ന്യൂഡൽഹി: പഹൽഗാമിൽ ക്രൂരമായി കൊല്ലപ്പെട്ട 26 രക്തസാക്ഷികളോടും കുടുംബത്തോടും ഇന്ത്യൻ സൈന്യം നീതി പുലർത്തിയെന്ന് മുൻ പ്രതിരോധവകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി. ധീരരായ ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ടെന്നും എ കെ ആന്റണി പറഞ്ഞു.
ഭീകരർക്കെതിരായുള്ള ഏത് നടപടിക്കും രാജ്യം ഒറ്റക്കെട്ടായി നിൽക്കുകയാണ്.
അതിനാൽ തന്നെ ഭീകരതയ്ക്കെതിരെ സർക്കാർ നടത്തുന്നഎല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരർക്കെതിരായ കൂടുതൽ നടപടികൾ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ നടത്തുന്നത് യുദ്ധമല്ല, ഭീകരർക്കെതിരായുള്ള നടപടിയാണെന്ന് എ കെ ആന്റണി പറഞ്ഞു.
ഇതൊരു തുടക്കം മാത്രമാണ്. ഇന്ത്യയ്ക്കൊപ്പം ലോക മനഃസാക്ഷി ഉണ്ടാകും. തുടർന്നുള്ള കാര്യങ്ങൾ സൈന്യം ചെയ്യും, കേന്ദ്രം അവർക്ക് വിട്ടു കൊടുത്തിട്ടുണ്ട്. രാജ്യം ഒറ്റകെട്ടായി നിൽക്കേണ്ട സമയത്ത് ഒരു വിവാദങ്ങൾക്കും സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് പുലർച്ചെയാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്ഥാന് മറുപടി നൽകിയത്.
ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമാണ് സൈന്യം തിരിച്ചടിച്ച് തുടങ്ങിയത്. ജയ്ഷെ മുഹ്മദ് സ്വാധീനമേഖലയിലാണ് ആദ്യം ആക്രമണം നടന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ 17 ഭീകരരാണ് കൊല്ലപ്പെട്ടത്.