Monday, December 30, 2024
Homeമതംസ്ഥാനേശ്വർ മഹാദേവ ക്ഷേത്രം (ലഘു വിവരണം) ✍ ജിഷ ദിലീപ് ഡൽഹി

സ്ഥാനേശ്വർ മഹാദേവ ക്ഷേത്രം (ലഘു വിവരണം) ✍ ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ് ഡൽഹി

ശിവ പ്രതിഷ്ഠയുള്ള സ്ഥാനേശ്വർ മഹാദേവക്ഷേത്രം ഹരിയാനയിലെ കുരുക്ഷേത്രയിലെ പുണ്യനഗരമായ താനെസറിലാണ്.

താനേർ എന്നാൽ ദൈവത്തിന്റെ വാസസ്ഥലം ആണെന്നാണ് അർത്ഥമെന്നും അതിനാൽ അത് ശിവന്റെ പരമമായ അഭയ സ്ഥാനമാണെന്നും കണക്കാക്കപ്പെടുന്നു.

ബ്രഹ്മാവ് ശിവന്റെ ആദ്യ ലിംഗം സ്ഥാനേശ്വർ ക്ഷേത്രത്തിലാണ് സ്ഥാപിച്ചത് എന്നാണ് ഐതിഹ്യം.

ധർമ്മ ക്ഷേത്ര എന്നും അറിയപ്പെടുന്ന കുരുക്ഷേത്ര പുണ്യ സ്ഥലത്താണ് കുരുക്ഷേത്ര യുദ്ധത്തിന് മുമ്പ് ശ്രീകൃഷ്ണനും പാണ്ഡവരും വിജയത്തിനായി ശിവനെ പ്രാർത്ഥിക്കുകയും അനുഗ്രഹം തേടുകയും ചെയ്തതെന്നാണ് പറയപ്പെടുന്നത്.

ഈ പുണ്യ നഗരത്തിന്റെ പ്രാധാന്യം കുരുക്ഷേത്രയുദ്ധം നടന്ന മണ്ണാണ് കൂടാതെ ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഭഗവത്ഗീത ഉപദേശിച്ചതും ഇവിടെ വച്ചാണെന്നാണ് വിശ്വാസം.

ഹിന്ദു പുരാണമനുസരിച്ച് കുരുക്ഷേത്രയിലെ 5000 വർഷത്തിലേറെ പഴക്കമുള്ള ശ്രീ സ്ഥാനേശ്വർ ക്ഷേത്രം, വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഇടയിൽ അറിയപ്പെടുന്നത് ശ്രീ സ്ഥാണു ക്ഷേത്രം എന്നാണ്.

എല്ലാവർഷവും വളരെ ഗംഭീരമായി നടത്തപ്പെടുന്ന പ്രധാന ആഘോഷമാണ് സ്ഥാനേശ്വര് ക്ഷേത്രത്തിലെ മഹാശിവരാത്രി. ഭക്തർ രാത്രിയിൽ വ്രതമനുഷിച്ചുകൊണ്ട് രാത്രി വരെ ഒന്നും കഴിക്കാതെ പൂക്കളും പഴങ്ങളും ബേൽപത്രയും ശിവലിംഗത്തിൽ സമർപ്പിക്കുന്നു. ഈ പുണ്യ ദിനത്തിലാണ് ശിവ പാർവതി പരിണയം നടന്നതെന്നാണ് വിശ്വസിക്കുന്നത്. ദീപാവലി, നവരാത്രി, രാമനവമി തുടങ്ങിയ നിരവധി ആഘോഷങ്ങളും ഇവിടെ ആഘോഷിക്കപ്പെടുന്നു

സംസ്ഥാനത്തെ പ്രസിദ്ധമായ ചില ക്ഷേത്രങ്ങളാൽ അനുഗ്രഹീതമായ നഗരം കൂടിയാണിത്.

ക്ഷേത്ര പരിസരത്തുള്ള മനോഹരമായ കുളത്തിന്റെ നടുവിൽ ഒരു കൽപലകയിൽ വിശ്രമിക്കുന്ന നീല മനോഹരമായ ശിവ വിഗ്രഹമുണ്ട്. ഈ കുളത്തിലെ വിശുദ്ധ ജലത്തിന് ഉയർന്ന രോഗശക്തി ശമനമുണ്ടെന്ന വിശ്വാസത്താൽ സമീപ പട്ടണങ്ങളിൽ നിന്നും വിവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ രോഗവിമുക്തി ലഭിക്കുമെന്ന പ്രതീക്ഷയാൽ ഈ ക്ഷേത്രത്തിൽ വന്ന് കുളിക്കുന്നു. ഇതിന് കാരണം പണ്ടുകാലത്ത് കുഷ്ഠരോഗമുള്ള രാജാവ് ഈ പുണ്യ ജലത്തിൽ കുളിച്ചതിനെ തുടർന്ന് രോഗം ഭേദമായി എന്നതാണ്.

സ്ഥാനേശ്വർ ക്ഷേത്രത്തോട് ചേർന്ന് ഒരു സിക്ക് ഗുരുദ്വാര നിർമ്മിക്കപ്പെട്ടിരിക്കുന്നു. അതിന് കാരണം ഒമ്പതാമത്തെ സിക്ക് ഗുരുവായിരുന്ന ഗുരു തേജ് ബഹാദുർ ഈ ക്ഷേത്രത്തിൽ താമസിച്ചിരുന്നു എന്നതാണ്.

ക്ഷേത്രവും, ഗുരുദ്വാരയും രാവിലെ തുറക്കുകയും രാത്രി 8.30 യോടുകൂടി അടക്കുകയും ചെയ്യുമെങ്കിലും ശൈത്യകാലത്തുള്ള സന്ദർശനമാണ് ഇവിടെ നല്ലത്. ക്ഷേത്ര വാസ്തുവിദ്യ താഴികക്കുടത്തിന്റെ ആകൃതിയിലുള്ളതും ലളിതവുമായ ഘടനയുള്ള രൂപകല്പനയിലാണ്.

സ്ഥാനേശ്വർ ക്ഷേത്രം സന്ദർശിക്കാതെയുള്ള കുരുക്ഷേത്ര തീർത്ഥാടനം അപൂർണ്ണമായി കണക്കാക്കപ്പെടുന്നു.

ചരിത്രത്തിലും ആത്മീയതയിലും ഗ്രാമീണ ചാരുതയുള്ള ഹരിയാന മതപരവും സാംസ്കാരികവുമായ പാരമ്പര്യത്തെ സാക്ഷ്യപ്പെടുത്തുന്നതും നിരവധി ക്ഷേത്രങ്ങളാലും ധന്യമാണ്.

കാലാതീതമായ പാരമ്പര്യവും അതിശയകരമായ വാസ്തുവിദ്യയിലൂടെയും ഹരിയാന വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും എന്നും ആകർഷകമായ കാഴ്ചയായി നിലകൊള്ളുന്നു.

✍ ജിഷ ദിലീപ് ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments