ന്യൂഡല്‍ഹി: യുക്രൈനുമായുള്ള സംഘര്‍ഷത്തില്‍ റഷ്യയെ പേരെടുത്ത് പറയാതെ ജി20 ഡല്‍ഹി പ്രഖ്യാപനം. മറ്റു രാജ്യങ്ങളെ ആക്രമിക്കരുതെന്നും ആണവായുധങ്ങള്‍ പ്രയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കന്മാരുടെ പ്രഖ്യാപനം എന്ന് പേരിട്ടിരിക്കുന്ന സംയുക്ത പ്രസ്താവനയില്‍ പറയുന്നു. പേരെടുത്ത് പറയാതെയുള്ള പരാമര്‍ശം റഷ്യയെ സംബന്ധിച്ച് നേട്ടമാണ്.
യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തി എന്ന് രേഖയില്‍ വേണമെന്നാണ് കഴിഞ്ഞ ഉച്ചകോടി മുതല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യരാജ്യങ്ങളുടെ നിലപാട്. സംയുക്തപ്രഖ്യാപനത്തില്‍ ഇത്തരത്തിലുള്ള പരാമര്‍ശം പാടില്ലെന്നായിരുന്നു റഷ്യയുടേയും ചൈനയുടേയും ആവശ്യം. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാനുള്ള ഇന്ത്യന്‍ ശ്രമമാണ് വിജയിച്ചിരിക്കുന്നത്. പലതവണ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായമുണ്ടായത്.
‘സുഹൃത്തുക്കളേ, നമുക്കൊരു സന്തോഷവാര്‍ത്തയുണ്ട്. നമ്മുടെ സംഘത്തിന്റെ കഠിനപ്രയത്‌നംകൊണ്ടും നിങ്ങളെല്ലാവരുടേയും സഹകരണംകൊണ്ടും, ന്യൂഡല്‍ഹി ജി20 ലീഡേഴ്‌സ് ഡിക്ലറേഷനില്‍ സമവായം ഉണ്ടായിരിക്കുന്നു’, ടെലിവിഷന്‍ അഭിസംബോധനയില്‍ പ്രധാനമന്ത്രി പറഞ്ഞു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച വിദേശമന്ത്രിമാര്‍, ഷെര്‍പ്പകള്‍, മറ്റ് അധികൃതര്‍ എന്നിവര്‍ക്കടക്കം നരേന്ദ്രമോദി നന്ദി പറഞ്ഞു.
എല്ലാരാജ്യങ്ങളും ഐക്യരാഷ്ട്രസംഘടനയുടെ ഉദ്ദേശങ്ങള്‍ക്കും തത്വങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കണമെന്നായിരുന്നു യുക്രൈന്‍ യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശം. യു.എന്‍. ചാര്‍ട്ടറിന് അനുസരിച്ച്, മറ്റുരാജ്യങ്ങളുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരായി ഭൂപ്രദേശം പിടിച്ചെടുക്കാനുള്ള ശ്രമവും ഭീഷണികളും ബലപ്രയോഗവും അവസാനിപ്പിക്കണം. ആണവായുധങ്ങളുടെ ഉപയോഗം അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
രാജ്യാന്തര നിയമങ്ങളുടെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നതായും പ്രസ്താവനയിലുണ്ട്. സംഘര്‍ഷങ്ങളില്‍ സമാധാനപരമായ പരിഹാരം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാുള്ള ശ്രമം, നയതന്ത്രം, ചര്‍ച്ച എന്നിവ പ്രധാനമാണ്. ആഗോള സമ്പദ് വ്യവസ്ഥയിലെ യുദ്ധത്തിന്റെ പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തില്‍ ഒന്നിക്കുകയും യുക്രൈനില്‍ സമഗ്രവും നീതിപൂര്‍വവും ശാശ്വതവുമായ സമാധാനത്തെ പിന്തുണയ്ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികളെ സ്വാഗതം ചെയ്യും. ഇന്നത്തെ കാലഘട്ടം യുദ്ധത്തിന്റേതല്ലെന്നും പ്രസ്താനവയില്‍ പറയുന്നു.
കോവിഡിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന, വിശേഷിച്ച് വികസ്വര രാജ്യങ്ങളേയും കുറഞ്ഞ വികസിത രാജ്യങ്ങളേയും യുക്രൈന്‍ യുദ്ധം മോശമായി ബാധിച്ചുവെന്ന് പ്രസ്താവനയിലുണ്ട്. ആഗോള ഭക്ഷ്യ- ഊര്‍ജ്ജ സുരക്ഷ, വിതരണ ശൃംഖല, മാക്രോ ഫിനാന്‍ഷ്യല്‍ സ്ഥിരത, പണപ്പെരുപ്പം, വളര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട് യുക്രൈനിലെ യുദ്ധം കഷ്ടപ്പാടുകളും പ്രത്യാഘാതങ്ങളും ഉണ്ടാക്കിയിരിക്കുന്നുവെന്നും പ്രഖ്യാപനത്തിലുണ്ട്.