തിരുവനന്തപുരം : തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ ആശാ വർക്കർമാർ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു.പ്രവർത്തകർക്ക് ഇളനീർ നൽകി കൊണ്ടാണ് സമരം അവസാനിപ്പിച്ചത്. നിരാഹര സമരം ആരംഭിച്ച് 43 ദിവസങ്ങൾ പിന്നിടുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്. രാപ്പകൽ സമര യാത്ര ആരംഭിക്കാൻ തീരുമാനിച്ചതിനെത്തുടർന്നാണ് നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകൽ സമരം തുടരുമെന്നും സമരസമിതി വ്യക്തമാക്കി.
മെയ് 5 നാണ് കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് രാപ്പകൽ സമര യാത്ര ആരംഭിക്കുന്നത്. സമരയാത്രയുടെ ഫ്ലാഗ് ഓഫ് ഇന്ന് ഉച്ചയ്ക്ക് സമരപന്തലിൽ രാപ്പകല്‍ സമര യാത്രയുടെ ക്യാപ്റ്റന്‍ എംഎ ബിന്ദുവിന് ഗാന്ധിയന്‍ ഡോ. എംപി മത്തായി പതാക കൈമാറി നിർവഹിച്ചു.
ജൂൺ 17ന് രാപകൽ സമരയാത്ര അവസാനിക്കും. ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ നല്‍കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വർക്കർമാർ കഴിഞ്ഞ 81 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നത്.