Friday, September 27, 2024
Homeസ്പെഷ്യൽനാലപ്പാട്ട് നാരായണ മേനോനും, കണ്ണുനീർ ത്തുള്ളികൾ എന്ന വിലാപകാവ്യത്തിന്റെ ദാർശനികതയും ✍ ശ്യാമള ഹരിദാസ്

നാലപ്പാട്ട് നാരായണ മേനോനും, കണ്ണുനീർ ത്തുള്ളികൾ എന്ന വിലാപകാവ്യത്തിന്റെ ദാർശനികതയും ✍ ശ്യാമള ഹരിദാസ്

ശ്യാമള ഹരിദാസ്

പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനായിരുന്നു നാലപ്പാട്ടു നാരായണ മേനോൻ. കവിതാ രചനയിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്‌ അദ്ദേഹം. കവിയിൽ നിന്നും അദ്ദേഹം ദാർശനിക കവിയായി വിലാപകാവ്യക്കാരനായി, വിവർത്തകനും, ആർഷജ്ഞാനിയുമായി. വ്യത്യസ്തങ്ങളായ വരികളിലൂടെ യാത്ര ചെയ്ത് സമഗ്രമായൊരു ജീവിത സങ്കല്പം സാക്ഷത്ക്കരിച്ച വ്യക്തിയായിരുന്നു നാലപ്പാടൻ. കവിതയിലെ ഭാവഗീത പ്രസ്ഥാനത്തെ വികസിപ്പിച്ചതിൽ അദ്ദേഹം സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

മലയാളിയുടെ ഭാവുകത്വത്തിന് വിലാസം പകർന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. വളരെ കുറച്ചേ എഴുതിയിട്ടുള്ളുവെങ്കിലും മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന് വലിയൊരു സ്ഥാനമാണുള്ളത്. വിക്ടർ യുഗോവിന്റെ “പാവങ്ങൾ” എന്ന ഫ്രഞ്ച് നോവൽ ആദ്യമായി വിവർത്തനം ചെയ്തത് ഇദ്ദേഹമാണ്.

“കണ്ണുനീർത്തുള്ളി” യാണ് പ്രധാന വിലാപകാവ്യം. സഹധർമ്മിണിയുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച് അദ്ദേഹം രചിച്ച “കണ്ണുനീർത്തുള്ളി”മലയാളത്തിലെ എക്കാലത്തേയും മികച്ച വിലാപ കാവ്യങ്ങളിൽ ഒന്നാണ്. മലയാള സാഹിത്യ ചക്രവാളത്തിൽ മിന്നി പ്രകാശിക്കുന്നൊരു ഉജ്ജ്വല താരമാണ് ആ വിലാപകാവ്യം. കണ്ണുനീർത്തുള്ളി എന്ന പ്രഥമ വിലാപകാവ്യത്തിലൂടെ ദുഃഖ പൂർണ്ണമായ മനോവികാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന കാവ്യമാണ് വിലാപ കാവ്യം. വികാരപ്രധാനവും, ചിന്താപ്രധാനവുമാണിവ.

വ്യതിരിക്തമായ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട് മൗലികമായുള്ളതും, പരിണാമ വിധേയവുമായവയെ ദാർശനിക പശ്ചാത്തലത്തിൽ പരിശോധിക്കയാണ്
വിലാപകാവ്യത്തിന്റെ പൊതുസ്വഭാവം. കവിയുടെ തീവ്രമായ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട് രചിക്കുന്ന ഇത് ആത്മനീഷ്ഠാ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

കഥാതന്തു:-

“കണ്ണുനീർത്തുള്ളികൾ” കവിയുടെ സ്വന്തം അനുഭവം സംബന്ധിച്ചുള്ള
വിലാപകാവ്യമാണ്. അദ്ദേഹത്തിന്റെ പത്നിയുടെ അകാല നിര്യാണത്തെ പറ്റിയുള്ള ഒരു വിലാപകാവ്യമാണ് ഇത്. മാധവിഅമ്മയും നാരായണ മേനോനും ചെറുപ്പം മുതലേ കളിക്കൂട്ടുകാരായിരുന്നു. വളരും തോറും ആ ബന്ധം വേറെ ഒരു ദിശയിലേക്ക് ചെന്നെത്തി. അവർ തമ്മിൽ പ്രണയബദ്ധരായി. നാലപ്പാട്ടുകാരേക്കാൾ ധനസ്ഥിതിയുള്ളവരും മേനോനെക്കാൾ രണ്ടു വയസ്സ് കൂടുതലുമുള്ള മാധവിയമ്മയെ വിവാഹം കഴിപ്പാൻ വീട്ടുകാർക്ക് സമ്മതമില്ലായിയുന്നു മാധവി അമ്മയെ മാത്രമേ താൻ വിവാഹം കഴിക്കു എന്ന് നാരായണമേനോൻ തറപ്പിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ നിർബന്ധബുദ്ധിക്കൊടുവിൽ വീട്ടുകാർക്ക് സമ്മതിക്കേണ്ടി വന്നു.
അങ്ങിനെ വിവാഹം കഴിഞ്ഞു. സന്തോഷത്തിന്റെ നാളുകൾ നീങ്ങികൊണ്ടിരിക്കെ മാധവിയമ്മ ഒരമ്മയാകാനുള്ള തയ്യാറെടുപ്പായി. കേവലം പത്തുമാസത്തെ ദൈർഘ്യമേ ആ ദാമ്പത്യത്തിന് ഉണ്ടായിരുന്നുള്ളു. പ്രസവത്തെ തുടർന്ന് മാധവിയമ്മ അകാലമൃത്യു പ്രാപിച്ചു. രണ്ടു ദിവസത്തിനുള്ളിൽ കുഞ്ഞും മരിച്ചു. ഈ ദുസ്സഹമായ
സങ്കടത്തിൽ കവിക്ക് സ്വർഗ്ഗത്തിനു തുല്യമായ ലോകം കണ്ണിന് കാക്കയോളം
തുല്യമായിപ്പോയി. ഗർഭത്തിലിരിക്കുന്ന തന്റെ കുഞ്ഞിനെ കാണുവാൻ മാതാ
പിതാക്കൾക്കുള്ള ആഗ്രഹത്തെ എത്ര ഹൃദയംഗമായ രീതിയിലാണ് കവി
വർണ്ണിച്ചിരിക്കുന്നത്. തന്റെ പ്രാണപ്രിയയുടെ വേർപ്പാടിനുശേഷം തന്റെ ഓർമ്മകളെ വരികളും വരകളുമാക്കി പുസ്തകത്തിലേക്കെത്തിച്ചു. കവിതകളെ തന്നെ
അതിശയിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ വരികൾ.
“ നിന്നിലേക്ക് പറന്നു പറന്ന് എന്നിലേക്കുള്ള വഴി തെറ്റി “ എന്ന വരികൾക്ക് ആകാശത്തിനു കുറുകെയുള്ള വള്ളിയിൽ തനിച്ചായിപ്പോയ കാക്കയെ ആണ് അദ്ദേഹം ഉപമിപ്പിച്ചിരിക്കുന്നത്. വായനക്കാരെ ഗുഹാതുരതയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതാണ് അദ്ദേഹത്തിന്റെ കവിതകൾ. കവിയെന്ന നിലയിൽ മാത്രമല്ല, ഗദ്യകാരൻ എന്ന നിലയിലും വിവർത്തകൻ എന്ന നിലയിലും അതുല്യ സംഭാവന അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടുണ്ട്.

തന്റെ പ്രാണപ്രിയയുടെ മരണശേഷം അദ്ദേഹം ജീവിതത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എഴുത്തും വായനയും തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ ലോകം. പുസ്തക രചനയിൽ മുഴുകുമ്പോൾ ജീവിതത്തിലെ ദുഃഖങ്ങൾ അദ്ദേഹം അതിജീവിച്ചിട്ടുണ്ടാകും.

ഭാര്യ മരണപ്പെട്ട് പതിനാറ് വർഷം അദ്ദേഹം ഏകാന്ത ജീവിതം തുടർന്നു. വേറെ ഒരു വിവാഹത്തിന് സുഹൃത്തുക്കളും,ബന്ധുക്കളും നിർബന്ധിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വഴി അദ്ദേഹത്തെ വളരെക്കാലമായി മനസ്സിൽ ആരാധിച്ചു നടന്നിരുന്ന ഒരു പെൺകുട്ടിയുടെ സ്നേഹത്തിന്റെ കഥ കേട്ട് മേനോൻ അതിശയിച്ചു. എഴുത്തും വായനയും സുന്ദരനുമായ അയാളെ ഒരുപാട് പേര് ആരാധിച്ചിരുന്നു. ഈ പെൺകുട്ടിയുടെ നിശബ്ദ പ്രണയത്തെ കുറിച്ചറിഞ്ഞപ്പോൾ മേനോന് ജീവിതത്തെക്കുറിച്ച് വീണ്ടും പ്രതീക്ഷയുണ്ടായി. ഇവിടെ ആ കഥാനായിക വേറാരുമല്ല സ്വന്തം ഭാര്യയുടെ അനുജത്തി തന്നെ. പിന്നെ ഒട്ടും വൈകാതെ വിവാഹവും നടന്നു.

ഹൃദയസിരകളെ തട്ടിയിളക്കുന്ന ശക്തിമത്തയ ഒരു വാഗ്ദേവതാ പ്രവാഹമാണ്
“കണ്ണുനീർത്തുള്ളി” എന്ന വിലാപകാവ്യം. അദ്ദേഹത്തിന്റെ മറ്റു സ്വതന്ത്രകൃതികളിൽ ഒന്നിനും തന്നെ ഈ കാവ്യത്തിനുള്ള ഗുണമേന്മ വന്നിട്ടില്ലെന്നു പറയാം. ഒരു കാവ്യത്തിന്റെ പൊതുവെയുള്ളമേന്മ കഥാവസ്തുവിന്റെ ഗുണം, രചനയുടെ ഭംഗി, ആശയങ്ങളുടെ സാദൃശ്യം ഇവ മൂന്നുമാണ്. ഈ മൂന്നു ഗുണങ്ങൾ
ഒന്നുപോലെ ചേർന്നിട്ടുള്ളതാണ് ഈ വിലാപകാവ്യം. “കണ്ണുനീർത്തുള്ളി”യുടെ പ്രധാന ഗുണം എവിടെ നോക്കിയാലും മഹത്ത്വമേറിയ ചിന്താശകലങ്ങൾ സവിശേഷമായ തത്ത്വനിരൂപണം, ആലോചനാമൃതമായ ആക്ഷേപസമാധാനം ഇവയെല്ലാം മിന്നിത്തിളങ്ങി കിടക്കുന്നതാണ്.. ”കണ്ണുനീർത്തുള്ളി” എന്ന വിലാപകാവ്യം പ്രിയതമയെ നഷ്ടപ്പെട്ട ഒരാളുടെ വേദനയും, നിസ്സഹായയും ആണെന്നുള്ളത് ആർക്കും മനസ്സിലാക്കാം. പ്രിയപ്പെട്ടവളുടെ വിയോഗശേഷം തന്റെ ഓർമ്മകളെ ആദ്യം പുസ്തകങ്ങളിലേക്കും പിന്നെ ക്യാൻവാസിലേക്കും എത്തിച്ചിരിക്കയാണ് മേനോൻ. നാലപ്പാടിന്റെ അദ്ധ്യാത്മിക തത്വദർശനങ്ങൾ വെളിപ്പെടുത്തുന്ന കാവ്യങ്ങളാണ് പുളകാങ്കുരവും, ചക്രവാളവും. തത്വചിന്തയുടെ മികച്ച ആവിഷ്ക്കാരമാണ് ചക്രവാളം. നാലപ്പാടിന്റെ ജീവിതത്തിൽ നിന്നും അടർന്നു വീണ “കണ്ണുനീർതുള്ളിയെ “നമുക്കേവർക്കും സ്മരിക്കാം. പ്രമേഹരോഗത്തെ
തുടർന്നാണ് അദ്ദേഹം പരലോകം പ്രാപിച്ചത്.

✍ ശ്യാമള ഹരിദാസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments