മധ്യപ്രദേശ് :- പന്ന കടുവ സങ്കേത കേന്ദ്രത്തിന്റെ തെക്കൻ ഹിനോട്ട ഭാഗത്താണ് സംഭവം ഉണ്ടായത്. ശനിയാഴ്ച കന്നുകാലികൾക്കായി പുല്ലുചെത്താൻ പോയ സ്ത്രീയ്ക്ക് നേരെയാണ് കടുവ കുഞ്ഞുങ്ങളുടെ ആക്രമണം ഉണ്ടായത്.
ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം. ഫുലിയ സാഹു അടക്കം മൂന്ന് സ്ത്രീകളാണ് കന്നുകാലികൾക്ക് പുല്ലുചെത്താനായി കടുവ സങ്കേതത്തിലെ നിരോധിത മേഖലയിൽ കടന്നത്.ഇതിനിടെ ഇവർക്ക് നേരെ കടുവ കുഞ്ഞുങ്ങളുടെ ആക്രമണം ഉണ്ടാകുകയായിരുന്നു.
കടുവ കുഞ്ഞുങ്ങൾ ഫുലിയയെ കൂട്ടംചേർന്ന് ആക്രമിച്ചു .വനത്തിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോയ ഫുലിയയെ കടുവ കുഞ്ഞുങ്ങൾ ഭാഗികമായി ഭക്ഷിച്ചതായാണ് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകൾ പറയുന്നത്. നിസ്സാര പരുക്കുകളോടെ ഇരുവരും അത്ഭുതകരമായാണ് കടുവ കുഞ്ഞുങ്ങളുടെ കടുത്ത ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. രക്ഷപ്പെട്ട സ്ത്രീകൾ വിവരം അറിയിച്ചതിനെ തുടർന്ന് പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ അടക്കം എത്തിയാണ് ഫുലിയയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്നും കണ്ടെത്തിയത്.
ഇതാദ്യമായാണ് പന്ന കടുവ സങ്കേതത്തിൽ ഇത്തരത്തിൽ മനുഷ്യരെ കടുവ ആക്രമിച്ച കേസ് റിപ്പോർട്ട് ചെയ്യുന്നത്. സ്ത്രീയെ ആക്രമിച്ച കടുവ കുഞ്ഞുങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കടുവ സങ്കേതത്തിലെ അധികൃതർ ഇപ്പോൾ. ആനകളെ അടക്കം ഉപയോഗിച്ച് കടുവ കുഞ്ഞുങ്ങളുടെ സഞ്ചാര പാത കണ്ടെത്താനുള്ള ശ്രമങ്ങളാണ് നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പന്ന കടുവ സങ്കേതത്തിന്റെ തെക്കൻ ഹിനോട്ട ഭാഗത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും ജനങ്ങളെ താത്ക്കാലികമായി വിലക്കിയിട്ടുണ്ട്. കടുവ അക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് നിയമ വ്യവസ്ഥകൾ അനുസരിച്ച് നഷ്ടപരിഹാരം നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.ഭാവിയിൽ മനുഷ്യ-മൃഗ സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ ആക്രമണത്തിൽ ഉൾപ്പെട്ട കടുവകളെ മാറ്റി സ്ഥാപിക്കുന്ന കാര്യവും അധികൃതർ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.