ജഗദീഷ്.
തിരുവനന്തപുരം ചെങ്കലിൽ കെ. പരമേശ്വരൻ നായരുടെയും ഭാസുരാംഗിയമ്മയുടെയും മകനായി 1955 ജൂൺ 12നായിരുന്നു ജഗദീഷ് കുമാർ എന്ന ജഗദീഷിന്റെ ജനനം. അച്ഛൻ സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്നു.
തിരുവനന്തപുരം മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജഗദീഷ്, ട്രിവാൻഡ്രം ഗവൺമെന്റ് ആർട്സ് കോളേജിൽ നിന്ന് കോമേഴ്സിൽ ബിരുദവും മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
തുടർന്ന് എടപ്പാളിലെ കാനറാ ബാങ്കിൽ ക്ലാർക്ക് ആയി ജോലി നേടി. പിന്നീട് എം. ജി. കോളേജിൽ ലക്ചറർ ആയും എൻ.സി.സി. ഓഫീസറായും, കണ്ണൂർ മട്ടന്നൂരിൽ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ ലക്ചററായും സേവനമനുഷ്ഠിച്ച ജഗദീഷ്, ഒരു സിനിമാനടനാകണം എന്ന മോഹം കൊണ്ട് നീണ്ട അവധിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
1978 ൽ അഹല്യ എന്ന ചിത്രത്തിലൂടെ ഒരു ഛായാഗ്രഹകനായാണ് ജഗദീഷ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. അക്കാലത്ത് പലർക്ക് വേണ്ടിയും ഡബ്ബ് ചെയ്തിരുന്നു. തുടർന്ന്, 1984 ൽ പുറത്തിറങ്ങിയ 3D ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ യായിരുന്നു ബിഗ് സ്ക്രീനിലേക്കുള്ള അരങ്ങേറ്റം.
സിദ്ദീഖ് -ലാൽ ജോഡി സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിൽ അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തിലൂടെ ജഗദീഷ് മലയാളക്കരയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചു. ചിത്രത്തിന്റെ വിജയം ജഗദീഷിന് ഒരു ബ്രേക്ക് ആയി. ഇതേ സംവിധായക ജോഡിയുടെ ഗോഡ് ഫാദർ എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ മായിൻകുട്ടി എന്ന കഥാപാത്രത്തിലൂടെ ജഗദീഷ്, അക്കാലത്തെ ജനപ്രിയ നടന്മാരിൽ ഒരാളായിത്തീർന്നു.
1985 ൽ മുത്താരം കുന്ന് പി. ഒ. എന്ന ചിത്രത്തിൽ മികച്ച നടനായി. സ്വഭാവനടനായും, ഹാസ്യ കഥാപാത്രമായും, സഹനടനായും, നായകനായും പല പല വേഷങ്ങൾ ചെയ്ത ജഗദീഷ്, ലോ ബജറ്റ് ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്യാൻ എപ്പോഴും ഒരുക്കമായിരുന്നു. ആ ചിത്രങ്ങൾ വൻ വിജയമായി മാറിയതോടെ ജഗദീഷിന്റെ ശുക്രദശ തെളിയുകയായിരുന്നു.
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ, മുകേഷ്, സിദ്ദീഖ് തുടങ്ങിയവർക്കൊപ്പം ഒഴിവാക്കാനാവാത്ത ഒരു ജോഡി തന്നെയായിരുന്നു ജഗദീഷ്. അക്കാലത്തെ സൂപ്പർതാരങ്ങൾക്കൊപ്പം സഹനടനായി തന്റെ മാറ്റുരച്ച ജഗദീഷിന് പിന്നീട് പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റ് സിനിമകളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും ജഗദീഷ് തന്റെ സാന്നിധ്യം പ്രേക്ഷക മനസ്സുകളിൽ ഉറപ്പിച്ചു.
കരിയറിന്റെ തുടക്കകാലത്ത്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അധിപൻ തുടങ്ങിയ ഏതാനും ചിത്രങ്ങൾക്ക് കഥകളും തിരക്കഥകളും എഴുതി, അഭിനയം മാത്രമല്ല സിനിമയുടെ മറ്റു തലങ്ങളും തനിക്ക് വഴങ്ങുമെന്ന് ജഗദീഷ് തെളിയിച്ചു. വിദേശരാജ്യങ്ങളിൽ സ്റ്റേറ്റ് ഷോകളിൽ കയ്യടി നേടി.
ഒരിടവേളയ്ക്കുശേഷം, വോഡഫോൺ കോമഡി സ്റ്റാർസ് എന്ന ടിവി ഷോയിൽ ചീഫ് ജഡ്ജായി. അവാർഡ് ദാന ചടങ്ങുകളിൽ അവതാരകനായി. പുതുതലമുറയ്ക്കൊപ്പം വെള്ളിത്തിരയിൽ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ട് മലയാള സിനിമാകുടുംബത്തിൽ താനൊരു പ്രധാന അംഗം തന്നെയാണെന്ന് ഇന്നും വിളിച്ചോതിക്കൊണ്ടേയിരിക്കുന്നു.
മിമിക്സ് പരേഡ്, വെൽക്കം ടു കൊടൈക്കനാൽ, പണ്ട് പണ്ടൊരു രാജകുമാരി, കുണുക്കിട്ട കോഴി, ഗൃഹപ്രവേശം, സ്ത്രീധനം, ഭാര്യ, സ്ഥലത്തെ പ്രധാന പയ്യൻസ്, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, സിംഹവാലൻ മേനോൻ, ഹിറ്റ്ലർ, ഗ്രാമപഞ്ചായത്ത്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മിസ്റ്റർ ആൻഡ് മിസ്സിസ്, പാവം ഐ. എ. ഈവാച്ചൻ, ബട്ടർഫ്ലൈസ്, മിന്നാമിനുങ്ങിനും മിന്നുകെട്ട്, ജാക്ക്പോട്ട് തുടങ്ങി 400 ൽ അധികം സിനിമകൾ ജഗദീഷിന്റെ ലിസ്റ്റിൽ ഉണ്ട്. ഇതിൽ അമ്പതിലധികം ചിത്രങ്ങളിൽ നായക വേഷം ചെയ്തു.
2024 ൽ പുരുഷപ്രേതം എന്ന സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡും, ഇൻ ഹരിഹർ നഗർ 2 ൽ മികച്ച ഹാസ്യ നടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡും, കോമഡി സ്റ്റാർസിൽ ഗോൾഡൻ സ്റ്റാർ അവാർഡും ജഗദീഷിനെ തേടിയെത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫോറൻസിക് പ്രൊഫസറായ പി. രമയെ ജഗദീഷ് തന്റെ ജീവിത സഖിയാക്കി. ഇവർക്ക് രണ്ടു പെൺമക്കളാണുള്ളത്. രണ്ടുപേരും ഡോക്ടർമാർ തന്നെ. അച്ഛന്റെ പാത പിന്തുടർന്ന് ഗ്ലാമറിന്റെ ലോകത്ത് എത്തുന്നതിനു പകരം അമ്മയെ മാതൃകയാക്കി ആതുര സേവനമാണ് രണ്ടുപേരും തെരഞ്ഞെടുത്തത്. 2022 ൽ രമ ഈ ലോകത്തോട് വിട പറഞ്ഞു. ഏറെ ബഹുമാനാദരങ്ങളോടെ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, ജഗദീഷിന്റെ കുടുംബത്തിന് ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്നുകൊണ്ട്,
നല്ല അവതരണം
I നന്നായിട്ടുണ്ട് ഡിയർ
♥️
ഇതുവരെ മലയാളി കണ്ടത് ജഗദീഷ് എന്ന കോമാളിയെ ആയിരുന്നു.. എന്നാൽ രണ്ടുവർഷമായി ജഗദീഷ് എന്ന നടനെ മലയാളി കാണുന്നു