കാൺപൂർ:- പ്രായമാകുന്ന ആളുകൾക്ക് വീണ്ടു ചെറുപ്പത്തിലേക്ക് മടങ്ങിവരാനുള്ള അമൃത് നൽകാമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് മോഹിപ്പിക്കിന്ന ഒരു വാഗ്ദാനമായി തോന്നിയേക്കാം. കാര്യം ഒരിക്കലും നടക്കാത്ത ആനമണ്ടത്തരം ആണെങ്കിലും കാൺപൂരിൽ ഡസൻ കണക്കിന് വയോധികരാണ് ചെറുപ്പമാക്കാമെന്ന വാഗ്ദാനവും വിശ്വസിച്ച് കോടികൾ നഷ്ടപ്പെടുത്തിയത്. വീണ്ടും യുവത്വമാക്കാമെന്ന കാൺപൂർ സ്വദേശികളായ ദമ്പതികളുടെ വാക്ക് വിശ്വസിച്ചാണ് വയോധികർ പലരും ഇവർക്ക് പണം നൽകി തട്ടിപ്പിനിരയായത്.
രാജീവ് ഡൂബെ, ഭാര്യ രശ്മി എന്നിവർ 35 കോടിയോളം രൂപയാണ് ഇത്തരത്തിൽ വയോധികരെ കബളിപ്പിച്ച് നേടിയത്. സംഭവം പുറത്തറിഞ്ഞതോടെ ഇരുവരും വിദേശത്തേക്ക് കടന്നു കളഞ്ഞതായും സംശയിക്കുന്നു. കാൺപൂരിലെ കിഡ്വായ് നഗറിൽ ഒരു തെറാപ്പി സെൻ്റർ നടത്തുകയായിരുന്നു ദമ്പതികൾ.
ഇസ്രയേൽ നിർമ്മിതമായ ടൈം മെഷ്യൻ ഉപയോഗിച്ചുള്ള ഓക്സിജൻ തെറാപ്പി നൽകുന്നതിലുടെ പ്രായമായവരുടെ യുവത്വം തിരിച്ചു കൊണ്ടുവരാൻ സാധിക്കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.
തെറാപ്പിയുടെ ഒരു സെഷന് 90,000 രൂപയായിരുന്നു ഇവർ ഫീസായി ഈടാക്കിയിരുന്നത് എന്ന് ടൈംസ് ഒഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.തെറാപ്പിയ്ക്കായി മറ്റ് ആൾക്കാരെ ക്യാൻവാസ് ചെയ്ത് കൊണ്ടുവരുന്നവർക്ക് ഇളവുകളും ദമ്പതികൾ വാഗ്ദാനം ചെയ്തിരുന്നു. കാൺപൂരിലെ ഉയർന്ന മലിനീകരണ തോത് കാരണമാണ് ആളുകൾ പ്രായമാകുന്നതെന്നും ഇവർ വയോധികരെ പറഞ്ഞ് വിശ്വസിപ്പിച്ചതായി പൊലീസ് പറയുന്നു.
തന്റ കയ്യിൽ നിന്നും 10.75 ലക്ഷം രൂപ തട്ടിയതായി പ്രധാന പരാതിക്കാരിയായ രേണു സിംഗ് ആരോപിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.ദമ്പതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 318(4) (വഞ്ചന) പ്രകാരം പോലീസ് രജിസ്റ്റർ ചെയ്തു.