കൊച്ചു വെളുപ്പാൻ കാലത്ത് മണി നാദം കേട്ടപ്പോൾ രാഘവൻ നായർ കിടക്കയിൽ നിന്നെ ഴുന്നേറ്റു ഫോണെടുത്തു.പരിചയമുള്ള നമ്പറല്ല.
“ഹലോ” പറഞ്ഞ ഉടനെ അങ്ങേ തലക്കൽ നിന്ന്
” എഴുത്തുകാരൻ രാഘവൻനായരല്ലേ ? ”
” അതേ, എന്തു വേണം ? ”
” സർ ഞാൻ വിളിക്കുന്നത്
ഇൻ്റർനാഷണൽ കൾച്ചറൽ ആൻ്റ് ചാരിറ്റബ്ൾസൊസൈറ്റിയിൽ നിന്നാണ്. ഞങ്ങൾ
കേരളത്തിലെ എഴുത്തുകാരിൽ നിന്ന് തിരഞ്ഞെടുത്ത ചുരുക്കം
ചിലർക്ക് അവാർഡ് കൊടുക്കാൻ തീരുമാനിച്ചതിൽ സീനിയർ എഴുത്തുകാരനായ
താങ്കളേയും ഉൾപെടുത്തിട്ടുണ്ട്. ”
രാഘവൻ നായരുടെ മനസ്സി ലഡു പൊട്ടി.
” അതേ യോ ?അതിന് ഞാനെന്താ ചെയ്യേണ്ടത്? ”
” അടുത്ത മാസം ഇരുപത്തിയഞ്ചിന് തിരുവന്തപുരത്തേക്കു വരാൻ തയ്യാറെടുക്കണം.
ബഹുമാനപെട്ട മന്ത്രിയിൽ നിന്ന് അവാർഡ് നേരിട്ടു വാങ്ങാൻ. മൊമെൻ്റോയും പ്രശസ്തിപത്രവുമാണ് സമ്മാനം. പിന്നെ നിങ്ങളുടെ നല്ലൊരു ഫോട്ടോ ഞാൻ പറഞ്ഞു
തരുന്ന വാട്സപ്പ് നമ്പറിലേക്ക് മുൻകൂട്ടിഅയച്ചു തരണം, മൊമെന്റോയിലേക്കുള്ളതാണ്. പിന്നെ , ഇതൊരു
ചാരിറ്റി സ്ഥാപന മാണല്ലോ, ചാരിറ്റി പ്രവർത്തന ഫണ്ടിലേക്കു താങ്കൾ 25000 രൂപ സംഭാവ ചെയ്യണം.
ഇത്രയും മതി. ”
“അത്ര വലിയ സംഖ്യ തരാൻ എന്നെ കൊണ്ടാവില്ല. സംഭാവന കുറച്ചുകൂടെ?”
“നിങ്ങൾക്ക് അവാർഡ് വേണ്ടെ ?”
”വേണ്ടാന്ന് ഞാമ്പറഞ്ഞോ ഇപ്പോ എഴുത്തൊക്കെ കുറവാ അതോണ്ടാണ്
സംഖ്യ കുറക്കാൻ പറഞ്ഞത്. ”
” അഞ്ചു കുറക്കാം ”
” അത്ര കുറച്ചാൽ പോരാ ”
” പതിനഞ്ചിൽ ഉറപ്പിക്കാം.
ഇനി കുറക്കാൻ പറ്റില്ല ”
” പത്ത് എങ്ങനെയെങ്കിലും
ഒപ്പിക്കാം അതിലപ്പുറം പറ്റില്ല. ”
” ഒരു മുതിർന്ന എഴുത്തുകാരൻ എന്ന നിലക്ക് വിട്ടുവീഴ്ച ചെയ്യുകയാണ്. സംഖ്യ 9538721618 എന്ന നമ്പറിൽ ഗൂഗിൽ പെ
ചെയ്താൽ മതി. ഇതേ നമ്പറിലെ വാട്സപ്പിലേക്കാണ് ഫോട്ടോ അയക്കേണ്ടത്.
രണ്ട് ദിവസത്തിനുള്ളിൽ അയച്ച് സ്ക്രീൻഷോട്ടെടുത്ത് ഇതേ നമ്പറിലേക്കയക്കുക . ”
” രണ്ടീസം പോരാ ഒരാഴ്ച സമയം വേണം”
“അത്ര വേണോ? ”
“വേണം , പലരിൽ നിന്നായി ഒപ്പിക്കേണ്ടതാ ”
“ഉം അതും സമ്മതിക്കുന്നു.
പിന്നെ താങ്കൾ കൂടുതൽ
എഴുതുന്ന കവിതയാണോ
കഥയാണോ? ”
” ഇതുരണ്ടുമല്ല. ”
” പിന്നെ നിരൂപണങ്ങളാണോ? ”
” അതുമല്ല. ”
“ലേഖനങ്ങളാവും. ”
“അതൊന്നുമല്ല ഞാനെഴുതുന്നത് ആധാരങ്ങളാണ്. തീരാധാരം , ഭാഗപത്രം ,
കരാർ തുടങ്ങിയവ. ”
പറഞ്ഞു തീരുന്നതിന്
മുമ്പേ മറുതലക്കൽ
ഫോൺ കട്ടാക്കി.
വീരാൻ അമരിയിൽ.
മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി