വെയിൽ പെറ്റ പാതയിൽ
പാദങ്ങളിടറവേ,
ഒരുപിടിയവിലിന്റെ പാഥേയമായും
ഉള്ളിലെരിയും കനൽ ചുട്ടുനീറുന്ന
വേളയിൽ കനിവിന്റെ കതിരിലെ
ഹിമബാഷ്പമായും.
രാനിഴൽ ഛായയിലെന്നിലെയഴലുകൾ
വിരിയിച്ച നോവിന്റെ ചീന്തുകൾ
ചിതറവേ.
നിനവിലെ നിർമ്മല വചസ്സിന്റെ
കനിവുറ്റ
തേനൊലി നീ പകർന്നു നൽകിയും..
അരികത്തിരിക്കുന്ന
സ്നേഹത്തിടമ്പായി
ഇരുമെയ്യിലൊരുമനം ചേർന്നു
വസിക്കും
ചിന്തയിലൻപോടു ചായം
മിനുക്കുവാൻ
സ്വപ്നങ്ങൾ ചായില്ല്യമണിയിച്ചു തന്നു
നീ.
കാലം കോറിയ നഖമുനപ്പാടുകൾ
ശിലയായുറഞ്ഞു കിടപ്പതാം മാനസേ
സാന്ത്വന തീർത്ഥം കുടഞ്ഞു നീ ചാരെ
അശ്രുബാഷ്പങ്ങളണിയുന്നു
മിഴികളും.
അരികത്തുണ്ട് നീയിപ്പോഴുമെങ്കിലും
മനം
ഊഷര പാതകൾ താണ്ടി മരുവായോ.
പൊള്ളും വെയിൽച്ചീളുകളേറ്റമ്പേ
ഹൃത്തിലെയാർദ്രത വറ്റിയോ മൽസഖീ.
കാലം കഠിനതയേകിയോ നമ്മിൽ
ഇടയിലീ മൗനം വിതാനിച്ചതെന്തേ?
ഇന്നുമീ നിഴൽപ്പാതയിലെങ്ങുമേ
നിൻവിരൽ സ്നിഗ്ധത തൊട്ടറിയുന്നു
ഞാൻ.