Wednesday, December 25, 2024
Homeപുസ്തകങ്ങൾമേരി ജോസിയുടെ "വ്യത്യസ്ത പാഷനും മറ്റു ചില കഥകളും " എന്ന കഥപുസ്തകത്തിന് നിർമല...

മേരി ജോസിയുടെ “വ്യത്യസ്ത പാഷനും മറ്റു ചില കഥകളും ” എന്ന കഥപുസ്തകത്തിന് നിർമല അമ്പാട്ട് തയ്യാറാക്കിയ ആസ്വാദനം.

നിർമല അമ്പാട്ട്

പ്രിയമുള്ള മേരി ജോസിയുടെ “വ്യത്യസ്ത പാഷനും മറ്റു ചില കഥകളും ” എന്ന കഥപുസ്തകത്തിന്റെ വായനയിൽ നിന്ന്.

Loremipsum ആണ് പബ്ലിഷ് ചെയ്തത്. ആദ്യം കിട്ടിയ എട്ട് കോപ്പികളിൽ ഒന്ന് എനിക്കായിരുന്നു. അതിൽ എനിക്കഭിമാനമുണ്ട് ഒരു പാട് .
ആദ്യത്തെ കഥയിൽത്തന്നെ മേരി എഴുത്തിന്റെ പൊടിക്കൈ അതി വിദഗ്ദമായി പ്രയോഗിച്ചിട്ടുണ്ട്….
ശ്രുണു സുമുഖി!
സുരസുഖപരേ!ശുദ്ധേ!
ഭൂജംഗമാതാവേ! നമോസ്തുതേ!-
ശരണമിഹ ചരണസരസിജ യുഗളമേവതേ
ശാന്തേ ശരണ്യേ! നമസ്തേ നമോസ്തുതേ……

തുടക്കം ഇങ്ങിനെ..! സുന്ദര കാണ്ഡത്തിലെ ഭാഗമാണിത്. ശ്ലോകത്തിൽ രണ്ട് വാക്ക് വിട്ടുപോയിട്ടുണ്ട്. അടുത്ത എഡിഷനിൽ അത് ചേർക്കുമല്ലോ.
രാമായണത്തിലെ പാരായണം ചെയ്യാൻ വിഷമമുള്ള കാണ്ഡമാണ് സുന്ദരകാണ്ഡം. വഴങ്ങിയാൽ പിന്നെയും പിന്നെയും ചൊല്ലാൻ മനസ്സിനെ ഭ്രമിപ്പിക്കുന്ന വിസ്മയങ്ങളുള്ള കാണ്ഡം. കാര്യസിദ്ധി നേടിയ കാണ്ഡം.!
അറിഞ്ഞോ അറിയാതെയോ മേരിയുടെ ഈ പുസ്തകത്തിൽ ഈ സിദ്ധി!
മന്ത്രമോ തന്ത്രമോ…

ഓൺലൈൻ തട്ടിപ്പുകളുടെ പൊയ്മുഖം വളരെ സരസമായി ആവിഷ്കരിച്ചിട്ടുണ്ട് പാക്കേജ് ടൂർ എന്ന കഥയിൽ. അപായം വന്നാൽ ഉപായം എന്നൊരു പഴംചൊല്ലുണ്ട്. അതാണ് ഷട്ടറിലെശ്രീവിദ്യ എന്നകഥയിൽ രസച്ചരട് പൊട്ടിക്കാതെ മേരിജോസി പ്രയോഗിച്ചിരിക്കുന്നത്. കോളാമ്പി മൈക്ക് ആദര്ശസമ്പന്നമായ മറ്റൊരു കഥയാണ്. ഒരു സദുപദേശം ആ കഥയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുഖം ബ്ലീച്ച് ചെയ്യുന്നതിന് ഒരു വല്യമ്മച്ചി പറഞ്ഞത് കേട്ടാൽ ചിരിക്കാത്തവർ ആരെങ്കിലുമുണ്ടോ? ഒന്ന് കേട്ടുനോക്കൂ …
“കറുത്ത പെണ്ണുങ്ങളുടെ മുഖത്ത് കുറച്ചു കാരം തേച്ചിടും!”
പലവട്ടം ഈ കുന്ത്രാണ്ടം മുഖത്ത് കിടന്നപ്പോളും ആട്ടിൻ മൂത്രത്തിന്റെ മണം കേട്ട് മനം മടുത്തപ്പോളും ഈ തേപ്പിന് കാരം തേപ്പാണെന്ന് മേരി വല്യമ്മച്ചിയെക്കൊണ്ട് പറയിപ്പിച്ചപ്പോളാണ് എനിക്ക് ഒരിക്കലും ഇങ്ങിനെ തോന്നാതിരുന്നതെന്ത്കൊണ്ട് എന്ന് ഓർത്തത്.

സേതുരാമയ്യർ സി ബി ഐ എന്നകഥയിൽ ഇന്നത്തെ വിദ്യാഭ്യാസരീതിയിലെ അമിതഭാരം പിഞ്ചുമനസ്സിനെ എങ്ങിനെ ബാധിക്കുന്നു എന്ന് അടിവരയിട്ട് പറയുന്നുണ്ട്. നാലാള് പറഞ്ഞാൽ കൊമ്പത്ത് കയറുന്നവർക്കുള്ള ഒരു പാഠമാണ്. ക്ലെപ്‌റ്റോമാനിയാ നല്ല ചങ്ങാതിമാർ കൈകാര്യം ചെയ്തത് ഈ പുസ്തകം വായിക്കുന്ന കുട്ടികൾക്ക് ഒരു നല്ലപാഠമാണ്. മുത്തശ്ശിയുടെ ഓർമ്മകളും വെറോനിക്കമ്മയുടെ വേർപാടുമൊക്ക വളരെ സരസമായിത്തന്നെ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട് .
ഫാദർ ഗജനി സ്പീക്കിങ്ങും ശ്രീധരന്റെ തിരുമുറിവും വേറിട്ട രണ്ടു പാഠങ്ങൾ . നൂല് സാബു എന്ന കള്ളന്റെ കഥ അടക്കാരാജുപോലുള്ള നന്മ അല്പമെങ്കിലും ഹൃദയത്തിൽ സൂക്ഷിക്കുന്ന കള്ളന്മാരുണ്ടെന്നും ഈ കള്ളന്മാർ തുടക്കത്തിലേ നല്ല സാഹചര്യങ്ങളിൽ ആയിരുന്നെങ്കിൽ അവരും ഈ ഭൂമിയിൽ നമ്മളോടൊപ്പം കള്ളനല്ലാതെ നല്ല മനുഷ്യനായി ജീവിക്കുമായിരുന്നു എന്നൊരു സന്ദേശം നമുക്ക് തരുന്നുണ്ട്. വില്പത്രമാണോ ഈ ബുക്കിലെ ആശയ സംപുഷ്ഠമായ കഥ എന്ന് ചിന്തിച്ചുപോവുന്നു.

ആൾക്കൂട്ടത്തിലെന്നും തനിയെ എന്ന കഥ അതിശയോക്തിയോടെ അവസാനിക്കുന്നു. “ഉത്തിഷ്ഠ നരശാർദ്ദൂല കർത്തവ്യം ദൈവമാഹ്നിതം”. വിധി പോലെ വരും സമസ്തവും എന്ന് നമുക്ക് ആശ്വസിക്കാം .
തിരുടൻ തിരുമാരൻ ഡിക്ടറ്റീവ് കഥയുടെ ചൂരും ചൂടുമുള്ളതായി തോന്നി.

സുബൈറിക്കാന്റെ മുത്ത് ദാമോദരൻ തെങ്ങിൽനിന്നും വീഴുന്നതിന്റെ മുമ്പേ കുളിപ്പുരക്ക് മേൽപ്പുര കെട്ടിയിരുന്നോ എന്നതിന് ഉത്തരം നമുക്ക് ഊഹിക്കാവുന്നതേയുള്ളു. കുളിപ്പുരക്ക് മേൽക്കൂരയില്ലാത്ത കാലങ്ങളിൽ ദാമോദരൻ തെങ്ങേൽ കൂളായി കയറുകയും ഇറങ്ങുകയും ചെയ്തു. പ്രതീക്ഷയോടെ തെങ്ങിൽകയറിയ ദാമോദരൻ കുളിപ്പുരക്ക് മേൽക്കൂര കെട്ടിയത്കണ്ടു! ഉള്ളിൽ സുബൈറിന്റെ മുത്ത് കുളിക്കുന്നുണ്ടെന്നറിയപ്പോൾ ഉണ്ടായ ഇച്ഛാഭംഗം കൊണ്ട് തല കറങ്ങി വീഴുകയും ചെയ്തു. സുബൈറിന് സമാധാനിക്കാം.

തൂണും ചാരിനിന്നവൻ എന്നകഥയിൽ സരസ്വതിയുടെ കണ്ടുപിടുത്തം നന്നായി. ഭാഷയറിയാത്തവന് പെണ്ണ് കൊടുത്താൽ വഴക്ക് കൂടുമ്പോൾ വിളിച്ചുകൂവുന്ന വാക്കിന്റെ കാഠിന്യം തിരിച്ചറിയാതെ പോവുന്നത്കൊണ്ട് വഴക്ക് നനഞ്ഞ പടക്കംപോലെ ചീറ്റിപ്പോവും. രസകരമായ കണ്ടുപിടുത്തം.

ട്രെയിൻ മാറികയറിയ ആത്മഹത്യയും , വെൽഡൺ മൈ ബോയ്സ് തങ്കപ്പനും കുറെ സദാചാരക്കാരും ഒക്കെ വ്യത്യസ്തത പുലർത്തുന്ന കഥകൾ. അനന്തിരവളും തീയേറ്ററിലെ സുഹൃത്തും വളരെ സരസമായി തന്നെ മേരി വിവരിച്ചിട്ടുണ്ട്.

കൃസ്തുമസ് രാത്രിയിലെ അമിട്ട്, കലം മേം ക്യാഹെ, തേൻകണി അഥവാ തേൻകെണി ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, തവളക്കുളം ശലോമി, ബുൾസൈ അപ്പം, ബി ബി സി നബീസത്തായുടെ രോദനം,കെവിന്റെ കുണുവാവ ഡീസന്റ് പപ്പൻ, ഒരു വ്യത്യസ്ത പാഷൻ എന്നീ കഥകളിൽ ബി ബി സിയും വ്യത്യസ്‌ത പാഷനും കൂടുതൽ മികവ് പുലർത്തി. തിയേറ്ററിലെ സുഹൃത്ത് എന്ന കഥ ഉന്നതനിലവാരവും പുലർത്തി.

മേരിജോസിയുടെ കഥകളിൽ ഓരോ കഥയും വ്യത്യസ്ഥ ആശയങ്ങൾ നിലനിർത്തുന്നു എന്നതാണ് പ്രത്യേകത. ഓരോ കഥയും ഓരോ വിധത്തിൽതന്നെ ആവിഷ്കരിച്ചു എന്നത് കഥാകൃത്തിന്റെ രചനാവൈഭവം തന്നെ.

മേരി ജോസിക്ക് എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു.
സ്നേഹപൂർവ്വം

നിർമല അമ്പാട്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments