“ദുർജ്ജന സംസർഗ്ഗമേറ്റമകലവേ
വർജ്ജിക്കവേണം, പ്രയത്നേന സത്പുമാൻ
രക്താദിസാന്നിദ്ധ്യമുണ്ടാകകാരണം
ശുദ്ധസ്ഫടികവും തദ്വർണ്ണമായ് വരും.”
ഉത്തമന്മാരായുളളവർ ദുർജ്ജനങ്ങളുമായുള്ള സംസർഗ്ഗം ഒഴിവാക്കണമെന്നാണ് മലയാളഭാഷാപിതാവായ എഴുത്തച്ഛൻ നമ്മെ ഉപദേശിച്ചിട്ടുള്ളത്. ദുസ്സംഗം ഉപേക്ഷിക്കുന്നതുപോലെതന്നെ പ്രധാനമാണ് സത്സംഗം ഉണ്ടാക്കുന്നതും. വിവേകവും വിജ്ഞാനവുമുള്ളവരുമായി സഹവസിക്കുക. സദ്ഗ്രന്ഥപാരായണവും സദ്സംഗമായിത്തന്നെ കരുതാം. ചീത്ത സിനിമകൾ, പുസ്തകങ്ങൾ, വഴിതെറ്റിക്കുന്ന സുഹൃത്തുക്കൾ ഇവയെയൊക്കെ മാറ്റിനിർത്തുക. പിന്നീട് ആഹാരത്തെ, വാക്കുകളെ, വിചാരത്തെ ഒക്കെ നിയന്ത്രിക്കുക. പല മുഖമൂടികൾ ധരിച്ചുകൊണ്ടാണ് ചുറ്റും നിന്ന് പ്രലോഭനങ്ങൾ നമ്മെ മാടിവിളിക്കുന്നത്. ഏതു വഴിക്കാണു തിരിയേണ്ടതെന്നറിയാതെ പലപ്പോഴും നാം വിഷമിക്കുകയാണ്. നന്മയും തിന്മയും തമ്മിലുള്ള വടംവലിയിൽ പലപ്പോഴും നന്മയ്ക്ക് പരാജയം സംഭവിച്ചേയ്ക്കാം. സ്വന്തം വിവേചനാശക്തി വളർത്തിയെടുത്തോ,ശാസ്ത്രങ്ങളെ അനുസരിച്ചോ, മുതിർന്നവരുടെ ഉപദേശങ്ങൾ സ്വീകരിച്ചോ നമ്മൾ വിവേകം നേടിയെടുക്കണം.
താൻ ഏകനല്ലെന്ന ബോധം ഉണ്ടാകുവാൻ നമുക്ക് കൂട്ടുകാരും ബന്ധുക്കളും ഉണ്ടായിരിക്കണം. നല്ലവർപോലും കൂട്ടുകെട്ടിലും സാഹചര്യത്തിലും പെട്ട് അനാശാസ്യതയിലേക്കും അക്രമത്തിലേക്കും വഴുതിപോകുന്ന സംഭവങ്ങൾ അനവധിയുണ്ട്. You tell me your friends, I will tell you what you are എന്ന ചൊല്ലിനു വലിയ അർത്ഥമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഇതു ബാധകമാണ്. കൂട്ടുകെട്ട്, സാഹചര്യം ഇവ ഒരുവനെ ദേവനുമാക്കാം പിശാചുമാക്കാം.
ഓരോരുത്തൻ്റെയും സ്വഭാവം, ശീലം, പ്രവർത്തി ഇവയിലെ നന്മതിന്മകളുടെ ഏറ്റക്കുറച്ചിലനുസരിച്ചാണ് സജ്ജനദുർജന വിഭജനം നടത്താറുള്ളത്. ദുർജ്ജനങ്ങൾക്ക് ഉദാഹരണമായി കരിക്കട്ടയെ ചൂണ്ടിക്കാണിക്കാറുണ്ട്. ചൂടായിരിക്കുമ്പോൾ കൈയിലെടുത്താൽ കൈ പൊള്ളും. തണുത്തിരിക്കുമ്പോൾ എടുത്താൽ കൈ മലിനമാകും. ഏതു ഘട്ടത്തിലായാലും ദുർജ്ജന സംസർഗ്ഗം ദോഷം തന്നെയാണ്. പ്രിയം പറയുന്നവരെല്ലാം സജ്ജനങ്ങളും സുഹൃത്തുക്കളും ആവണമെന്നില്ല. അത് അവരുടെ സ്വന്തം കാര്യസാദ്ധ്യത്തിനു വേണ്ടിയാകാം. ഉത്തമസ്നേഹിതൻ വേണ്ട സമയത്ത് അപ്രിയസത്യങ്ങളും തുറന്നുതന്നെ പറയും. നല്ലവർക്ക് അതു സ്വീകാര്യമായിരിക്കും. നല്ലതിനെ ചീത്തയിൽനിന്നു തിരിച്ചറിയാനുള്ള വിവേകം ഉണ്ടാവുകയെന്നതാണ് പ്രധാനം. പഞ്ചസാരയും മണലും ചേർത്തു കൊടുത്താൽ എറുമ്പുകൾ പഞ്ചസാര മാത്രം തിരഞ്ഞെടുക്കും. പാപികളായ ദുഷ്ടന്മാരുമായി സദാ സംസർഗ്ഗത്തിൽ ഏർപ്പെടുന്നതുകൊണ്ട് സജ്ജനങ്ങൾകൂടി ശിക്ഷയനുഭവിക്കേണ്ടി വരുന്നു. ഉണങ്ങിയ വിറകിനോടൊപ്പം ചേരുന്ന പച്ചവിറകും അഗ്നിക്കിരയാകുന്നതുപോലെയാണിത്. വിദുരൻ സ്വന്തം ജ്യേഷ്ഠനും കൗരവപിതാവുമായ ധൃതരാഷ്ട്ര മഹാ രാജാവിനെ ഉപദേശിച്ച കഥ നമുക്ക് അറിയാമല്ലൊ. സജ്ജനങ്ങൾ ദുർജ്ജനങ്ങളുമായി സംസർഗ്ഗത്തിൽ ഏർപ്പെടുന്നതുകൊണ്ട്, വസ്ത്രങ്ങൾ എങ്ങനെ ചായങ്ങളിൽ മുക്കുമ്പോൾ അതിൻ്റെ നിറങ്ങൾ ഉൾക്കൊള്ളുന്നുവോ അതുപോലെ മനുഷ്യരുടെ സ്വഭാവങ്ങൾക്കും വിത്യാസം വരുന്നു. വിശ്വസിക്കാൻ അർഹതയില്ലാത്ത ശകുനിയെ ദുര്യോധനൻ വിശ്വസിച്ചതിനാലാണല്ലോ കുരുകുലംതന്നെ നാമാവിശേഷമായത്.
ഭരത കുമാരനെക്കാൾ തനിക്കു പ്രിയം രാമകുമാരനാണെന്ന് കൈകേയിയുടെ അഭിപ്രായം മാറാൻ മന്ഥരയുടെ ഏതാനും വാക്കുകൾ മതിയായിരുന്നു. രാമായണത്തിൽ ഒരേ ഒരു മന്ഥരയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഉപഭോഗസംസ്ക്കാരത്തിൻ്റെ ആധുനികയുഗത്തിൽ മന്ഥരന്മാർ വളരെയേറെയുണ്ട്. ഇക്കാലത്ത് കേബിളിലൂടെ നമ്മുടെ മുറിയിൽ കയറിവരുന്ന സ്ത്രീ മന്ഥരയല്ലേ?’ ഇന്ന് മന്ഥരന്മാർ കൂടിക്കൂടി വരുകയാണ്- പല ഭാവത്തിൽ – പല രൂപത്തിൽ.
ആരാധനാലയങ്ങളിൽ പോവുക, ആത്മീയാചാര്യന്മാരുടെ ഉപദേശങ്ങൾ കേൾക്കുക, അതിൽ ചിലതെങ്കിലും സ്വജീവിതത്തിൽ പകർത്താൻ ശ്രമിക്കുക. ഈ സത്സംഗങ്ങളിലൂടെ മന:ശാന്തി ലഭിക്കും. സംസർഗ്ഗംകൊണ്ട് സ്വഭാവത്തിലുണ്ടാവുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്ന ഒരു കഥ ചുവടെ കൊടുക്കുന്നു.
ഭോജ രാജാവിൻ്റെ കാലമാണ്. ഒരാൾ റോഡിലൂടെ നടക്കുമ്പോൾ കഴിഞ്ഞ രാത്രിയിലെ കാറ്റിൽ മരത്തിൽനിന്നും വഴിയിൽ വീണു കിടക്കുന്ന ഒരു കിളിക്കൂട് കണ്ടു. ആ കൂട്ടിൽ സുരക്ഷിതമായിരിക്കുന്ന രണ്ടു കിളിമുട്ടകൾ ഉണ്ടായിരുന്നു. ആ മുട്ടകൾ അയാൾ അയാളുടെ വീട്ടിൽ കൊണ്ടുപോയി സൂക്ഷ്മതയോടെ വിരിയിച്ചു. ഭംഗിയുള്ള രണ്ടു തത്തക്കുഞ്ഞുങ്ങൾ !
അയാൾ അവയെ രണ്ടു പേർക്കായി സംഭാവന ചെയ്തു.
ഭോജരാജാവും ആസ്ഥാനകവി കാളിദാസനും കൂടി പതിവുപോല നടക്കാൻപോയി. നടക്കുമ്പോൾ രാജ്യകാര്യവും പ്രജാക്ഷേമവുമൊക്കെ ചർച്ചവിഷയമായിരുന്നു. വഴിയിൽ പ്രജകളുടെ ക്ഷേമാന്വേഷണവും നടത്താറുണ്ട്. വല്ലവർക്കും വല്ല പരാതിയും ഉണ്ടോ എന്നന്വേഷിക്കും. ചില വീടുകളിൽ അവരുടെ സത്യമായ സ്ഥിതി നേരിട്ടറിയാൻ അപരിചതരെന്ന ഭാവത്തിൽ കയറി ചെന്ന് വിവരങ്ങൾ അന്വേഷിക്കും.
അന്ന് വഴിയിൽ കണ്ട ഒരു വീട്ടിൽ കയറാൻ ശ്രമിച്ചു. എന്നാൽ ആ വീടിൻ്റെ ഗേറ്റടച്ചിരിക്കുകയായിരുന്നു. രാജാവ് ഗേറ്റിൽ തട്ടി നോക്കി. അപ്പോൾ മധുരമായ ഒരു ശബ്ദത്തിൽ ഒരു മറുപടി വന്നു.” അദ്ദേഹം വെളിയിൽ പോയിരിക്കുകയാണ്. താമസിയാതെ വരും. കയറി ഇരുന്നാട്ടെ!” രണ്ടുപേരും അകത്തുകയറിയിരുന്നു. നോക്കിയപ്പോൾ അത്ഭുതപ്പെട്ടു പോയി. ഒരു മനോഹരിയായ തത്തക്കുഞ്ഞാണ് തങ്ങളോട് മധുരോദാരമായി സംസാരിച്ചെതെന്ന് രാജാവിന് മനസ്സിലായി. കുറെനേരം ഇരുന്നിട്ടും ആൾ വരാത്തതു കാരണം അവർ അടുത്ത വീട്ടിൽ പോയി. അവിടെ വാതിൽക്കലെത്തിയതും ആരോ ഉച്ചത്തിൽ തെറി വിളിക്കാൻ തുടങ്ങി. “ആരാടാ? ഇറങ്ങിപ്പോടാ തെണ്ടികളേ” രാജാവ് ശബ്ദം വന്ന ഭാഗത്തേയ്ക്ക് നോക്കിയപ്പോൾ അതും ഒരു തത്തക്കുഞ്ഞിൻ്റെ വായിൽ നിന്നു തന്നെ. സത്യത്തിൽ ഈ രണ്ടു തത്തകളുടെ കഥ രാജാവിനറിയാമായിരുന്നു. അദ്ദേഹം കവിയോടു ചോദിച്ചു “ഒരേ യാൾ ഒരേ സാഹചര്യത്തിൽ വളർത്തിയ ഈ തത്തകൾ എന്തേ ഇങ്ങനെ വിരുദ്ധ സ്വഭാവക്കാരായത്?”” അപ്പോൾ കാളിദാസൻ വിവരങ്ങളന്വേഷിച്ചിട്ട് രാജാവിനോടു പറഞ്ഞു ” മഹാരാജാവേ! ആ തത്തകൾ രണ്ടു സാഹചര്യങ്ങളിൽ വളർന്നവരാണ്. നമ്മൾ കണ്ടതിൽ ആദ്യത്തെ തത്തയെ വാങ്ങിയത് സാത്വികനായ ഒരു വ്യക്തിയായിരുന്നു.അത് വീട്ടിലെ നാമജപങ്ങളും അടുത്തുള്ള ആശ്രമത്തിലെ കീർത്തനങ്ങളും കേട്ട് വളർന്നു. രണ്ടാമത്തതിനെ വാങ്ങിയത് ഒരു മദ്യഷോപ്പുടമയായിരുന്നു.അതു കൊണ്ട് ആ തത്തയ്ക്ക് അയാളുടെ സ്വഭവമുണ്ടായി.
“സംസർഗ്ഗചാ ദോഷഗുണാ ഭവന്തി “
സംസർഗ്ഗം സ്വഭാവത്തെ സ്വാധീനിക്കുന്നു.