Friday, November 22, 2024
Homeകഥ/കവിതസ്വപ്നങ്ങളൊക്കെയും പങ്കു വെക്കാം…. ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം……. പക്ഷേ….😜 മേരി ജോസി മലയിൽ,✍️ ...

സ്വപ്നങ്ങളൊക്കെയും പങ്കു വെക്കാം…. ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം……. പക്ഷേ….😜 മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം.

മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം.

ഇ എസ് ഐ ഡോക്ടറായി വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ദമ്പതികളാണ് ഡോക്ടർ കരുണാകരനും ഭാര്യയും. മക്കളൊക്കെ കുടുംബമായി വിദേശത്ത്. സർക്കാർ തരുന്ന പെൻഷനും വാങ്ങി സ്വസ്ഥം ഗൃഹഭരണം ആയിരിക്കുകയാണ് ഡോക്ടർ. പല പ്രൈവറ്റ് ആശുപത്രിക്കാരും വലിയ ഓഫർ കൊടുത്ത് വിളിച്ചെങ്കിലും ഡോക്ടർ എവിടെയും പോകണ്ട എന്ന് തീരുമാനത്തിലായിരുന്നു. പിന്നെ അത്യാവശ്യം അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ മാത്രം ചികിത്സ ആവശ്യപ്പെട്ടാലോ സെക്കൻഡ് ഒപ്പീനിയൻ ചോദ്യങ്ങൾക്കോ മറുപടി പറഞ്ഞു കൊടുക്കും എന്നതല്ലാതെ ഡോക്ടർ ഒന്നിനും ഇല്ല. വിശ്രമജീവിതം എന്ന് പറഞ്ഞാൽ വിശ്രമജീവിതം തന്നെ. പിന്നെ ജീവിതത്തിൽ അതിമോഹങ്ങൾ ഇല്ല. മക്കളൊക്കെ നല്ല നിലയിൽ ജീവിക്കുന്നു. ആർക്കു വേണ്ടി എല്ലാം വാരി കൂട്ടണം. സർക്കാർ തരുന്ന പെൻഷൻ തന്നെ ധാരാളം ആണെന്നാണ് ലളിതജീവിതം നയിക്കുന്ന ഡോക്ടറുടെ നിലപാട്. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞാൽ ഉച്ചവരെ പത്രങ്ങളും മാസികകളും അരിച്ചുപെറുക്കി വായിക്കും. ഉച്ചയൂണ് കഴിഞ്ഞാൽ ഒരു മയക്കം. വൈകുന്നേരം തൻറെ ഇഷ്ട വിനോദമായ ടെന്നീസ് കളിക്കാൻ ഡോക്ടേഴ്സ് ക്ലബ്ബിൽ പോകും. അതും കഴിഞ്ഞാൽ ചീട്ടുകളി. മിക്കവാറും ക്ലബ്ബിൽ നിന്ന് ഡിന്നറും കഴിച്ചാണ് ഡോക്ടർ തിരികെ വരിക. ഒന്നോ രണ്ടോ പെഗ് ദിവസവും സുഹൃത്തുക്കളോടൊപ്പം കഴിക്കും. ഇതാണ് ഡോക്ടറുടെ ദിനചര്യ.

ഡോക്ടറുടെ ഭാര്യയാണെങ്കിൽ രാത്രി പൂജാമുറിയിൽ വിളക്കുകൊളുത്തി കഴിഞ്ഞാലുടൻ സീരിയലുകൾ കാഴ്ച തുടങ്ങും. ഏഷ്യാനെറ്റുകാര് സീരിയൽ അവസാനിപ്പിക്കുന്ന സമയത്തെ പിന്നെ അവിടെ നിന്ന് എഴുന്നേൽക്കൂ.
പരസ്യത്തിന്‍റെ സമയത്ത് രാത്രി ഡിന്നർ കഴിക്കും. ജീവിതം അങ്ങനെ ശാന്തമായി ഒഴുകുമ്പോഴാണ് ഒരു ദിവസം പൊട്ടിത്തെറി ഉണ്ടാകുന്നത്. ഡോക്ടർ ക്ലബ്ബിൽ നിന്ന് വന്നാലും മുഖത്തു പോലും നോക്കാതെ വാതിൽ തുറന്നു തരാറുള്ള ഭാര്യ അന്ന് ഡോക്ടർ എത്തിയതും ടിവി ഓഫ് ചെയ്ത് ഒപ്പംകൂടി.അപ്പോഴേ ഡോക്ടർ അപകടം മണത്തു. എന്തിനാ ടിവി ഓഫ് ചെയ്തത് ഇന്ന് സാന്ത്വനവും ചെമ്പനീർ പൂവും ഒന്നും കാണുന്നില്ലേ എന്ന് ചോദിച്ചു അദ്ദേഹം.

“നിങ്ങൾ എന്നും ഇവിടുന്ന് ക്ലബ്ബിൽ പോകും. സുഹൃത്തുക്കളെ കാണും.ടെന്നീസ് കളിക്കും, ചീട്ട് കളിക്കും. എന്തെങ്കിലും കാരണം പറഞ്ഞ് പാർട്ടി ഉണ്ടായിരുന്നു എന്നും പറഞ്ഞ് രണ്ട് സ്മാളും അകത്താക്കി വന്നു കിടക്കും. എനിക്ക് ആണെങ്കിൽ ഇവിടെ ആരെങ്കിലും മിണ്ടാനും പറയാനും ഉണ്ടോ.? “ ഭാര്യയുടെ ചോദ്യം.
അതിനിപ്പോ ഞാനെന്ത് ചെയ്യാനാ?നാളെ തൊട്ട് ക്ലബ്ബിലേക്ക് നീയും പോന്നോ എന്ന് പറഞ്ഞു നോക്കി. അപ്പോൾ അതൊന്നുമല്ല കാര്യം. അടുത്ത വീട്ടിൽ താമസിക്കുന്ന കല്യാണം കഴിക്കാത്ത പെൺകുട്ടി ഒരു വിലകൂടിയ പൂച്ചയെ വളർത്തുന്നുണ്ട്. അത് പ്രസവിക്കുമ്പോൾ ഒരെണ്ണത്തിനെ തനിക്കു വാങ്ങണം അതാണ് ഡിമാൻഡ്.കേട്ടതും ഒരെണ്ണം വച്ചു കൊടുക്കാനാണ് തോന്നിയത് എങ്കിലും ഡോക്ടർ ആത്മസംയമനം പാലിച്ചു. “ഞാൻ മുമ്പേ പറഞ്ഞിട്ടുള്ളതാണ് ഈ പട്ടി പൂച്ച…..പോലുള്ള പെറ്റ്സ്നെ ഒന്നും എനിക്ക് ഇഷ്ടമല്ല എന്ന്. ഇത് എന്നോട് ചോദിക്കാൻ എങ്ങനെ ധൈര്യം വന്നു? ഞാൻ പെണ്ണുകാണാൻ നടന്നിരുന്ന കാലത്ത് ഒരു പെൺകുട്ടി പട്ടിയെ എടുത്തുകൊണ്ടുവന്നു എന്ന ഒറ്റക്കാരണത്താൽ ആ കല്യാണം തന്നെ ഞാൻ വേണ്ടെന്നു വെച്ചതായിരുന്നു എന്ന് നിനക്കറിഞ്ഞു കൂടേ? “

അത് പട്ടി. ഇത് പൂച്ച. നീലക്കണ്ണുള്ള റാഗ്ഡോൾ ഇനത്തിൽപ്പെട്ട സുന്ദരിയാണ് അമ്മ. 200 ഡോളറാണ് അതിൻറെ വില.ഇന്ത്യൻ രൂപ ഏകദേശം 16,000 രൂപ.ആൻറിക്ക് ആയതുകൊണ്ട് വിലകുറച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ടത്രേ.

നടക്കില്ല. വെറുതെ നടക്കാത്ത കാര്യത്തിന് വാശി പിടിക്കേണ്ട എന്ന് ഡോക്ടർ. പിന്നെ രണ്ട് ദിവസം മുഖം വീർപ്പിച്ചു നടക്കൽ,ചായയിൽ പഞ്ചസാര അധികം കോരിയിടുക, ഇഷ്ടമുള്ള കറികൾ പലതും ഉണ്ടാക്കാതിരിക്കുക….. സ്വൈരക്കേട് ആയി എന്ന് പറഞ്ഞാൽ മതിയല്ലോ. വയസ് പത്ത് മുപ്പത് ആയില്ലേ ആ ഐ.ടി പെണ്ണിന് വല്ലവനെയും കെട്ടി സുഖമായി ജീവിച്ചു കൂടെ.പൂച്ചയേയും വളർത്തി ബാക്കിയുള്ളവരുടെ സ്വൈര്യം കെടുത്താനായി ഓരോന്ന് ഇറങ്ങിപ്പുറപ്പെട്ടോളും എന്ന് ഡോക്ടർ ആത്മഗതം പറഞ്ഞു കൊണ്ട് ഭാര്യയുമായി ഒരു കോംപ്രമൈസിനു ശ്രമിച്ചു.പക്ഷേ ഭാര്യ അമ്പിനും വില്ലിനും അടുക്കുന്നില്ല.

അങ്ങനെയിരിക്കെ റാഗ്ഡോൾ സുന്ദരി നാലു കുഞ്ഞുങ്ങളെ പ്രസവിച്ചു. ഓരോരുത്തരായി നല്ല വിലയ്ക്ക് ആ വീട്ടിൽ നിന്ന് പോയി തുടങ്ങി.
അതിനനുസരിച്ചു ഇവിടെ കലഹവും മുറുകി മുറുകി വന്നു. മുപ്പതു വയസ്സുകാരി അവളുടെ എല്ലാ ദുഃഖവും ഓഫീസിലെ ടെൻഷനും സ്ട്രെസ്സും പറയുന്നത് പൂച്ചയോട് ആണത്രേ.പൂച്ച എല്ലാം കേൾക്കുകയും നമ്മൾ ദുഃഖിതർ ആണെങ്കിൽ ആദ്യം കരയുകയും പിന്നീട് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്യുമത്രേ! ദിനവും ഇങ്ങനെ ഓരോ വാർത്താ ശകലങ്ങളും ആയി ഭാര്യ സീരിയൽ കാണാതെ ഡോക്ടറെ ബെഡ് റൂമിൽ കാത്തിരിക്കുന്ന പതിവ് തുടങ്ങി.

അവസാനം കുടുംബ സമാധാനം പുന:സ്ഥാപിക്കാൻ ഡോക്ടർ പൂച്ചയെ വാങ്ങിക്കാൻ അനുവാദവും കാശും കൊടുത്തു. പക്ഷേ ചില കണ്ടീഷനുകൾ മുന്നോട്ടുവച്ചു. നിൻറെ ബെഡ്റൂമിൽ മാത്രം ഇട്ടു അതിനെ വളർത്തിക്കോളണം. ഞാൻ മറ്റൊരു മുറിയിലേക്ക് കിടപ്പു മാറ്റും. വീട്ടിൽ വേറെ എവിടെയെങ്കിലും ഈ പൂച്ചയെ കണ്ടാൽ ഞാൻ തല്ലിക്കൊല്ലും. എല്ലാം ഭാര്യയ്ക്ക് സമ്മതമായിരുന്നു. മുപ്പതുവർഷം കൂടെ കിടന്ന താൻ മുറി മാറി കിടക്കുന്നതിൽ പോലും അവൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് അറിഞ്ഞപ്പോൾ ഡോക്ടർ ഞെട്ടി. ബോറടി മാറ്റാൻ ആണെങ്കിൽ മക്കളുടെ കൂടെ വിദേശത്ത് പോയി നിന്ന് പേരക്കുട്ടികളെ നോക്കി കൊടുത്ത് അവരെ സഹായിച്ചു കൂടെ എന്ന് ചോദിച്ചപ്പോൾ അതിനൊന്നും ഇനി ആരോഗ്യമില്ലത്രേ.

എന്തായാലും നീലക്കണ്ണുള്ള കുഞ്ഞു സുന്ദരി പൂച്ച എത്തി ഭാര്യയുടെ ബെഡ്റൂമിൽ താമസം തുടങ്ങി. അതിനാവശ്യമുള്ള പല്ലുതേക്കാൻ ഉള്ള ബ്രഷ്, രോമം ഭംഗിയാക്കാൻ ഉള്ള ബ്രഷ്…… അതുപോലുള്ള ഉപകരണങ്ങളെല്ലാം വാങ്ങിക്കൊടുത്തു.

തൻറെ ടെന്നീസ്സീനോടുള്ള പാഷൻ പോലെ ആകും ഭാര്യക്ക് പൂച്ചയോടുള്ള പാഷൻ എന്ന് സമാധാനിച്ചു ഡോക്ടർ. ഭാര്യ എപ്പോഴും അതിനോട് വർത്തമാനം പറയുന്നതും കൊഞ്ചിപ്പിക്കുന്നതും ദുഃഖം പങ്കു വയ്ക്കുന്നതും ഒക്കെ കാണാം. ഡോക്ടർ ഒളിഞ്ഞുനിന്ന് ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.എപ്പോഴാണോ ഭാര്യയെ ഇനി സൈക്കാട്രിസ്റ്റിനെ കാണിക്കേണ്ടി വരിക എന്ന് ആലോചിച്ച് മൂന്നാലു മാസം പ്രശ്നരഹിതമായി കടന്നുപോയി.

അപ്രതീക്ഷിതമായി ടെന്നിസ് ക്ലബ്ബിലേക്ക് ഉടനെ വീട്ടിൽ എത്തണം എന്നും പറഞ്ഞ് ഭാര്യയുടെ അയൽക്കാരി പൂച്ച പ്രേമിയുടെ ഫോൺ. കാറുമെടുത്ത് പാഞ്ഞെത്തിയപ്പോൾ വീട്ടിലേക്ക് കാലുകുത്താൻ വയ്യ. ദുർഗന്ധം കൊണ്ട് മൂക്കു പൊത്തിപ്പിടിച്ചു എന്താണ് സംഭവം എന്ന് അന്വേഷിച്ചപ്പോൾ ഭാര്യ കരഞ്ഞുകൊണ്ട് ഇരിപ്പുണ്ട്. പൂച്ച ദേഹത്ത് മാന്തുകയും കടിക്കുകയും ചെയ്തത്രേ. ഉടനെ ഇഞ്ചക്ഷൻ എടുക്കാൻ കൊണ്ടുപോകണം അതിനാണ് ഡോക്ടർ അങ്കിളിനെ അവൾ വിളിച്ചു വരുത്തിയത്.

ഇഞ്ചക്ഷൻ എടുക്കാം, എന്താണ് ഈ വീടുമുഴുവൻ ദുർഗന്ധം എന്നറിയാൻ ശ്രമിച്ചപ്പോഴാണ് നിജസ്ഥിതി അറിയുന്നത്. മകൻ കാനഡയിൽ നിന്ന് കൊണ്ടുവന്ന റോബോട്ടിക് വാക്വo ക്ലീനറിന്റെ (സ്വിച്ചിട്ടാൽ തനിയെ പോയി എല്ലാ മുറിയും വൃത്തിയാക്കുന്ന ഏകദേശം 60,000 രൂപ വില വരുന്നത്) പെർഫ്യൂം ചേബറിൽ (സുഗന്ധം നിറയ്ക്കുന്ന കള്ളി) റാഗ് ഡോൾ സുന്ദരി പൂച്ച വിസർജ്ജിച്ചു വെച്ചിരുന്നു. ഭാര്യ അത് അറിയാതെ സ്വിച്ച് ഓൺ ചെയ്തു. വീട് മുഴുവൻ സുഗന്ധത്തിനു പകരം ദുർഗന്ധം ആയി. ഇവളുടെ സഹോദരി പൂച്ച കഴിഞ്ഞ ആഴ്ച വിദേശത്തുപോയി മടങ്ങിയെന്ന് പൂച്ചപ്രേമി അറിയിച്ചപ്പോഴാണ് ഇവിടത്തെ പൂച്ചയ്ക്ക് ഭാര്യ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തതത്രേ. ഡോക്ടർ ക്ലബ്ബിലേക്ക് പോയാൽ ഉടനെ തന്നെ ഭാര്യ പൂച്ചയെ ബെഡ്റൂമിൽ നിന്നും പുറത്തു വിടും. അതെല്ലാം മുറികളിലും സ്വാതന്ത്ര്യത്തോടെ കറങ്ങും. ഡോക്ടർ തിരികെ വരുന്നതിന് തൊട്ടുമുമ്പ് ബെഡ്റൂമിൽ ആക്കും. ഇതാണ് അവിടെ നടന്നുകൊണ്ടിരുന്നത്. അങ്ങനെ ഏതോ ഒരു ദിവസം പൂച്ച പറ്റിച്ച പണിയായിരുന്നു ഇത്.

ഡോക്ടർ രാത്രി വരുമ്പോഴുള്ള അവസ്ഥയോർത്ത് ഭയന്ന് ഭാര്യ പൂച്ചയെ🐱 അറിഞ്ചും പുറിഞ്ചും തല്ലുകയും ശാസിക്കുകയും ശാപവാക്കുകൾ ഉരുവിടുകയും ചെയ്തു. അതിന് ദേഷ്യം വന്ന് അത് ഭാര്യയെ മാന്തുകയും കടിക്കുകയും ചെയ്തു. ഇതാണ് ഉണ്ടായതത്രേ!!

പൂച്ചയോട് ദുഃഖങ്ങൾ പങ്കു വയ്ക്കാം. അത് എല്ലാം കേൾക്കും. പക്ഷേ ശകാരത്തിനും പീഡനത്തിനും പൂച്ച ശക്തമായി പ്രതികരിക്കുമെന്ന് താൻ പറയാൻ വിട്ടു പോയതായിരുന്നു എന്ന് പൂച്ചപ്രേമി പെൺകുട്ടി. മൂക്കും പൊത്തിപ്പിടിച്ച് ഭാര്യയേയും കൊണ്ട് ഡോക്ടർ ഉടനെ ആശുപത്രിയിലേക്ക് പോയി പേ വിഷബാധയുടെ ഇഞ്ചക്ഷൻ എടുക്കാൻ. 21 ദിവസത്തെ ഇൻജെക്ഷൻ കഴിഞ്ഞപ്പോൾ ഭാര്യയുടെ പൂച്ച പ്രേമം ഏകദേശം അവസാനിച്ചു. പൂച്ചയെ അയൽക്കാരിക്ക് തന്നെ തിരിച്ചു കൊടുത്തു കാശും തിരികെ വേണ്ട എന്ന് പറഞ്ഞു. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്നു പറയുന്നത് എത്രയോ ശരിയല്ലേ? നമുക്ക് നമ്മുടെ സീരിയൽ തന്നെ മതിയെന്ന് ഭാര്യ തന്നെ അവസാനം പറഞ്ഞു. ഇതോടെ കഥാന്ത്യം ആയി. 😜

മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments