചിച്ചത് തമിഴ് നന്നായി അറിയാവുന്ന കാശിയിലെ രാജാവിനുവേണ്ടിയായിരുന്നു. ‘കഥാസരിത് സാഗര’ത്തില്‍ ഈ രാജാവിനെക്കുറിച്ച് പറയുന്നുണ്ട്. കാളിദാസനും കപിലരും ഒരേ വാക്കുകള്‍ തന്നെ ഉപയോഗിക്കുന്നു. രണ്ടുപേരുടെയും കൃതികള്‍ വായിക്കുമ്പോള്‍ ആര്, ആരെയാണ് കടംകൊണ്ടതെന്ന സംശയമുണ്ടാകുമെങ്കിലും കാളിദാസന്റെ മൗലികമായ ഉപമകളും പ്രയോഗങ്ങളും പകര്‍ത്തുകയാണ് കപിലര്‍ ചെയ്തതെന്ന് പിന്നീട് തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

ഏതു കാര്യവും ഗണപതി വന്ദനത്തോടെ ആരംഭിക്കുകയെന്നതാണല്ലോ പൊതുരീതി. എന്നാല്‍ കാളിദാസനും സംഘം കവികളും ശിവനെ പ്രാര്‍ത്ഥിച്ചാണ് രചനകളാരംഭിക്കുന്നത്. അകനാനൂറ്, പുറനാനൂറ്, ഐങ്കുരുനൂറ്, പതിറ്റുപ്പത്ത്, കലിത്തൊകയ് എന്നിവ ആരംഭിക്കുന്നത് ശിവനെ പ്രാര്‍ത്ഥിച്ചാണ്. സംഘംകൃതിയായ നട്രിനയ് മാത്രമാണ് വിഷ്ണുവിനെ സ്തുതിക്കുന്നത്. അതാകട്ടെ വിഷ്ണു സഹസ്രനാമത്തിലെ ഒരു ശ്ലോകത്തിന്റെ വിവര്‍ത്തനവും. കാളിദാസന്റെ രഘുവംശം, കുമാരസംഭവം, ശാകുന്തളം എന്നിവ തുടങ്ങുന്നതും ശിവനെ സ്തുതിച്ചുകൊണ്ടാണ്.

പല സംഘം കവികളും രുദ്രന്‍, മഹാദേവന്‍ എന്നിങ്ങനെ സംസ്‌കൃത നാമധേയരാണ്. കാളിദാസ കൃതികളിലും സംഘം കൃതികളിലും ശിവന്റെ പര്യായങ്ങള്‍ ആവര്‍ത്തിച്ചു കടന്നുവരുന്നുണ്ട്. നീലകണ്ഠന്‍ എന്നത് കുമാരസംഭവത്തിലും ശാകുന്തളത്തിലും അകനാനൂര്‍, പുറനാനൂര്‍, പരിപാടല്‍, മലൈപാട് എന്നീ സംഘംകൃതികളിലും കാണാം. ശിവനെ വിശേഷിപ്പിക്കുന്ന ‘അര്‍ദ്ധേന്ദു മൗലിന്‍’ മേഘസന്ദേശത്തിലും അകനാനൂറിലുമുണ്ട്. അയുഗ്മ നേത്ര, ത്രിലോചന, ത്രിനയന, ത്രയംബക എന്നിങ്ങനെ കുമാരസംഭവത്തിലും മേഘസന്ദേശത്തിലുമുള്ളപ്പോള്‍ പുറനാനൂറിലും അകംപാട്ടിലും കരികീഴറിന്റെ പുറംപാട്ടിലും ഇവയുണ്ട്. ഭൂതപതി, ഭൂതേശ്വര, ഭൂതനാഥ എന്നിങ്ങനെ രഘുവംശത്തിലും കുമാരസംഭവത്തിലും ഉള്ളതുപോലെ പുറനാനൂറിലുമുണ്ട്. മധുരൈ കൗനിയന്‍ പുതതാനര്‍, ഭൂതനാഥന്‍, പെരുംഭൂതന്‍, പുതന്‍ ഇളങ്കന്‍, ഭൂതപാണ്ഡ്യന്‍, കരുവൂര്‍ പുതന്‍ ചാത്തനാര്‍, എഴതു പുതന്‍ തേവന്‍, വെന്‍ഭൂതന്‍, സെന്തന്‍ ഭൂതന്‍, കുണ്ഡ്രം ഭൂതനാര്‍ എന്നിവരുടെ കവിതകളിലും ശിവന്റെ പര്യായങ്ങള്‍ വരുന്നുണ്ട്.

കുമാരസംഭവത്തിലും രഘുവംശത്തിലും മേഘസന്ദേശത്തിലും പരമശിവനെ കുറിക്കുന്ന ശൂലഭൃതന്‍, ശൂലിന്‍ എന്നീ വാക്കുകളുണ്ട്. ഭരതം പാണ്ഡിയ മഹാദേവന്റെ അകംപാട്ടിലും ഇതു കാണാം. കാളയുടെ പുറം എന്നര്‍ത്ഥമുള്ള ‘വൃഷംഗ’ കുമാരസംഭവത്തിലും രഘുവംശത്തിലും ഉള്ളതുപോലെ സംഘം കവിയായ നക്കീരന്റെ പുറംപാട്ടിലുമുണ്ട്. പാര്‍വതി പരമേശ്വരനെക്കുറിച്ച് രഘുവംശത്തിലും അകനാനൂറിലും പുറനാനൂറിലും പറയുന്നു. പുരശാസന എന്ന് കുമാരസംഭവത്തിലും മഹിതന്‍ ഇളങ്കന്റെ പുറംപാട്ടിലുമുണ്ട്. ത്രിപുരാന്തകന്‍ മേഘസന്ദേശത്തിലും പുറനാനൂറിലുമുണ്ട്. അര്‍ദ്ധ നാരീശ്വര സങ്കല്‍പ്പത്തെക്കുറിച്ച് രഘുവംശത്തിലും കുമാരസംഭവത്തിലും പറയുന്നതുപോലെ ഐങ്കറുനൂറ് പ്രാര്‍ത്ഥനയില്‍ ‘മാതൊരു പാതിയന്‍’ എന്നുണ്ട്. മഹാദേവന്‍ രഘുവംശത്തിലും പുറനാനൂറിലുമുണ്ട്. ഈ പരാമര്‍ശങ്ങളില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. കാളിദാസനും സംഘംകവികളും തമ്മില്‍ വലിയ അകലമില്ല. ഗുപ്തകാലഘട്ടത്തിനു മുന്‍പാണ് ഇവര്‍ ജീവിച്ചിരുന്നതെന്നു വ്യക്തം.

സംഘംകവികളുടെ സുവര്‍ണ ഹിമാലയം
മുരുകന് അല്ലെങ്കില്‍ സ്‌കന്ദന് തമിഴരുടെ മനസ്സില്‍ പ്രത്യേക സ്ഥാനമുണ്ട്. സംഘകാലത്തെ ഐന്തിണകളിലൊന്നായ കുറിഞ്ഞിയുടെ ദേവനാണ് മുരുകന്‍. മുരുകന്‍ ധീരനാണെന്നും ആ സന്നിധിയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നും കാളിദാസനും തമിഴ് കവികളും ഒരുപോലെ സമ്മതിക്കുന്നു. പൊന്മുടിയാറിന്റെ പുറംപാട്ടുകളില്‍ സ്ത്രീകള്‍ അവിടേക്ക് പോകാത്തതും അവിടെയുള്ള ഒന്നിലും സ്പര്‍ശിക്കാത്തതും വിവരിക്കുന്നു. സംഘം കവി കുലംബനാര്‍ ഇതുതന്നെ പറയുന്നു. മുരുകന്റെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പ്രായപൂര്‍ത്തിയായ വനിതകള്‍ പേടിക്കുന്നു എന്നാണ് കുലംബനാര്‍ പറയുന്നത്. അകംപാട്ടുകളിലും ഇതുസംബന്ധിച്ച പരാമര്‍ശങ്ങള്‍ കാണാം.

മുരുകന്റെ ഉദ്യാനത്തില്‍ പ്രവേശിച്ച വനിത ഭയന്നതിനെക്കുറിച്ച് വിക്രമോര്‍വശീയത്തില്‍ കാളിദാസനും പറയുന്നു. മുരുകന്‍ മലമുകളില്‍ വസിക്കുന്നതിനെക്കുറിച്ച് മേഘസന്ദേശത്തിലും രഘുവംശത്തിലും അകംപാട്ടുകളിലുമുണ്ട്. അഗ്നിയില്‍നിന്ന് ഉയിര്‍കൊണ്ട മയിലാണ് മുരുകന്റെ വാഹനമെന്ന് പുറംപാട്ടുകളിലും അകംപാട്ടുകളിലുമുള്ളതുപോലെ കാളിദാസന്റെ മേഘസന്ദേശത്തിലും രഘുവംശത്തിലുമുണ്ട്. ശിവന്റെ കണ്ണിലെ തീജ്വാലകള്‍ ഹിമാലയത്തിലെ ശ്രാവണ പൊയ്കയിലേക്ക് അഗ്നിദേവനും വായുദേവനും ചേര്‍ന്ന് കൊണ്ടുവന്ന് അതില്‍നിന്ന് മുരുകന്‍ ജനിച്ചതിനെക്കുറിച്ച് മേഘസന്ദേശത്തി ലും രഘുവംശത്തിലും വര്‍ണിക്കുന്നതുപോലെ നിരവധി സംഘം കവിതകളിലുമുണ്ട്.

കാളിദാസന്റെ ഹിമാലയ വര്‍ണന വിഖ്യാതമാണല്ലോ. ദേവതാത്മാവായും പര്‍വ്വതങ്ങളുടെ രാജനായുമൊക്കെ വിശേഷിപ്പിക്കുന്ന ഹിമാലയത്തെക്കുറിച്ച് കാളിദാസനുള്ള അറിവ് വിപുലമായിരുന്നു. ഭൂമിയെ അളന്നുതിട്ടപ്പെടുത്താനുള്ള ദണ്ഡാണ് ഹിമാലയം എന്ന പ്രശംസയോടെയാണ് കുമാരസംഭവം ആരംഭിക്കുന്നത്. ഭാരതത്തിന്റെ ഭൂപടമൊന്നും ലഭ്യമല്ലാതിരുന്ന ഒരുകാലത്ത് ഈ ഉപവന്‍കരയുടെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെയുള്ള കാര്യങ്ങളെക്കുറിച്ച് ആ മഹാകവിക്ക് എങ്ങനെ അറിയാന്‍ കഴിഞ്ഞു എന്നത് വിസ്മയകരമാണ്. കാളിദാസന്‍ ദേവതാത്മാവായ ഹിമാലയത്തെക്കുറിച്ച് പറയുന്നത് സംഘംകവികള്‍ അതേപടി ആവര്‍ത്തിക്കുന്നതു കാണാം. സംഘംകവിതയായ പതിറ്റുപ്പത്തില്‍ കവികളായ പാണനാറും കണ്ണനാറും ഈ വിശേഷണം ഉപയോഗിക്കു ന്നു. ‘സുവര്‍ണ ഹിമാലയം’ എന്നുതന്നെയാണ് ചില സംഘം കവിതകളിലുള്ളത്. കാളിദാസന്റെ കൃതികളില്‍നിന്ന് പകര്‍ത്തുകയായിരുന്നു ഇവരെന്ന് കരുതാം.

പാണ്ഡ്യരാജാക്കന്മാരെക്കുറിച്ചും അഗസ്ത്യരെക്കുറിച്ചുമുള്ള കാളിദാസന്റെ രഘുവംശത്തിലെ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. അവഭൃത സ്‌നാനത്തെക്കുറിച്ച് പറയുമ്പോള്‍ പാണ്ഡ്യന്മാര്‍ നടത്തിയ അശ്വമേധ യജ്ഞത്തെക്കുറിച്ച് കാളിദാസന്‍ പരോക്ഷമായി പറയുകയും ചെയ്യുന്നുണ്ട്. മുദുകുടിമി പെരുവഴുതി എന്ന ശക്തനായ രാജാവ് നിരവധി യജ്ഞങ്ങള്‍ നടത്തിയതായി പുറനാനൂറില്‍ പറയുന്നു. ഹിമാലയത്തെക്കുറിച്ചും ഗംഗയെക്കുറിച്ചും അതിലെ ദീപശിഖയെക്കുറിച്ചുമൊക്കെ സംഘംകൃതികളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒന്നാം നൂറ്റാണ്ടില്‍ കാളിദാസന്‍ തമിഴകത്തും പ്രശസ്തനായിരുന്നു എന്നതിന് തെളിവാണിത്.

ചരിത്രത്തിന് എത്തിനോക്കാന്‍ കഴിയാത്ത ഒരുകാലത്തെ ജനജീവിതത്തിന്റെ തുടിപ്പുകള്‍ ഒപ്പിയെടുക്കാന്‍ സാഹിത്യകൃതികള്‍ക്ക് കഴിയും. ഇത്തരം കൃതികളില്‍ നിന്ന് പുതിയ ചരിത്രം ഉയിര്‍കൊള്ളും. ഉപമകളും വര്‍ണനകളുമൊക്കെ ചരിത്രരഹസ്യങ്ങളുടെ പൂട്ടുതുറക്കും. കാളിദാസ കൃതികളും സംഘംകൃതികളും പഠിക്കുമ്പോള്‍ ഭാരതഖണ്ഡത്തിന്റെ അജ്ഞാതമായ ചരിത്രം ആവിര്‍ഭവിക്കും.

✍ശ്യാമള ഹരിദാസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments