Friday, December 27, 2024
Homeകഥ/കവിതനഷ്ടം (കവിത) ✍രചന: ശ്രീമതി. അനിത പൈക്കാട്ട്.

നഷ്ടം (കവിത) ✍രചന: ശ്രീമതി. അനിത പൈക്കാട്ട്.

ശ്രീമതി. അനിത പൈക്കാട്ട്.

നഷ്ട്ടത്തിൻ്റെ എണ്ണം തിട്ടപ്പെടുത്താൻ
അവൾക്ക് എവിടെ നേരം
ബാല്യകാലത്തിൻ്റെ മഹോൽസവം
ആസ്വദിക്കാൻ അറിവ്
ഉണ്ടായില്ലെന്ന് വാദിച്ചവൾ;

കൗമാരം കടന്നുവന്നപ്പോൾ
പറക്കാൻ ചിറകുകൾ
വിടർത്തിയവൾ
ആനന്ദ നൃത്തമാടാൻ
മയിലാകാൻ കൊതിച്ചവൾ
വിലക്കുകളുടെ
ഇരുമ്പു ചങ്ങല
കാലിൽ കുടുക്കിയവരെ നോക്കി
അമർഷം പൂണ്ടവൾ;

യൗവനം വന്നു പൂത്തപ്പോൾ
സ്വപ്നങ്ങളുടെ റാണിയായവൾ,
ശിവേലി തൊഴുതിറങ്ങുമ്പോൾ
സ്വർണ്ണ നൂലിഴപാകിയ മുണ്ടുടുത്ത
രാജകുമാരനിൽ കണ്ണുകൾ ഉടക്കിയത്
അവൾ പോലുമറിഞ്ഞില്ലെന്ന്
വെറുംവാക്ക് പറഞ്ഞവൾ;

ആ രാജകുമാരനെ
ഹൃദയത്തിൽ പ്രതിഷ്ഠിച്ച്
പകൽ സ്വപ്നം കണ്ടുനടന്നവൾ,
വില്ല് കുലച്ച് തന്നെ വേൾക്കാൻ വരുന്ന
രാജകുമാരനെ ഓർത്ത്
ഉറക്കം നഷ്ടപ്പെടുത്തിയവൾ;

മോഹിച്ചതൊന്നും നേടാനാകാതെ
വളർത്തിയതിൻ്റെ കണക്ക്
പറഞ്ഞവരുടെ ഇഷ്ടത്തിന് ജീവിതം
വിട്ടുകൊടുത്ത്
താലിയേറ്റുവാങ്ങിയവൾ,

ഇഷ്ടങ്ങൾ സ്വപ്നങ്ങൾ
ബലികഴിച്ച് ജീവിക്കാൻ പഠിച്ചു
തുടങ്ങുമ്പോഴേക്കും
സിന്ദൂരം മാഞ്ഞുപോയതും
കുപ്പിവളകൾ ഉടച്ചിട്ടതും
പകപ്പോടെ
നോക്കിനിന്നവൾ;

യൗവനം ഇനിയും
നീണ്ടുനിൽപ്പുണ്ടെന്ന്
അവൾ മാത്രം അറിഞ്ഞതില്ല…

ശ്രീമതി. അനിത പൈക്കാട്ട്.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments