Saturday, January 11, 2025
Homeസ്പെഷ്യൽകാളിദാസകൃതിയായ കുമാരസംഭവത്തിലെ ശിവ പാർവ്വതി പരിണയം. (സർഗ്ഗം, 6, 7. - ഭാഗം...

കാളിദാസകൃതിയായ കുമാരസംഭവത്തിലെ ശിവ പാർവ്വതി പരിണയം. (സർഗ്ഗം, 6, 7. – ഭാഗം 7) ✍ ശ്യാമള ഹരിദാസ് .

ശ്യാമള ഹരിദാസ് .

കാളിദാസ മഹാകവിയുടെ ലളിത കോമളമായ ഈ മഹാകാവ്യം കുടുംബ ബന്ധങ്ങളുടെയും, മര്യാദയുടേയും ശക്തിയും തിളക്കവുമാണ്. ലൗകിക സുഖാനുഭവ ങ്ങൾക്ക് വേണ്ടി ആയിരുന്നില്ല പരമേശ്വരൻ പാർവ്വതി യെ പരിണമിക്കുന്നത് മറിച്ച് സ്ത്രീയും പുരുഷനും ചേരുന്നിടത്താണ് സൃഷ്ടിയുടെ പൂർണ്ണതയും ശക്തിയും സാധ്യമാകുന്നത് എന്ന് മനുഷ്യനെ പഠിപ്പിക്കുകയാണ് ഈ കവിതയിൽ കൂടി കാളിദാസൻ.

ഹിമവാൻ തന്റെ പുത്രിയുടെ വിവാഹ കർമ്മം പരമാവധി ആഘോഷമായി നടത്തുവാനുള്ള പരിശ്രമം തുടങ്ങി. മൂന്നു ലോകങ്ങളിലും വെച്ച് ഏറ്റവും കേമമായ ഒരു പരിണയമാണ് ഹിമാവാൻ വിഭാവന ചെയ്തത്. വിവാഹ ചടങ്ങുകൾ സകല ആചാരാനുഷ്ഠാനങ്ങളോടുകൂടിയതും അത്യന്തം ആഡംബരത്തോടു കൂടിയതും ആകണമെന്ന് ആ പിതാവിന് നിർബന്ധമാ യിരുന്നു. ഹിമങ്ങൾ പരമാവധി മോടിപിടിപ്പിക്കുന്നതിനായി അദ്ദേഹം ദേവശില്പി പിയേ നിയോഗിച്ചു. ശിവപാർവ്വതി പരിണയത്തിന് അലങ്കാര മണ്ഡപങ്ങൾ പണിയുകയാണ് ആദ്യം വേണ്ടത്. ആകാശത്തോളം വളർന്നു നിന്നിരുന്ന ദേവദാരുക്കളെ പന്തലിനു കാലുകളാക്കി. വളർന്നു പന്തലിച്ചു നിന്നിരുന്ന മുളക്കൂട്ടങ്ങളെ പന്തലിന്റെ ഉപരിതലത്തിൽ നിരത്തുന്നത്തിനുള്ള കുഴകളാക്കി. ആകാശമേഘങ്ങളെ പന്തൽ മേയുന്നതിനുള്ള ഓലകൾ ആക്കി. ഗിരി ശൃംഗങ്ങൾ അലങ്കാര ഗോപുരങ്ങളായും സമതല പ്രദേശങ്ങൾ അതിഥികളെ സ്വീകരിക്കുന്നതിനുള്ള ഭവനങ്ങളായും ആനത്തൊട്ടിലുകളായും , കുതിരാലയങ്ങളായും, സേവകന്മാർക്കുള്ള താമസപ്പുരകളായും ദേവശില്പി സങ്കല്പിച്ചു. ഈ മണിമണ്ഡപങ്ങൾ തോരണങ്ങൾ തൂക്കാൻ പുഷ്പ ശരങ്ങളും, മയിൽപ്പീലികളും, കവരിമാൻ രോമങ്ങളും അദ്ദേഹം സൃഷ്ടിച്ചു. കൂടാതെ ദേവന്മാർ, മഹർഷിമാർ, യക്ഷകിന്നരന്മാർ, വിദ്യാധരന്മാർ എന്നിവർക്കുള്ള മണി മന്ദിരങ്ങളും, ശ്രേഷ്ഠ ഇരിപ്പിടങ്ങളും ദേവശില്പി തന്റെ ഭാവനയാൽ പണി കഴിപ്പിച്ചു. പതിനായിരം യോജന വിസ്താരമുള്ള ഹിമാവാന്റെ കൊട്ടാരം സ്വർണ്ണ വർണ്ണത്തിൽ പ്രശോഭിതമായി. സഭാ മണ്ഡലത്തിൽ കനക നിർമ്മിതമായ കതിർ മണ്ഡപം ഉയർന്നു. ചന്ദനത്തിന്റേയും, കസ്തൂരിയുടേയും, മറ്റു സുഗന്ധവസ്തുക്കളുടേയും പരിമണത്താൽ വിവാഹ മണ്ഡപം അത്യന്തം ആകർഷണീയമായി തീർന്നു. ബ്രഹ്മാദി ദേവന്മാർക്ക് ഇരിക്കുന്നതിന് രത്ന സിംഹാസനങ്ങളും, വിരിക്കാൻ മേഘകാന്തി ചിതറുന്ന പട്ടു വിരികളും ദേവശില്പി ഭാവനയാൽ നിർമ്മിച്ചു. വിവാഹമണ്ഡപത്തിലും, ഭിത്തികളിലും, നവരത്ന നിർമ്മിതമായ ഹാരങ്ങൾ തൂക്കി. ഗോപുര വാതായനങ്ങളിൽ ദേവന്മാരുടെയും, മഹർഷിമാരുടേയും, അപ്സര കന്യകമാരുടേയും ജീവൻ തുടിക്കുന്ന ശില്പങ്ങൾ സ്ഥാപിച്ചു. പറന്നുയരുന്ന പക്ഷികളുടേയും പീലിവിടർത്തിയാടുന്ന മയൂരങ്ങളുടേയും മദയാനകളുടേയും കുതിച്ചുപായുന്ന അശ്വങ്ങളുടേയും അതിമനോഹരമായ ശില്പങ്ങൾ മണ്ഡപ തൂണുകളിലും പ്രവേശനകവാടത്തിലും സ്ഥാപിച്ചു.

ശിവ ഭഗവാനാകട്ടെ സൂര്യശോഭയേറുന്ന രത്ന വൈഡൂര്യാദി ആഭരണങ്ങളൊക്കെ അണിഞ്ഞു പരിണയത്തിന്നായി പുറപ്പെടുന്നു. മീനമാസത്തിലെ ഉത്രം നക്ഷത്രം ശുഭദിവസം ആയതുകൊണ്ട് ആ മുഹൂർത്തത്തിൽ തന്നെ ഹിമാലയത്തിലേക്ക് എഴുന്നള്ളണമെന്നുള്ള ഹിമവാന്റെ വിനയപൂർണ്ണമായ അപേക്ഷയെ കൈകൊണ്ട് പരമേശ്വരൻ പരിവാരങ്ങളുമൊത്തു യാത്രയായി.

സ്തുതിഗീതങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പാർവ്വതി പരിണയത്തിന്നായി അവർ യാത്രപുറപ്പെട്ടു. സർവ്വാലങ്കാരഭൂഷിതയായി ഭഗവാൻ എഴുന്നുള്ളിയപ്പോൾ സൂര്യചന്ദ്രന്മാർ ഭഗവാന് കുടപിടിച്ചു. അരുണ ഭഗവാൻ ആലവട്ടമേന്തി
ദേവേന്ദ്രൻ വെൺചാമരം വീശി. ബ്രഹ്മാവും, വിഷ്ണുവും അവരെ അനുഗമിച്ചു. വാദ്യാഘോഷവും, ഗാനാലാപനവും മുഴങ്ങി. മഹർഷിവര്യന്മാർ പൂർണ്ണ കുംഭങ്ങളോടെ പരമേശ്വരനെ സ്വീകരിച്ച് സ്തുതിഗീതങ്ങളും കൊമ്പും കുഴൽവിളികളും മുഴങ്ങി. എങ്ങും നെയ് വിളക്കുകൾ തെളിഞ്ഞു
കൊട്ടും കുരവയും ആർപ്പുവിളികളും കൊണ്ട് ശിവപാർവ്വതി
പരിണയത്തിന് അന്തരീക്ഷം ഒരുങ്ങി.

ഹിമവൽ കൊട്ടാരത്തിലെ അന്തപുരത്തിൽ പാർവ്വതി ദേവി വിവാഹത്തിനുള്ള അടയാഭരണങ്ങൾ അണിഞ്ഞൊരുങ്ങി. ദേവി ധരിച്ചിരുന്ന വൽക്ക കൂടുതൽ സുന്ദരമാക്കി. കൈകളിൽ അതിമനോഹരമായ കങ്കണങ്ങളും, വൈര
തോടകളും അണിയിച്ച സഖിമാർ പുഷ്യരാഗം കൊണ്ട് നിർമ്മിച്ച നാസികാഭരണങ്ങളും ദേവിയെ അണിയിച്ചു. കാലിൽ നവരത്നങ്ങൾ അണിയിച്ചു. ദീർഘകാലത്തെ തപസ്സുകൊണ്ട് കൃശയായി തീർന്ന പർവ്വതപുത്രിയുടെ ഗാത്രം ഇപ്പോൾ സർവ്വാ ലങ്കാരമായി പരിലസിച്ചു.

വിവാഹമുഹൂർത്തമടുത്തു, പുതുമണവാളനാ യ കൈലാസനാഥൻ വിവാഹമണ്ഡപത്തിലേക്ക് വരവായി. അതേ സമയം പ്രതിശ്രുതവരനെ ഒരു നോക്കു കാണാൻ പർവ്വത രാജപുത്രിയുടെ മനസ്സിൽ അഭമ്യമായ മോഹമുദിച്ചു. മേനദേവി തുളുമ്പുന്ന പാൽകുടവുമായി ഭഗവൽപാദങ്ങളെ അഭിഷേകം ചെയ്തു.

കതിർമണ്ഡപത്തിലെത്തിയ ശിവനെ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച് ഇന്ദ്രനീല കല്ലുകൾ പതിച്ച ദിവ്യാസനത്തിൽ ഇരുത്തി. പാർവ്വതി പരിണയം കണ്ട് സായൂജ്യമടയാൻ ത്രിലോകവാസികളും എത്തിയിരുന്നു.

വിവാഹവേദിയിലേയ്ക്ക് പാർവ്വതിയെ കൈപിടിച്ചു കൊണ്ടുവന്നത് ജയദുർഗ്ഗാ ദേവി ആയിരുന്നു. നാണിച്ചു നമ്രശിരസ്‌കയായി അന്നനടയോടെ ദേവി കതിർമണ്ഡപത്തിലേക്ക് നടന്നു. ഇന്ദ്രാണി താമ്പൂല തളികയുമേ ന്തി ദേവിയെ അനുഗമിച്ചപ്പോൾ മണ്ണിലും വിണ്ണിലും പാതാളത്തിലുമുള്ള ഗംഗാ ദേവിമാർ വെൺചാമരം വീശി. ലക്ഷ്മി ദേവി വധുവിനെ ആശ്ലേഷിച്ചു അനുഗ്രഹിച്ചു. സരസ്വതി ദേവി സ്തുതി ഗീതങ്ങളാൽ അന്തരീക്ഷത്തിനു മാറ്റു കൂട്ടി. സർവ്വമംഗളങ്ങളും തെളിഞ്ഞ ആ ധന്യ മുഹൂർത്തത്തിൽ ദേവി കതിർമണ്ഡപത്തിലേക്ക് വലതുകാൽ വെച്ച് പ്രവേശിച്ചു. ശിവൻ ദേവിയെ വീക്ഷിച്ചു. ആ മുഖത്തെ പുഞ്ചിരിയും കടാക്ഷവും ദേവിയെ തന്റെ വാമഭാഗത്തേക്ക് ക്ഷണിക്കുന്നതായി തോന്നിച്ചു.

വിവാഹ ചടങ്ങുകൾ ആരംഭിച്ചു. വരന്റെയും വധുവിന്റെയും കരചരണങ്ങൾ ഗംഗാ ജലംകൊണ്ടു കഴുകി ശുദ്ധിവരുത്തിയത് മേനാദേവി ആയിരുന്നു.
തുടർന്ന് ഹിമാവാൻ അർഘ്യചന്ദനാദികൾ കൊണ്ട് പരാത്പരപാദങ്ങൾ പൂജിച്ച് പാർവ്വതി ദേവിയുടെ കൈപിടിച്ചു പരമേശ്വരന്റെ കൈകളിൽ സമർപ്പിച്ചു.
അപ്സരസ്സുകൾ നൃത്തം ചെയ്തു. നാരദ മഹർഷി സിദ്ധന്മാർ തംബുരുവാദ്യങ്ങൾ വായിച്ചു. എല്ലാവിധ മംഗളകർമ്മങ്ങളോടും ശാസ്ത്രവിധി പ്രകാരം ശിവപാർവ്വതി പരിണയം അരങ്ങേരി. ശിവൻ പാർവ്വതിയെ പാണിഗ്രഹണം ചെയ്തപ്പോൾ ദേവന്മാർ പുഷ്പവൃഷ്ടി ചെയ്തു. അപ്പോൾ ഹിമാവാൻ പൊൻനാണ യങ്ങൾ കൊണ്ട് ദമ്പതികളെ അഭിഷേകം ചെയ്തു. എങ്ങും ആഹ്ലാദം തുളുമ്പി നിന്ന ആ സമയത്ത് പതിദുഖത്താൽ വിരഹിതയായ രതിദേവി പരമേശ്വരപാദങ്ങളിൽ അഭയം പ്രാപിച്ചു. തനിക്ക് മംഗല്യ ഭാഗ്യം നൽകി അനുഗ്രഹിക്കേണമെന്ന് അപേക്ഷിച്ചു. അങ്ങിനെയാകട്ടെ എന്നു പറഞ്ഞു ഭഗവാൻ കാമദേവന് പുനർജ്ജന്മം നൽകി. കാമദേവനും രതിയും ഭഗവാനെ സാഷ്ടാഗ പ്രണാമം ചെയ്ത് സ്വവസത്തിയിലേയ്ക്ക് പോയി.

വിവാഹ ആഘോഷചടങ്ങുകൾ അവസാനിച്ചപ്പോൾ ശിവൻ പത്നീ സമേതം അഗസ്ത്യ മഹർഷിയെ ദർശിച്ചശേഷം കൈലാസത്തിലേക്ക് തിരിച്ചു.

എത്ര വർണ്ണമനോഹരമായിട്ടാണ് കാളിദാസൻ പാർവ്വതി പരിണയം വർണ്ണിച്ചിരിക്കുന്നത്. വായിക്കുമ്പോൾ ഇതിലെ ഓരോ രംഗവും നമുക്ക് നേരിൽ കാണുന്ന അനുഭൂതി ഉണർത്തുന്നു.

(തുടരും)

ശ്യാമള ഹരിദാസ് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments