ഇന്ത്യയിലെ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനായ ഡോ.സി.വീ. രാമന്‍, 1928 ഫെബ്രുവരി 28 നു രാമൻ പ്രഭാവം (രാമൻ എഫെക്റ്റ്) കണ്ടെത്തിയതിന്റെ ഓര്‍മ്മയ്‌ക്കാണ് 1986ല്‍ ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി 1987 മുതല്‍ ഫെബ്രുവരി 28ന് ദേശീയ ശാസ്ത്ര ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. വത്യസ്ത പ്രമേയത്തോടെ വിപുലമായ ആഘോഷങ്ങളാണ് രാജ്യത്തു ഈ ദിനത്തിൽ സംഘടിപ്പിക്കുന്നത് .2023 ദേശീയശാസ്ത്ര ദിനത്തിന്റെ വിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത് “ശാസ്ത്രം ആഗോള നന്മയ്‌ക്ക്” എന്നതാണ് എങ്കിൽ 2024 ൽ “വികസിത ഭാരതിനുള്ള തദ്ദേശീയ സാങ്കേതികവിദ്യകൾ”എന്നതാണ് .
1888 നവംബർ7-ന്, തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ, ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും രണ്ടാമത്തെ മകനായി ബ്രാഹ്മണ കുടുംബത്തിലാണ് ചന്ദ്രശേഖര വെങ്കിട്ടരാമൻ എന്ന ഡോ.സി.വീ. രാമന്‍ ജനിച്ചത്. അദ്ദേഹം ജാതി മത ചട്ടക്കൂടിൽ ജീവിക്കാൻ ആഗ്രഹിച്ചില്ല . നാലുവയസ്സുള്ളപ്പോൾ, പിതാവിന് ഭൗതികശാസ്ത്ര അദ്ധ്യാപകനായി വിശാഖപട്ടണത്തുള്ള കോളേജിൽ ജോലി ലഭിച്ചു.അച്ചനോടൊപ്പം വിശാഖ പട്ടണത്തെത്തിയതോടെ വിദ്യാഭ്യാസകാലഘട്ടത്തിൽ നല്ലൊരു പഠനാന്തരീക്ഷം ലഭിച്ചു. അദ്ദേഹത്തിന് ഭൗതികശാസ്ത്രത്തിൽ ഏറെ താല്പര്യമുണ്ടായിരുന്നു. ഒരു ഡൈനാമോ അക്കാലത്തു സ്വയം നിർമ്മിച്ചു. ആരോഗ്യ സ്ഥിതി ദുര്ബലമായിരുന്നെങ്കിലും ബുദ്ധിശക്തിയിൽ ഉന്നതനിലവാരം പുലർത്തി .പതിനൊന്നാമത്തെ വയസ്സിൽ മെട്രിക്കുലേഷൻ ഒന്നാമനായി വിജയിച്ചു. പിന്നീടദ്ദേഹം അച്ഛൻ പഠിപ്പിച്ചിരുന്ന എ.വി.എൻ. കോളേജിൽത്തന്നെ ഇന്റർമീഡിയേറ്റിന് ചേർന്നു. ഒന്നാമനായിത്തന്നെ ഇന്റർമീഡിയേറ്റും വിജയിച്ചു.1903-ൽ, മദ്രാസിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിൽ ബിരുദപഠനത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായി. അദ്ധ്യാപകരെല്ലാം പ്രഗൽഭരായ പാശ്ചാത്യരായിന്നു . 1904-ൽ സ്വർണമെഡലുകൾ നേടിക്കൊണ്ട് ഇംഗ്ലീഷിലും ഭൗതികശാസ്ത്രത്തിലും ബിരുദം നേടി 1907-ൽ, രാമൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് തന്നെ ബിരുദാനന്തര ബിരുദവും നേടി. ശാസ്ത്രപഠനം തുടരുന്നതിന് ശാസ്ത്രഗവേഷണത്തിനുള്ള സാഹചര്യങ്ങളൊന്നും അന്നത്തെ കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഫിനാൻഷ്യൽ സിവിൽ സർവ്വീസിന് (എഫ്.സി.എസ്.) ശ്രമിക്കുകയും 1907-ൽ എഫ്.സി.എസ്. പരീക്ഷ വിജയിക്കുകയും ചെയ്തു.പരീക്ഷ പാസ്സായി ജോലി ലഭിക്കുന്നതിനുതൊട്ടുമുമ്പുള്ള ഒരു ചെറിയ ഇടവേളയിൽ “ലോകസുന്ദരി” എന്ന പേരുള്ള സ്ത്രീയുമായി വിവാഹം നടന്നു .
1907 ജൂണിൽ അസിസ്റ്റൻറ് അക്കൗണ്ടന്റ് ജനറലായി കൽക്കട്ടയിൽ ജോലിയിൽ പ്രവേശിച്ചു. ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (ഐ.എ.സി.എസ്.) എന്ന സ്ഥാപനത്തിനടുത്തായിരുന്നു താമസം . ജോലികഴിഞ്ഞുള്ള സമയം അവിടത്തെ പരീക്ഷണശാലയിൽ ഗവേഷണം നടത്തുന്നതിന് അനുവാദം ലഭിച്ചത് വലിയ അനുഗ്രഹമായി .ജോലിസമയത്തിനു ശേഷം അതിരാവിലേയും രാത്രിയിലുമായി ഗവേഷണ പ്രവർത്തനങ്ങളിലേർപ്പെട്ടു. ജോലിയും ഗവേഷണവുമായി ജീവിതം നീങ്ങുന്നതിനിടയിൽ തന്റെ ഗവേഷണഫലങ്ങൾ അപ്പപ്പോൾതന്നെ പ്രസിദ്ധീകരിച്ചിരുന്നു. തൽഫലമായി, 1912-ൽ കർസൺ റിസർച്ച് പ്രൈസും 1913-ൽ വുഡ്‌ബേൺ റിസർച്ച് മെഡലും അദ്ദേഹത്തിനു ലഭിച്ചു.
ഇന്ത്യക്കാരനായ ആദ്യ സർവകലാശാല വൈസ് ചാൻസലർ സർ. അഷുതോഷ് മുഖർജിയുടെ ക്ഷണം സ്വീകരിച്ച് 1917ൽ സർക്കാർ ഉദ്യോഗം രാജിവെച്ച് കൽക്കത്ത യൂണിവേഴ്‌സിറ്റി സയൻസ് കോളേജിൽ ഭൗതികശാസ്ത്ര വിഭാഗം മേധാവിയായി സ്ഥാനമേറ്റു. സർക്കാർ ജോലിയിൽ ലഭിച്ചിരുന്നതിന്റെ പകുതി ശമ്പളത്തിലാണ് കൽക്കത്ത സർവകലാശാലയിൽ പാലിറ്റ് പ്രൊഫസറായി നിയമിതനാകുന്നത്. 1917-ൽ രാജാബസാർ സയൻസ് കോളേജിൽ പാലിറ്റ് ഫിസിക്‌സ് പ്രൊഫസറായി നിയമിതനായ ആദ്യ വ്യക്തിയാണ് രാമൻ.അതോടെ ജോലിയുടെ തലവേദനകളില്ലാതെ മുഴുവൻ സമയവും ശാസ്ത്രഗവേഷണം നടത്താൻ കഴിഞ്ഞു. സർവകലാശാലയിൽ പ്രൊഫസറാണെങ്കിലും, ഗവേഷണം മുഴുവൻ ഇന്ത്യൻ അസോസിയേഷനിൽ തന്നെയായിരുന്നു. അദ്ദേഹത്തോടൊപ്പം ഇന്ത്യൻ അസോസിയേഷനും വളർന്നു. പുതിയ കണ്ടുപിടിത്തങ്ങളും ശാസ്ത്ര പ്രസിദ്ധീകരണങ്ങളും ശാസ്ത്രക്ലാസുകളും ഉൾപ്പടെ ഇന്ത്യയുടെ ഭൗതീക ശാസ്ത്രത്തിന്റെ കേന്ദ്രമായി അവിടം മാറി അദേഹത്തിന് കീഴിൽ ഗവേഷണം നടത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളും അവിടെ തമ്പടിച്ചു. ഒടുവിൽ അദ്ദേഹം ഇന്ത്യൻ അസോസിയേഷന്റെ സെക്രട്ടറിയുമായി.
1924-ൽ, ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റിയിലെ അംഗമായി 36 വയസ്സ് പ്രായമുള്ളപ്പോൾ തെരഞ്ഞെടുക്കപ്പെട്ടു. 1924-ൽ ബ്രിട്ടീഷ് അസോസിയേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് സയൻസ്ന്റെ ക്ഷണപ്രകാരം കാനഡയിലേക്കു പോയി. അവിടെ വെച്ച് പ്രസിദ്ധശാസ്ത്രജ്ഞനായ ടൊറെന്റോയുമായി പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസത്തെക്കുറിച്ച് ചർച്ചചെയ്തു. കാനഡയിൽ നിന്നും ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശതാബ്ദി ആഘോഷങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തി ഇതിനെത്തുടർന്ന് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നോർമൻ ബ്രിഡ്ജ് പരീക്ഷണശാലയിൽ വിസിറ്റിംഗ് പ്രോഫസറായി നാലുമാസം ജോലി നോക്കി. അമേരിക്കയിൽ വച്ച് പല ശാസ്ത്രജ്ഞരേയും പല പരീക്ഷണശാലകളും സന്ദർശിക്കാൻ അവസരം ലഭിച്ചത് നിർണ്ണായകമായി. 1925 ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി, ആ വർഷം ഓഗസ്റ്റിൽ അദ്ദേഹം റഷ്യയിലെ സയൻസ് അക്കാദമിയുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയി. 1929-ൽ ബ്രിട്ടനിൽ നിന്നും സർ ബഹുമതിയും ലഭിച്ചു.
1921ൽ യൂറോപ്പിൽ നിന്നുള്ള കപ്പൽയാത്രയിൽ കടലിന്റെ നീലനിറം നിരീക്ഷിച്ചുകൊണ്ട് അദ്ദേഹം ആരംഭിച്ച പ്രകാശപഠനത്തിന്റെ തുടർച്ചയായാണ്
കടൽ വെളളത്തിന് നീലനിറം ലഭ്യമാകുന്നത്, ആകാശത്തിന്റെ പ്രതിഫലനത്തിലൂടെയാകാനിടയില്ലെന്നും പ്രകാശത്തിന് രൂപ പരിണാമം സംഭവിക്കുന്നതാണെന്നും അദ്ദേഹം സംശയിച്ചതും നീണ്ട ആറുവര്‍ഷത്തെ അദ്ദേഹത്തിന്റെ തുടര്‍ച്ചയായ അധ്വാനം പുതിയൊരു പ്രതിഭാസത്തിന്റെ നിര്‍വ്വചനത്തിലേക്കദ്ദേഹത്തെ നയിച്ചു. സമുദ്ര ജലത്തിന്റെ തന്മാത്രകള്‍ സൂര്യപ്രകാശത്തെ വ്യത്യസ്തനിറങ്ങളില്‍ പ്രസരിപ്പിക്കും. സൂര്യപ്രകാശത്തില്‍ നിന്ന് പ്രസരിക്കുന്ന ഈ വ്യത്യസ്ത നിറങ്ങള്‍ക്ക് വ്യത്യസ്ത തരംഗ ദൈര്‍ഘ്യമായതിനാല്‍ തരംഗദൈര്‍ഘ്യം കുറവുളള നീലനിറം കടല്‍വെളളത്തിന് മുകളില്‍ ചിതറുന്നതുമൂലമാണ് കടല്‍വെളളത്തിന് നീലനിറം ലഭിക്കുന്നത് . തുടർന്ന് 1928 ഫെബ്രുവരി 28 ‘രാമൻ പ്രഭാവം’ കണ്ടുപിടിച്ചത്.
“ഒരു സുതാര്യമാധ്യമത്തിലൂടെ കടന്നു പോകുമ്പോൾ പ്രകീർണ്ണനം (dispersion) സംഭവിക്കുന്ന ഏകവർണ്ണപ്രകാശത്തിൽ (monochromatic light) ചെറിയൊരു ഭാഗത്തിന് തരംഗദൈർഘ്യത്തിൽ വ്യത്യാസമുണ്ടാകുന്ന പ്രതിഭാസം ആണ് രാമൻ പ്രഭാവം പ്രകീർണ്ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തിൽ കൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു. ഈ പുതിയ രേഖകളെ രാമൻ രേഖകൾ എന്നും ഈ വർണരാജിയെ രാമൻ വർണരാജി (രാമൻ സ്പെക്ട്രം) എന്നും പറയുന്നു.
1930ൽ നൊബേൽ പുരസ്‌കാരം നേടിയ അദ്ദേഹം , 1933ൽ ബാംഗ്ലൂരിലെ ‘ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസി’ന്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്ടറായി ചുമതലയേറ്റു. ആരോടും വിട്ടുവീഴ്ച ചെയ്യാത്ത സ്വാഭാവമായിരുന്നതിനാൽ ആണ് കൊൽക്കത്തയിൽ നിന്ന് പുറത്തു പോകേണ്ടി വന്നത്. 1933-ൽ കൊൽക്കത്ത വിട്ട് ബാംഗ്ലൂരിലേക്ക് ചെക്കേറുമ്പോൾ ഭൗമശാസ്ത്രജ്ഞൻ സർ എൽ.എൽ. ഫെർമോർ പറഞ്ഞത് “കൽക്കത്തയുടെ നഷ്ടം ബാംഗ്ലൂരിന്റെ നേട്ടമാകും. നിലവിൽ ഇന്ത്യയിൽ ശാസ്ത്രഗവേഷണത്തിന്റെ ആസ്ഥാനം കൽക്കത്തയാണ്. എന്നാൽ, ഇവിടുത്തെ പ്രധാന ശാസ്ത്രജ്ഞരിലൊരാൾ ബാംഗ്ലൂരിലേക്ക് മാറുന്നതോടെ കൽക്കത്തയ്ക്ക് ആ ആടയാഭരണം അഴിച്ചുവെയ്‌ക്കേണ്ടി വരും”എന്നത് അറം പറ്റി .അന്ന് വരെ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ബാംഗ്ലൂർ ഇന്ന് ഇന്ത്യയുടെ ‘ശാസ്ത്ര തലസ്ഥാനം’ എന്ന വിശേഷണം നേടിയെടുത്തത് അദ്ദേഹം അവിടെയെത്തിയതിന്റെ പ്രതിഫലനം ആണെന്ന് എത്രപേർക്ക് അറിയാം .
1948 നവംബറിൽ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് വിരമിച്ച അദ്ദേഹം , അതിനടുത്തു തന്നെ തന്റെ സ്വന്തം സ്ഥാപനമായ ‘രാമൻ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട്’ (RRI) സ്ഥാപിച്ച് ഗവേഷണം തുടർന്നു.1954-ൽഅദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു 1970 നവംബർ 21 ന് 82-മത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു . അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യാതൊരുവിധത്തിലുള്ള മതപരമായ ചടങ്ങുകളും ഇല്ലാതെ രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചു.
രാജ്യ പുരോഗതിയും ജനങ്ങളുടെ ഉന്നമനവും വിദ്യാർത്ഥികൾക്ക് നിരീക്ഷണ പാടവം വളർത്തുകയുമാണ് ശാസ്ത്ര ദിനം കൊണ്ട് അർത്ഥമാക്കുന്നത് .അമേരിക്കന്‍ ശാസ്ത്രജ്ഞനായിരുന്ന കാള്‍ എഡ്വേര്‍ഡ് സാഗന്റെ വാക്കുകളില്‍, ‘ശാസ്ത്രം ആത്മീയതയുമായി ഒത്തുപോകും എന്നു മാത്രമല്ല, അത് ആത്മീയതയുടെ ഒരു മഹനീയ സ്രോതസ്സുമാണ്’ എന്ന നിർ വചനത്തിന്റെ പ്രസക്തി വലുതാണ് .
ശാസ്ത്രത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും അത് നേർവഴിയിൽ ഉപയോഗിക്കുവാന്‍ സമൂഹത്തെ പ്രാപതമാക്കാൻ ആഹ്വനം ചെയ്യുക
എന്ന വലിയ ദൗത്യം ഈ ദിനത്തിലുണ്ട് .വലിയ പ്രതീക്ഷയുടെ നാളെകൾ സ്വപ്നം കാണുന്നുണ്ട് നമ്മുടെ രാജ്യം. ശാസ്ത്രവും ആത്മീയതയും പരസ്പര നിഷേധങ്ങളാണന്ന വ്യഖ്യാനത്തിനു വർത്തമാന കാലത്തു ഒരു പ്രസക്തിയുമില്ല എന്നാൽ ആത്മീയതയുടെ രാമന്റെ മുന്നിൽ ശാസ്ത്രത്തിന്റെ രാമനെ നിഷ്പ്രഭമാക്കാനുള്ള ശ്രമങ്ങൾ നമ്മുടെ രാജ്യത്തെ നൂറ്റാണ്ടുകൾ പുറകോട്ടടിക്കും .അത് ഭരണാധികാരികളും ഉദ്യോഗസ്ഥ വൃന്ദവും അധ്യാപകരും തിരിച്ചറിയുക എന്നതാണ് ഈ ശാസ്ത്ര ദിനത്തിൽ എടുത്തു പറയേണ്ടത് .
ദേശീയ ശാസ്ത്ര ദിനാശംസകൾ …