പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരവാദികൾക്ക് ശക്തമായ മറുപടി നൽകും. ഭീകരരെ തേടിപ്പിടിച്ച് ഇല്ലാതാക്കും. ഭീരുത്വമുള്ള ആക്രമണം ആരുടെയും വിജയമാണെന്ന് കരുതേണ്ട. ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ലോകം മുഴുവന്‍ ഇന്ത്യക്കൊപ്പമാണെന്നും അമിത് ഷാ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആദ്യ പരസ്യ പ്രതികരണമാണിത്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്റെ ത്രീഡി മാപ്പിങ് തയ്യാറാക്കാൻ എൻഐഎ. ഉപഗ്രഹ ചിത്രങ്ങൾ, അന്വേഷണ സംഘം ചിത്രീകരിച്ച പുൽമേടിന്റെ വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയ സാങ്കേതിക ഡാറ്റകൾ എന്നിവയുമായി ചേർത്താണ് 3D മാപ്പിങ് തയ്യാറാക്കുന്നത്. ഭീകരരുടെ കൃത്യമായ ദൃശ്യവൽക്കരണം ത്രീഡി മാപ്പിങിലൂടെ സാധ്യമാകും.
സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് മാപ്പിങ് തയ്യാറാക്കുന്നത്. ആളുകളെ ആക്രമണം ഉണ്ടായ മേഖലയിലേക്ക് എത്തിക്കാതെ തന്നെ ചോദ്യം ചെയ്യുമ്പോൾ ഇത് ഉപയോഗിക്കാൻ കഴിയും. എൻ ഐ എ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ത്രീഡി മാപ്പിങ് തയ്യാറാക്കുന്നത്.