1930 സെപ്റ്റംബർ 12 നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് കാവാലത്തു ഇ.നാരായണൻ നമ്പൂതിരിയുടെയും എം. മീനാക്ഷിയമ്മയുടെയും മകനായി അയ്യപ്പ പണിക്കർ ജനിച്ചു . എം.ആർ .ശ്രീപാർവ്വതിയാണ് പത്നി. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ ,മലബാർ ക്രിസ്ത്യൻ കോളേജ് കോഴിക്കോട് , എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 1952 ൽ ഒരു വർഷം കോട്ടയം സി.എം.എസ്. കോളേജിൽ അദ്ധ്യാപകനായി ജോലി നോക്കി പിന്നീട് ദീർഘകാലം തിരുവനന്തപുരം എം.ജി. കോളേജിൽ അധ്യാപകനായിരുന്നു.
കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.1960-ൽ “ദേശബന്ധു” വാരികയിൽ പ്രസിദ്ധീകരിച്ച “കുരുക്ഷേത്രം” എന്ന കവിതയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.”നീതിക്കുവേണ്ടി കരഞ്ഞുഴന്നീടവേ,
ഗീത ചൊല്ലിക്കേട്ടൊരർജ്ജുനനല്ല ഞാൻ” എന്ന വരികൾ ഈ കവിതയിലേതാണ് . അതുവരെയുള്ള കവിതാ സങ്കല്പങ്ങൾ മാറ്റി മറിച്ച കൃതിയാണിത്.1971 ല്‍ അമേരിക്കയിലെ ഇന്‍ഡിയാനാ സര്‍വകലാശാലയില്‍ നിന്നും എം.എ., പി.എച്ച്.ഡി. ബിരുദങ്ങളും നേടി.1990 ൽ സാഹിത്യ അക്കാദമിയുടെ “മധ്യകാല ഭാരതീയ സാഹിത്യം “എന്ന ബൃഹദ് സമാഹാരത്തിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു . സാഹിത്യ സൈദ്ധാന്തികനായിരുന്ന അദ്ദേഹം ചമത്കാരങ്ങളെ ഒഴിവാക്കി മലയാള കവിതാ സാഹിത്യത്തിൽ ഉത്തരാധുനികത കൊണ്ടുവന്നതിൽ പ്രഥമ സ്ഥാനീയനാണ്.
മലയാള കവിതയെ ആഗോള തലത്തിൽ എത്തിക്കുന്നതിലും ,നിരവധി വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തിനെ പ്രതിനിധീകരിച്ചതുകൊണ്ടുമാണ് അദ്ദേഹത്തെ ആഗോള മലയാള കവി എന്ന് പറയുന്നത് .കവിത കൂടാതെ, വിവർത്തകൻ,ചിത്രരചന,സാഹിത്യവിമർശനം,നാടകം,സിനിമ മേഖലകളിലുംസാന്നിധ്യമറിയിച്ചു .
അയ്യപ്പപ്പണിക്കരുടെ കൃതികൾ (നാലു ഭാഗം), കുരുക്ഷേത്രം,അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ (രണ്ടു ഭാഗം), തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം), 10 കവിതകളും പഠനങ്ങളും, കാർട്ടൂൺ കഥകളും മഹാരാജ കഥകളും, പൂക്കാതിരിക്കാൻ എനിക്കാവതില്ല, ഗോത്രയാനം, പൂച്ചയും ഷേക്സ്പിയറും (വിവർത്തനം), ജീബാനന്ദദാസ്, മയക്കോവ്സ്കിയുടെ കവിതകൾ (വിവർത്തനം), സൗത്ത് ബൌണ്ട് (ഇംഗ്ലീഷ് കവിതകൾ) .ഇൻ ദ് സേക്രഡ് നേവൽ ഓഫ് ഔർ ഡ്രീം, (ഇംഗ്ലീഷ്),ഐ കാണ്ട് ഹെല്പ് ബ്ലോസ്സമിങ്(ഇംഗ്ലീഷ്), ക്യൂബൻ കവിതകൾ,ഗുരു ഗ്രന്ഥസാഹിബ്
ഹേ ഗഗാറിൻ, കുടുംബപുരാണം, മൃത്യുപൂജ, കുതിര കൊ മ്പ് എന്നിവയാണ് പ്രധാന കൃതികൾ.
കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് ,ഓടകുഴൽ അവാർഡ്, പദ്മശ്രീ എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് .”യുദ്ധമോ ക്ഷാമമോ മഹാ വ്യാധിയോ വന്നാൽ അതിനെപ്പറ്റി കവിതയെഴുതി വിറ്റു കാശാക്കുന്നവരും നാളെയുടെ പാട്ടു പാടിയതിന്റെ പേരിൽ നാണയം ചോദിക്കുന്ന സ്വാതന്ത്ര്യഗായകനെ”യും വിമർശിച്ച കവിയായിരുന്നു അദ്ദേഹം.
“സ്തുതി പാടുക നാം,
മർത്ത്യനു സ്തുതി പാടുക നാം.
തന്നയൽവക്കത്തരവയർ
നിറയാപ്പെണ്ണിനു
പെരുവയർ നൽകും
മർത്ത്യനു സ്തുതി പാടുക നാം”എന്ന വരികളിലെ പരിഹാസവും
” നീ തന്നെ ജീവിതംസന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെയിരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ” എന്ന
കവിത “വേനൽ “എന്ന സിനിമയിൽ ഉപയോഗിച്ചതിലൂടെയും
“കാടെവിടെ മക്കളെ,
കൂടെവിടെ മക്കളെ ,
കാട്ടു പുൽത്തകിടിയുടെ
വേരെവിടെ മക്കളേ ” എന്ന കവിത “പൂമരം “എന്ന സിനിമയിലും ഉപയോഗിച്ചതിലൂടെയും ജന മനസ്സിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉയരത്തിലെത്തിയെന്നു നിരൂപകർ അഭിപ്രായപ്പെടുന്നു .
കാർട്ടൂൺ കഥകളും മഹാരാജ കഥകളും എന്ന കൃതിയിൽ ഗദ്യകവിതാ സമ്പ്രദായത്തിന്റെ പുത്തൻ തലങ്ങൾ ആവിഷ്കരിച്ചതും,വിമര്‍ശനാത്മകമായ ഹാസ്യവും കവിതകളിൽ സ്വീകാര്യമല്ലതിരിക്കുന്ന പല പദങ്ങളും ഉപയോഗിച്ചും അദ്ദേഹം കവിതയെ ഉത്തരാധുനികതയിലെത്തിച്ചു.അഭിമുഖങ്ങളിൽ നിന്നും കീർത്തി നേടാനായുള്ള പ്രവർത്തനങ്ങളിൽ നിന്നും പൂർണമായും മാറി നിന്നു.
“എനിക്കാവതില്ലേ
പൂക്കാതിരിക്കാൻ…
എനിക്കാവതില്ലേ
കണിക്കൊന്നയല്ലേ…
വിഷുക്കാലമല്ലേ,
പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ” …….
കവിതയെ ജനകീയമാക്കിയ കവി 2006 ഓഗസ്റ്റ് 23- ആം തീയതി കാല യവനികക്കുള്ളിൽ മറഞ്ഞെങ്കിലും അദ്ദേഹം ബാക്കി വെച്ച രചനകൾ മലയാളത്തെ എന്നും പുഷ്പിച്ചു നിർത്തും …..