അനർഹമായി സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയ 1457 സർക്കാർ ജീവനക്കാരുടെ പക്കൽ നിന്ന് 18 ശതമാനം പലിശ നിരക്കിലായിരിക്കും അനർഹമായി കൈപ്പറ്റിയ പെൻഷൻ സർക്കാർ തിരിച്ചു പിടിക്കുന്നത്. ലിസ്റ്റിൽ ഭൂരിഭാഗവും പാർട്ട് ടൈം ജീവനക്കാരാണുള്ളത്.
സർക്കാർ സർവ്വീസിൽ ഇല്ലെന്നും ആദായ നികുതി നൽകുന്നില്ലെന്നുമുള്ള സത്യവാങ്മൂലം നൽകിയെങ്കിലെ സാമുഹ്യ ക്ഷേമ പെൻഷന് അർഹതയുണ്ടാവു. സർക്കാർ രേഖകളിൽ കൃത്രിമം കാണിച്ചെങ്കിലേ സർക്കാർ ജീവനക്കാർക്ക് പെൻഷൻ പട്ടികയിൽ കയറിപ്പറ്റാനാകൂ.
കടുത്ത വ്യവസ്ഥകളുണ്ടായിട്ടും എത്രയേറെ അനർഹർ പെൻഷൻ കൈപ്പറ്റിയത് രേഖകളിൽ തിരിമറി നടന്നതിന്റെ തെളിവാണ്. പെൻഷൻ പട്ടിക പരിശോധിക്കേണ്ട തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പങ്കും ഇതിൽനിന്ന് വ്യക്തമാണ്. നടപടിയെടുക്കാൻ കാലതാമസമുണ്ടായതെന്തെന്ന ചോദ്യവും ധന വകുപ്പിനെതിരെ ഉയരുന്നുണ്ട്.
അതേ സമയം 2023 ലെ റിപ്പോര്‍ട്ടിൽ സര്‍ക്കാര്‍ ജീവനക്കാരും പെൻഷൻകാരും അടക്കമുള്ളവര്‍ സാമൂഹ്യ സുരക്ഷാ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സിഎജി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്