Logo Below Image
Friday, April 25, 2025
Logo Below Image
Homeപുസ്തകങ്ങൾനർമ്മവീഥിയിലൂടെ സഞ്ചരിക്കുന്ന ചിന്തോത്തേജക കഥകൾ - ഡോ. രാധ കയറാട്ട് ഒറ്റപ്പാലം

നർമ്മവീഥിയിലൂടെ സഞ്ചരിക്കുന്ന ചിന്തോത്തേജക കഥകൾ – ഡോ. രാധ കയറാട്ട് ഒറ്റപ്പാലം

ഡോ. രാധ കയറാട്ട് ഒറ്റപ്പാലം

നമ്മുടെ ചുറ്റുപാടും ഒന്നു ശ്രദ്ധാപൂർവ്വം കണ്ണോടിച്ചു നോക്കൂ. അവിടെ ചിരിച്ചുകൊണ്ടു കാണാവുന്നതും കാണിച്ചുകൊടുക്കാവുന്നതും ഇരുത്തി ചിന്തിപ്പിക്കാവുന്നതുമായ ഒട്ടനവധി കാര്യങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.

നമ്പ്യാർ, നായനാർ, സഞ്ജയൻ,സനൽകുമാർ.പി. സി, വി. കെ.എൻ, വേളൂർകൃഷ്ണൻകുട്ടി, ഇ. വി കൃഷ്ണപ്പിള്ള, ഇന്നസെന്റ് തുടങ്ങിയ ഹാസ്യപ്രതിഭകൾ സാമൂഹിക ഭാവത്താൽ സാർത്ഥകങ്ങളും ചിന്തോത്തേജകങ്ങളുമായ അത്തരം കാഴ്ചകൾ ചൂണ്ടിക്കാണിച്ച് നമ്മെ വളരെയേറെ ചിരിപ്പിച്ചിട്ടും ചിന്തിപ്പിച്ചിട്ടുമുണ്ട്. ഇവരെല്ലാം നടന്ന നർമ്മവീഥിയിലൂടെ സഞ്ചരിച്ചുകൊണ്ട് ചിന്തോത്തേജക കഥകളുമായി ഫലിതരംഗത്തേക്ക് കടന്നുവരുന്ന ഒരു നവപ്രതിഭയാണ് ശ്രീമതി മേരി ജോസി മലയിൽ.

നിത്യജീവിതത്തിൽ പ്രായേണ നമ്മുടെ ദൃഷ്ടിയിൽ പെട്ടിട്ടും നാം അത്ര ശ്രദ്ധിക്കാത്ത സംഭവങ്ങളെ നർമ്മ ബോധോത്ഭാസിതമായ നിരീക്ഷണ ചാതുര്യത്തോടെ ആഖ്യാനവത്കരിക്കുന്ന അവരുടെ കൃതിയാണ് ‘ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും’. മലയാളിയുടെ പൊതുബോധത്തെ അടയാളപ്പെടുത്തുന്ന നിരവധി വിഷയങ്ങൾ ചിരിയുടെയും ചിന്തയുടെയും ചിന്തേരിട്ടു മിനുക്കി അവതരിപ്പിക്കുന്ന 36 കഥകളാണതിലുള്ളത്. ഇവയെല്ലാം കാഥിക കണ്ടെടുത്തിരിക്കുന്നത് തന്റെ നിത്യജീവിത പരിസരങ്ങളിൽ നിന്നാണ്.

തന്റെ ചുറ്റിലുമുള്ള ജീവിതങ്ങൾ, അവിടെ കണ്ടുമുട്ടുന്ന വ്യക്തികൾ, സമൂഹത്തിൽ നടക്കുന്ന കോപ്രായങ്ങളും വൈകൃതങ്ങളും, ആധുനിക ജീവിതത്തിലെ കപടനാട്യങ്ങൾ, പൊതുസമൂഹത്തിലെ ചില പുഴുക്കുത്തുകൾ തുടങ്ങിയ കാര്യങ്ങളെ ശ്രീമതി മേരി ജോസി ഒരു മൂന്നാം കണ്ണുകൊണ്ട് വീക്ഷിച്ച് അനുവാചകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോകുന്നു എന്നതാണ് ഈ കൃതിയുടെ സവിശേഷത.

സത്യത്തിൽ ചിരിയുടെ വേരുകൾ കാണാനാവുക ജീവിതത്തിലെ പൊരുത്തക്കേടുകളിലാണ്. എന്നാൽ എല്ലാ പൊരുത്തക്കേടുകളും ചിരിക്കു വക നല്കുന്നവയല്ല. ചിരിപ്പിക്കാൻ കഴിയുന്ന പൊരുത്തക്കേടുകൾ കണ്ടെത്തുക എന്നത് ക്ഷിപ്രസാധ്യമല്ലതാനും. ഇനി കണ്ടെത്തിയാൽത്തന്നെ അത് വിവരിച്ചു ഫലിപ്പിക്കാൻ നൈസർഗ്ഗികമായ സിദ്ധി വേണം. ശ്രീമതി മേരി ജോസിയിൽ അതുണ്ട്. അതിന്റെ നേർ സാക്ഷ്യമാണ് അവരുടെ ഈ പുസ്തകം.

നർമ്മത്തിന് മുൻതൂക്കം നല്കി ഗൗരവമേറിയ സാമൂഹ്യ വിഷയങ്ങളെ ചിന്തയുടെ കനവും കണ്ണീരിന്റെ ആർദ്രതയുമായി ഒരു വീട്ടമ്മയുടെ സൂക്ഷ്മ ദൃഷ്ടിയോടെ അവതരിപ്പിച്ച് അനുവാചകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുക എന്നതാണ് കാഥിക ലക്ഷ്യമാക്കുന്നത്.

രാഷ്ട്രീയ ശരികളുടെ തിട്ടൂരങ്ങൾക്കിടയിൽ ഇന്ന് പൊതുവെ, ഫലിതം ജീവിതത്തിൽനിന്നും ആവിഷ്കാരങ്ങളിൽ നിന്നുമൊക്ക കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്ന അവസ്ഥാവിശേഷമാണ്. എന്തിനും ഏതിനും ആവശ്യത്തിലേറെ ഗൗരവം കൊടുത്ത് അസംതൃപ്തിയും പിരിമുറുക്കവുമായി കാലം കഴിക്കുന്നവരാണിന്നധികം പേരും . അത്തരമൊരു സാഹചര്യത്തിൽ മനസ്സിലെ ഭാരത്തെ ലഘൂകരിക്കാനും ജീവിതത്തിലെ പ്രശ്നങ്ങളെയും സംഘർഷങ്ങളെയും
ഒരു പരിധിവരെ ചെറുത്തുനില്ക്കാനും തരണം ചെയ്യാനും നർമ്മബോധം പ്രയോജനപ്പെടും എന്നൊരു സന്ദേശം കൂടി ഈ കൃതി മുന്നോട്ടു വെയ്ക്കുന്നുണ്ട്.

ജീവിതാനുഭവങ്ങളുടെ അനേകം അടരുകളിലൂടെ സഞ്ചരിച്ച് മാനവജീവിതത്തിന്റെ പല പല വിതാനങ്ങളെ വളരെ സരസമായി കാഥികയിതിൽ അഭിസംബോധന ചെയ്യുന്നുണ്ട്. . മതവും രാഷ്ട്രീയവും അധികാരവും കമ്പോളവും കൈകോർത്ത ഈ കാലഘട്ടത്തിൽ പ്രസ്തുത കൃതി ഒരു സമകാലിക വായന സാധ്യമാക്കുന്നുണ്ട്.

മനുഷ്യമനസ്സുകളെ വരെ കമ്പോളം കേറി ഭരിക്കുന്ന വർത്തമാന കാലത്ത് തട്ടിപ്പുകാർ അരങ്ങുവാഴുന്ന ഇടമായി നാട് മാറിക്കഴിഞ്ഞു. തട്ടിപ്പ് ഇന്നൊരു ജന്മവാസന പോലെയായിതീർന്നിട്ടുണ്ട്. അതിന്റെ വാഗ്ശബളമായ വിവരണത്തോടുകൂടിയ നർമ്മാവിഷ്കാരമാണ് ‘പാക്കേജ്ടൂർ’ എന്ന കഥ.

ടൂർസ് & ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ശശിധരനെ തേടിയെത്തുന്ന അഞ്ജലിയുടെ ഫോൺകോൾ ആണ് ഈ കഥയിലെ കേന്ദ്രബിന്ദു. അസത്യം സത്യവേഷമണിഞ്ഞ് മഹാഭാരതകഥയിലെ ധർമ്മപുത്രരെപ്പോലെ ആദ്യം ഉറക്കെ പറഞ്ഞും പിന്നെ പതുക്കെ പറഞ്ഞും ശശിധരനെ വലയിലാക്കുന്ന അഞ്ജലി. അവളുടെ കിളിനാദത്തിൽ വീണ് ശശിയാവുന്ന ശശിധരൻ ചതിക്കുഴികൾ തിരിച്ചറിയാനാവാതെ തട്ടിപ്പുകാരുടെ കെണിയിൽ ചെന്നു ചാടുന്ന ഒട്ടനവധി മനുഷ്യരുടെ പ്രതീകമാണ്.

സാങ്കേതിക വിദ്യകൾ വികസിച്ചതോടെ ഭൗതിക സൗകര്യങ്ങളും വർദ്ധിതാവസ്ഥയിലാണ്. അതോടെ തട്ടിപ്പുകളുടെ പ്രകൃതവും മാനവും ദിനം പ്രതി വ്യത്യസ്തമായി വരികയാണ്. അതിനുദാഹരണമാണ് വാട്സാപ്പ് ചാറ്റിങ്ങിലൂടെ ഹണിട്രാപ്പിൽ വീണ് വ്യത്യസ്ത രീതിയിലുള്ള തട്ടിപ്പിനിരയാവുന്ന രമേശന്റെ അനുഭവാവിഷ്കാരമായ ‘തേൻ കണി? അഥവാ തേൻ കെണി?’എന്ന കഥ.

ആപ്പുകളുടെ ലോകത്തിൽ അകപ്പെട്ട് വെട്ടിലായിപ്പോകുന്ന ആളുകളുടെ എണ്ണം ഏറിവരികയാണ്. യശോദ എന്ന കഥാപാത്രത്തിലൂടെ ഇന്ന് ആപ്പുകൾ കാരണം ജീവിതം തന്നെ ആപ്പിലായി പോകുന്ന സ്ഥിതിവിശേഷം സരസമായി ആവിഷ്കരിക്കുന്ന കഥയാണ് ‘ആപ്പോ? അത് എന്തിര്?’ എന്നത്.

വഞ്ചിക്കപ്പെടാതെ സ്വയം കാക്കാനുള്ള വാസനാബലം ഓരോരുത്തരും ഇന്ന് ആർജ്ജിക്കേണ്ടിയിരിക്കുന്നു എന്നൊരു വലിയ സന്ദേശം പകരുന്ന ഏറെ സാമൂഹ്യപ്രസക്തമായ ഫലിത കഥകളാണിതു രണ്ടും .

ഫേസ്ബുക്ക്, റീലുകൾ, ഇൻസ്റ്റഗ്രാം തുടങ്ങിയ നവ സാങ്കേതിക മാധ്യമങ്ങൾ തന്റെ പരദൂഷണപ്പണി ഏറ്റെടുത്തതിൽ പരിതപിച്ച് പൂർവ്വാധികം ആവേശത്തോടെ ആ മേഘലയിലേക്ക് ദ്രുതഗതിയിൽ സക്രിയമായി ചേക്കേറുന്ന ബി. ബി. സി നബീസത്തയുടെ ഫലിതാവിഷ്കാരമാണ് ‘ബി. ബി. സി നബീസത്തയുടെ രോദനം ‘ എന്ന കഥ. സമകാലിക ലോകത്തിന്റെ ചലനങ്ങളെ രസാവഹമായി അവതരിപ്പിക്കുന്ന കഥകളാണിതു മൂന്നും.

കരിവീട്ടി നിറമുള്ള ശലോമിയും ചന്ദന നിറമുള്ള പത്രോസും ഭാര്യാഭർത്താക്കന്മാരാകുന്ന സാഹചര്യത്തിന്റെ നർമ്മാവിഷ്കാരമായ ‘തവളക്കുളം ശലോമി’, പള്ളിയിലെത്തുന്ന സമ്പന്നരായ യുവാക്കളെ കണ്ടുപിടിച്ച് അവർക്ക് ബുൾസൈ അപ്പവും സ്റ്റ്യൂവും കൊടുത്ത് വശത്താക്കി തന്റെ അഞ്ചു പെൺമക്കളെയും കെട്ടിച്ചുവിടുന്ന കൊച്ചുത്രേസ്യാ ചേടത്തി സ്ത്രീധനം എന്ന വിപത്തിനെ നേരിടുന്ന ‘ടെക്നികി’ന്റെ ഹാസ്യാവിഷ്കാരമായ ‘ബുൾസൈ അപ്പം’ ,
‘ തൂണും ചാരി നിന്നവർ’ എന്ന കഥയിലെ അരയിൽ കത്തി തിരുകി നടക്കുന്ന പുരുഷവിദ്വേഷിയായ സരസ്വതി. അവരുടെ സുന്ദരിയായ മകളെ വേൾക്കാൻ കൊതിച്ച് കാത്തിരിക്കുന്ന ഭൈമീകാമുകന്മാരേറെയുണ്ട്. അവർ കാര്യസാധ്യത്തിനായി ബജിയും ബോഞ്ചിയും നല്കി സന്തോഷിപ്പിച്ച് സരസ്വതീ സഹോദരനായ രാഘവേട്ടനെ സമീപിച്ച് എത്ര ഉഷ്ണിച്ചിട്ടും ആ സുന്ദരിയെ നേടാനാവുന്നില്ല എന്നതാണ് സത്യം . കാരണം അവരുടെ കൈയിലെ കോപ്പുകൾക്കെല്ലാം അപ്പുറത്തായിരുന്നു അതിഥി തൊഴിലാളികൾക്കായി സർക്കാർ അനുവദിച്ച ആനുകൂല്യങ്ങളിലുള്ള സരസ്വതിയുടെ സ്കോപ്പ് . ആ അനുകൂല്യങ്ങളിലും ക്ഷേമപദ്ധതികളിലും ആകൃഷ്ടയായ സരസ്വതി മകളെ മലയാളിക്ക് കെട്ടിച്ചുകൊടുക്കില്ല എന്ന ദൃഢപ്രതിജ്ഞയിലാണ്. സരസ്വതിയുടെ പ്രായോഗിക ബുദ്ധിയാൽ മകൾ അതിഥി തൊഴിലാളിയുടെ ഭാര്യാപദത്തിലേറുമ്പോൾ ഇളിഭ്യരായി പോകേണ്ടിവരുന്ന പാവം മലയാളിപ്പൂവാലന്മാരോട് താനെന്തു പറയുമെന്നോർത്ത് വലയുന്ന രാഘവേട്ടൻ!

സാമ്പത്തിക ഞെരുക്കത്താൽ ശ്വാസംമുട്ടുന്ന സർക്കാറിന്റെ അതിഥി തൊഴിലാളി സ്നേഹത്തിനു നേർക്ക് കാഥിക എയ്തുവിടുന്ന ഈ നർമശരത്തിന് ഒരു സമകാലിക രാഷ്ട്രീയമാനം കൂടി കൈവരുന്നുണ്ട് എന്നതാണീ കഥയുടെ പ്രസക്തി. യാഥാർത്ഥ്യങ്ങളുടെ ശകലങ്ങൾ അതിശയോക്തി കലർത്തി കാരിക്കേച്ചറാക്കി അവതരിപ്പിക്കാനുള്ള കാഥികയിലെ ഹാസ്യാവതരണ ക്ഷമതയുടെ ദൃഷ്ടാന്തമാണ് ഈ മൂന്നു കഥകളും .

”………ഹാസ്യ,മമൃതധാര താൻ
വിശുദ്ധാനന്ദത്തിൻ വിലേപനം
ചിരി”
എന്ന് തന്റെ ‘ഹാസ്യാഞ്ജലിയിൽ ‘ ഫലിത ചക്രവർത്തിയായ സഞ്ജയൻ ഉദ്ധരിച്ച വരികളുടെ പൊരുൾ വളരെ നന്നായി മനസ്സിലാക്കിയിട്ടുള്ള കഥാകൃത്താണ് ശ്രീമതി മേരി ജോസി. ഒരു പ്രത്യേകതരം പ്രതിപാദനരീതിയായ ഫലിതം പറഞ്ഞു ഫലിപ്പിക്കാൻ സവിശേഷമായ കഴിവു തന്നെ വേണം എന്നതിന്റെ നേർസാക്ഷ്യമാണ് ശുദ്ധനർമ്മത്തിന്റെ രൂപത്തിൽ ആവിഷ്കൃതമായ ‘ വെൽഡൺ മൈ ബോയ്സ്!’, ‘സുബൈറിന്റെ മുത്തു തസ്നീം’,
‘കാവൽ പട’, ‘ഫാ. ഗജിനി സ്പീക്കിംഗ്’, ‘വാലന്റ്റ്റെൻസ് ദിനം-ഫെബ്രുവരി 14′, ”ഡീസന്റ് പപ്പൻ’, ‘കെവിന്റെ കുണുവാവ ‘ മലയാള ഭാഷാജ്ഞാനത്തിന്റെയും വായനാശീലത്തിന്റെയും പ്രാധാന്യവും ആവശ്യകതയും സരസമായി ആവിഷ്കരിക്കുന്ന
‘സെപ്റ്റംബർ5-ദേശീയ അദ്ധ്യാപകദിനം’ മുതലായ കഥകൾ.

എന്നാൽ ചിരിപ്പിക്കുന്ന സാഹചര്യവിശേഷങ്ങളും കഥാപാത്രങ്ങളുമല്ലാതെ സുദൃഢമായ ഇതിവൃത്തം എന്നു വിശേഷിപ്പിക്കാവുന്ന ഹൃദയസ്പൃക്കായ മനുഷ്യാനുഭവാഖ്യാനത്തിലും ഈ കഥാകൃത്തിനുള്ള താല്പര്യവും പ്രാപ്തിയും ചെറുതല്ല. അതിന് ഉദാഹരണങ്ങളാണ് ജീവിതാനുഭവങ്ങൾകൊണ്ട് പാഠങ്ങളേറെ പഠിച്ച റുഖിയ, ക്ഷമയുടെ മൂല്യം, അഹമ്മദിക്കയുടെ മാനവികത തുടങ്ങിയ ചിന്തോത്തേജക ഘടകങ്ങൾ ഏറെയുള്ള
‘വിൽപത്രം’, മുത്തുലക്ഷ്മിയുടെ സ്വഭാവമഹിമ ആവിഷ്കരിക്കുന്ന
‘ആൾക്കൂട്ടത്തിൽ തനിയെ’, ജീവിതസാഹചര്യം കൊണ്ട് ജീവിതം ഇരുമ്പഴിക്കുള്ളിലായ ശ്രീധരനെ പരിചയപ്പെടുത്തുന്ന
‘ശ്രീധരന്റെ ഒന്നാം തിരുമുറിവ് ‘, ആത്മവിശ്വാസം നഷ്ടപ്പെടാതെ സ്വന്തം ശരിയിൽ ഉറച്ചുനിന്ന് തളരാതെ മുന്നോട്ടുനീങ്ങി ജീവിതവിജയം നേടിയ ഫ്രാൻസിമാഷിനെ ആവിഷ്കരിക്കുന്ന ‘കോളാമ്പി മൈക്ക്’
നന്മനിറഞ്ഞ വലിയ മനസ്സിനുടമയായ ഡേവിസ് മാത്യുവിനെ പരിചയപ്പെടുത്തുന്ന
‘ ഒരു ഫുട്ബോൾ പ്രേമിയുടെ കഥ’, നാലംഗ സഹപാഠീസംഘത്തിലൂടെ സൗഹൃദത്തിന്റെ മൂല്യം പ്രതിപാദിക്കുന്ന ‘സൗഹൃദം എന്ന പൂമരം’ തുടങ്ങിയ പാത്രസൃഷ്ടി പ്രധാനമായ കഥകൾ.

സമൂഹത്തിൽ കാണുന്ന, വിശേഷിച്ചും ചില വീടുകളിൽ കാണാനിടയുള്ള വെറോണിക്ക അമ്മച്ചിയെ പോലെ വിലക്ഷണസ്വഭാവമുള്ള പരദൂഷണപ്രിയരും, ഏലിക്കുട്ടി ചേടത്തി എന്ന ഏഷണി അമ്മൂമ്മയെ പോലുള്ള കുത്തിത്തിരിപ്പുകാരും സദാചാരബോധം വിനോദമാക്കിയ തങ്കപ്പനെപ്പോലുള്ള പ്രത്യേകതരം ‘ടൈപ്പു ‘കളെ ആവിഷ്കരിക്കുന്ന കഥകളാണ്
‘വെറോണിക്കയുടെ വേർപാട് ‘,
‘ഒരു വ്യത്യസ്ത പാഷൻ ‘,
‘ തങ്കപ്പനും പിന്നെ കുറേ സദാചാരക്കാരും ‘ തുടങ്ങിയവ .

കഥയ്ക്കവസാനം രസകരമായ ‘ട്വിസ്റ്റ്’ നല്കി ചിരിപ്പിക്കുന്ന രീതി അവലംബിക്കുന്ന കഥകളാണ് ‘കലം മേം ക്യാ ഹെ? ‘, ‘ ക്രിസ്മസ് രാത്രിയിലെ അമിട്ട് ‘, ‘തിയേറ്ററിലെ സുഹൃത്ത് ‘, ‘അനന്തരവൾ ‘, ‘ട്രെയിൻ മാറി കയറിയ ആത്മഹത്യ’ തുടങ്ങിയവ.

പ്രിയ കഥാകൃത്ത് ബഷീറിന്റെ ‘ ഒരു മനുഷ്യൻ’ എന്ന കഥയിൽ തന്റെ പ്രവൃത്തികൊണ്ട് ഉടമസ്ഥൻ ഗതികേടിലായി എന്നറിഞ്ഞ് താൻ പോക്കറ്റടിച്ച പേഴ്സ് അയാൾക്ക് തന്നെ തിരികെ നല്കുന്ന കള്ളനെ ഓർമ്മിപ്പിക്കുന്ന കഥയാണ്
‘നൂലുസാബു ‘. ത്രേസ്യാമ്മ ചേടത്തിയുടെ വീട്ടിൽ അവരറിയാതെ തന്റെ മോഷണ ഇനങ്ങളായ സ്ഥാവരജംഗമ വസ്തുക്കൾ സൂക്ഷിക്കുന്ന നൂലുസാബു എന്ന കള്ളൻ തന്റെ പ്രവൃത്തികൊണ്ട് വീട്ടുടമയ്ക്ക് ബുദ്ധിമുണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നവനാണ്. തിന്മയുടെ പിറകിൽ ഒരു നന്മയുമുണ്ടന്ന് കാട്ടിത്തരുന്ന കഥ പ്രതിപാദ്യ രീതികൊണ്ട് ഏറെ വ്യത്യസ്തമായ ഒന്നാണ്.

പാത്രസൃഷ്ടിയിലും വിവരണങ്ങളിലും സംഭാഷങ്ങളിലുമായാണ് ഈ കൃതിയിലെ കഥകളിലാവിഷ്കൃതമായ ഫലിതത്തിന്റെ വേരുകൾ വ്യാപിച്ചു കിടക്കുന്നത്. രസികയും വാചാലയുമായ ഒരു പ്രിയ സുഹൃത്തിന്റെ മുന്നിലിരിക്കുന്ന പ്രതീതിയാണ് എനിക്ക് ഈ കഥാവായന പകർന്നു തന്ന അനുഭൂതി..

ലാളിത്യമാർന്ന ശൈലിയും സരസത്വം നിറഞ്ഞ ഭാവനാ സമൃദ്ധിയും വർണനകളിലൂടെയും സംഭാഷണങ്ങളിലൂടെയും തന്നിലെ നർമ്മ ഭാവത്തെ ജാജ്ജ്വല്യമാക്കുന്ന ഭാഷാരീതിയും അവതരണ കൗശലവും ഈ കഥാകൃത്തിന്റെ കൈവശമുണ്ട്. ഒരു ‘മേരിജോസി സ്റ്റൈൽ’ പൂത്തുലഞ്ഞ് നില്ക്കുന്നത് കാണണമെങ്കിൽ ചിരിപ്പിച്ചു ചിന്തിപ്പിക്കുന്ന ഈ പുസ്തകത്തിലെ കഥകൾ വായിച്ചാസ്വദിക്കേണ്ടതാണ്. വരികളിലൂടെയും വരികൾക്കിടയിലൂടെയും ഇതിലെ കഥകളുടെ സൗന്ദര്യം അനുവാചകർക്ക് ആസ്വദിക്കാവുന്നതാണ്.

ഫലിതസാഹിത്യത്തിൽ കഥാകഥനകലയുടെ പരപ്പു തെളിയിച്ചുകൊണ്ട് തന്റെതായ ഒരു ഇടമുണ്ടാക്കിയെടുക്കാൻ ശ്രീമതി മേരി ജോസിക്കാവട്ടെ !

സ്നേഹാദരമോടെ ഹൃദയം നിറഞ്ഞ ആശംസകൾ
+++++++++++++++++++++
പ്രസാധകർ : Loremipsum
വില : ₹400

ഡോ. രാധ കയറാട്ട് ഒറ്റപ്പാലം

RELATED ARTICLES

6 COMMENTS

  1. എനിക്ക് ഏറെ പ്രിയപ്പെട്ട അതിലേറെ ബഹുമാന്യയായ ഡോ. രാധ കയറാട്ട് മാഡം ഏതൊരു പുസ്തകവും ആസ്വാദനം നടത്തുന്നത് തികച്ചും പുസ്തകത്തെ കുറിച്ച് ആഴത്തിൽ പഠിച്ചിട്ടാണ്. എൻ്റെ പ്രിയപ്പെട്ട സ്നേഹിതയും എഴുത്തുകാരിയുമായ ശ്രീമതി.
    മേരി ജോസി മാഡത്തിൻ്റെ പ്രഥമ പുസ്തകത്തിന് ഡോ. രാധ കയറാട്ട് മാഡം നൽകിയ ആസ്വാദനക്കുറിപ്പ് പുസ്തകം വായിക്കാൻ അനുവാചകർക്ക് പ്രചോദനം നൽകുന്നതാണെന്ന കാര്യത്തിൽ സംശയമില്ല. രണ്ടു പേർക്കും അഭിനന്ദനങ്ങൾ💐💐🙏🙏❤️❤️🥰

  2. നല്ല അവലോകനം ചേച്ചി 🙏🌹
    ഇരുവർക്കും അഭിനന്ദനങ്ങൾ 🌹

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ