മലപ്പുറം: മലപ്പുറം എടപ്പാളിൽ വീട്ടിൽ നിന്നും പിന്നോട്ട് എടുത്ത കാറിനടിയിൽപെട്ട് നാലു വയസുകാരി മരിച്ചു. എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബിറിന്റെ മകൾ അംറുബിൻദ് ജാബിർ (4) ആണ് മരിച്ചത്. നിർത്തിയിട്ടിരുന്ന കാർ പിന്നോട്ട് എടുക്കുന്നതിനിടയിൽ മുറ്റത്ത് നിൽക്കുന്നവരെ ഇടിക്കുകയായിരുന്നു.
കാര്‍ വേഗത്തിൽ വന്നതിനാൽ ഇവര്‍ക്ക് മാറാനായില്ല. നാലു വയസുകാരിയുടെ ദേഹത്ത് കാര്‍ പൂർണമായും കയറിയിറങ്ങി. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അപകടം ഉണ്ടാവുന്നത്. ഓട്ടോമാറ്റിക് കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ക്കും വീടിന്റെ മുറ്റത്ത് നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരിക്കേറ്റു. മുറ്റത്ത് കുഞ്ഞിനൊടൊപ്പം നിന്നിരുന്ന ബന്ധുവായ സ്ത്രീയുടെ നില ഗുരുതരമാണ്. ഇവർ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.