മലപ്പുറം: ഒമ്പത് മാസത്തിനിടെ മൂന്ന് നിപ കേസുകൾ, രണ്ട് മരണം, ഒരാൾ തീവ്രപരിചരണ വിഭാഗത്തിലും. രോഗബാധിതരെല്ലാം 50 കിലോമീറ്റർ ചുറ്റളവിലുള്ളവർ. മലപ്പുറം ജില്ലയിലെ നിപയുടെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണിത്. ഒരുപാരിസ്ഥിതിക മേഖലയിൽ നിപ ഒരുതവണ പൊട്ടിപ്പുറപ്പെട്ടാൽ പിന്നീടുള്ള വർഷങ്ങളിലും അവിടങ്ങളിൽ രോഗം ആവർത്തിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന ഗവേഷണ പഠനങ്ങൾ ശരിയെന്ന് തെളിയിക്കുകയാണ് മലപ്പുറത്തെ തുടർച്ചയായുള്ള നിപ കേസുകൾ. രോഗം ആവർത്തിക്കുമ്പോഴും ഉറവിടവും എങ്ങനെ രോഗപ്പകർച്ച ഉണ്ടായി എന്നതും ഇപ്പോഴും അജ്ഞാതമാണ്.
2024 ജൂലായ് 21ന് പാണ്ടിക്കാട് 14കാരനും സെപ്തംബർ 15ന് തിരുവാലിയിൽ 24കാരനും മരണപ്പെട്ടതിന് പിന്നാലെ മഞ്ചേരി മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തെ പഠനത്തിനായി ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ റിപ്പോർട്ട് തയ്യാറായിട്ടില്ല. തുടക്കത്തിൽ നടത്തിയ വിവരശേഖരണം ഒഴിച്ചുനിറുത്തിയാൽ പിന്നീട് പഠനത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നാണ് വിവരം. പഠനത്തിന് മഞ്ചേരി മെഡിക്കൽ കോളേജിനെ ആണ് ചുമതലപ്പെടുത്തിയതെന്നും മറ്റ് വിവരങ്ങളൊന്നും അറിയില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക പറഞ്ഞു. വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രത്യേക ക്ലിനിക്ക് ഒരുക്കിയിട്ടുണ്ട്.
ലക്ഷണങ്ങളുള്ളവരെ ഐസൊലേഷനിൽ പാർപ്പിക്കാനും സൗകര്യമൊരുക്കി. മറ്റ് നിർദ്ദേശങ്ങളൊന്നും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. പ്രിയ രാമചന്ദ്രൻ പറഞ്ഞു.തിരുവാലിയിൽ 24കാരൻ മരണപ്പെട്ടതിന് ശേഷമാണ് നിപ സ്ഥിരീകരിച്ചത്. രോഗ ഉറവിടം ഇപ്പോഴും അജ്ഞാതമാണ്. പാണ്ടിക്കാട്ടെ 14കാരൻ കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയപ്പോൾ കാട്ടമ്പഴങ്ങ കഴിച്ചതായും ഈ സ്ഥലത്ത് വവ്വാലുകളുടെ സാന്നിദ്ധ്യമുണ്ടെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. വവ്വാലുകളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നതിനായി പൂനൈ എൻ.ഐ.വിയിൽ നിന്നുള്ള വിദഗ്ദ സംഘമെത്തിയിരുന്നു. സാമ്പിൾ ശേഖരിച്ച് പഠനം നടത്തുന്നതിനായി ഭോപ്പാലിൽ നിന്നുള്ള കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ദ സംഘവുമെത്തി.
വവ്വാലുകളുടെ 27 സാമ്പിളുകളിൽ ആറ് എണ്ണത്തിൽ ആന്റി ബോഡി കണ്ടെത്തി. കൂടുതൽ തെളിവുകൾ കൂടി ശേഖരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. ഈമാസം എട്ടിന് നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന വളാഞ്ചേരി സ്വദേശിയായ 42കാരിയുടെ രോഗ ഉറവിടം സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വീടിന് പുറത്ത് അധികം ഇറങ്ങാത്ത ഇവർക്ക് എങ്ങനെ രോഗം വന്നു എന്നത് അജ്ഞാതമാണ്.
സംശയാസ്പദമായ സാഹചര്യങ്ങളൊന്നും കുടുംബാംഗങ്ങൾക്ക് പറയാനില്ല. നിപ രോഗവാഹകർ വവ്വാലുകളാണെന്ന് പറയപ്പെടുമ്പോഴും രോഗം മനുഷ്യരിലേക്ക് എങ്ങനെ പകർന്നു എന്നത് സംബന്ധിച്ച കൃത്യമായ വിശദീകരണ ആരോഗ്യ വകുപ്പിനും നൽകാനാവുന്നില്ല.