തൃപ്തി വരുത്തുന്നവൻ (യോഹ.4:7 -14)
“സ്ത്രീ അവനോട്: യജമാനനെ എനിക്കു ദാഹിക്കാതെയും, ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്, ആ വെളളം എനിക്കു തരേണം
എന്നു പറഞ്ഞു” (വാ.15).
കിളികൾ പഴം കൊത്തിത്തിന്നുന്നതു നോക്കി നിന്നിട്ടുണ്ടോ? എത്ര തപ്തിയിലും നിറവിലുമാണവ തങ്ങളുടെ ഭക്ഷണം കഴിക്കുന്നത്? മനുഷ്യർ മാത്രം എങ്ങനെ
യാണു ഇത്ര അസംതൃപ്തരായി മാറിയത്? യേശു എന്ന മനുഷ്യനിൽ നിന്നും നാം വായിച്ചെടുക്കേണ്ട പ്രധാന പാഠം തൃപ്തിയുടേത് ആണ്. എന്തെല്ലാം പരാതികൾക്കു സാദ്ധ്യതയുള്ള ഒരു ഇടത്തിലാണു താൻ പിറന്നു വീണതു തന്നെ. എന്നാൽ, എത്ര പെട്ടന്നാണു ആ പുൽക്കൂട് ഒരു കൊട്ടാരത്തെ വെല്ലുന്ന ഇടമായി രൂപാന്തരപ്പെട്ടത്?
എല്ലായിടത്തും എല്ലാവരോടും എല്ലാറ്റിനോടും താൻ പൂർണ്ണ തൃപ്തിയിലായിരുന്നു. യേശുവിനേക്കുറിച്ചുള്ള ഒരു നാടോടിക്കഥ ഇപ്രകാരമാണ്: യേശുവും ശിഷ്യരും കൂടി നടന്നു പോകുമ്പോൾ വഴിയിൽ ഒരു പട്ടി ചത്തു കിടന്നിരുന്നു. ദുർഗന്ധം വമിച്ചിരുന്ന അതിനെ നോക്കി ആളുകൾ മൂക്കുപൊത്തുയും, അതിന്റെ വിരൂപതയേക്കുറിച്ചു സംസാരിക്കുകയും ചെയ്തപ്പോൾ, യേശു പറഞ്ഞുവത്രെ: “നോക്കൂ, അതിന്റെ പല്ല് എത്ര സുന്ദരമായിരിക്കുന്നു!”
എല്ലാ അവസ്ഥകളിലും താൻ ആഴമായ മനോ സ്വസ്ഥതയും ശാന്തിയും അനുഭവിച്ചിരുന്നു. അവനല്ലാതെ ആർക്കാണ്: വലിയ ഓളം ഉണ്ടായിട്ടു പടക് മുങ്ങുമാറായ അവസ്ഥയിൽ, മറ്റുള്ളവർ അടുത്തു ചെന്നു അവനെ ഉണർത്തുമാറ്,
വള്ളത്തിൽ കിടന്നുറങ്ങാനാകുക? (മത്താ. 8:24, 25).
അവനല്ലാതെ മറ്റാർക്കാണു കുരിശിൽ കിടന്നു കൊടിയ വേദന അനുഭവിച്ചുകൊണ്ടുതന്നെ, “പിതാവേ, എന്റെ പ്രാണനെ തൃക്കയ്യിൽ ഏല്‌പിക്കുന്നു” (ലൂക്കോ.23:46) എന്നും, “എല്ലാം നിവർത്തിയായി” (യോഹ.19:30) എന്നും പറയാനാകുക?
ധ്യാന ഭാഗത്തു നാം കാണുന്നത്, ജീവിതത്തിൽ ഇപ്രകാരം തൃപ്തി അനുഭവിച്ചവൻ, ജീവിതത്തിൽ ഒരിക്കലും അതു അനുഭവിച്ചിട്ടില്ലാത്ത ശമര്യാസ്ത്രീയോടു ” ഈ വെള്ളം കുടിക്കുന്നവനു പിന്നേയും ദാഹിക്കും; ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്ന വനു ഒരു നാളും ദാഹിക്കയില്ല” എന്നു പറയുന്നതുമാണ്! (വാ.13). അവൾ ആ വെള്ളത്തിൽ ആകൃഷ്ടയായി എന്നതിലും അതു കുടിച്ചു തൃപ്തയായി എന്നതിലും എന്താണത്ഭുതം? അവൻ ആ ജലം നമുക്കും തരുവാൻ സന്നദ്ധനാണ്? നമുക്കും അവന്റെ അടുക്കൽ ചെല്ലുകയും, അതു വാങ്ങിക്കുടിച്ചു തൃപ്തരാകുകയും ചെയ്യാം. ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: ദൈവത്തിൽ രൂപതി കണ്ടെത്തിയവർക്കു മാത്രമേ, യാഥാർത്ഥ തൃപ്തി കണ്ടെത്താനാകൂ!