റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സന്ദർശനത്തിനിടെ അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ഒപ്പിട്ട കരാറുകളുടെ ആകെ മൂല്യം 30,000 കോടി ഡോളർ. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്‍മാന്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. അവശേഷിക്കുന്ന കരാറുകൾ കൂടി പൂര്‍ത്തിയാകുന്നതോടെ സംയുക്ത നിക്ഷേപങ്ങളുടെ മൂല്യം ഒരു ലക്ഷം കോടി ഡോളറാവും.
സന്ദർശനത്തിന്റെ ആദ്യ ദിവസം നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്ത രേഖയിലുമാണ് ഇരു നേതാക്കളും ഒപ്പുവെച്ചത്. ഇരുവരുടെയും അധ്യക്ഷതയിൽ ചൊവ്വാഴ്ച വൈകിട്ട് നടന്ന സൗദി-യു.എസ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിനിടയിലായിരുന്നു ഒപ്പിടൽ.
സൗദി സായുധസേനയെ വികസിപ്പിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമുള്ളതാണ് ഒരു കരാർ. 14,200 കോടി ഡോളറിന്റേതാണ് ഈ പ്രതിരോധ കരാറുകൾ. ഇരുരാജ്യങ്ങൾക്കുമിടയിൽ ഇതുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ പ്രതിരോധ കരാറാണ് ഇത്. 12 അമേരിക്കന്‍ സൈനിക കമ്പനികള്‍ സൗദി അറേബ്യക്ക് ഏറ്റവും പുതിയ ആയുധങ്ങള്‍ നല്‍കും.
സൗദി സായുധ സേനയുടെ ശേഷി വികസിപ്പിക്കാനുള്ള തീവ്ര പരിശീലനവും കരാറിന്റെ ഭാഗമാണ്.
സൗദി നാഷനൽ ഗാർഡിന്റെ കര, വ്യോമ സംവിധാനങ്ങൾക്കുള്ള വെടിമരുന്ന്, പരിശീലനം, പിന്തുണാസേവനങ്ങൾ, അറ്റകുറ്റപ്പണികൾ, സംവിധാനങ്ങളുടെ ആധുനികവൽക്കരണം, സ്പെയർ പാർട്‌സ്, സൈനിക വിദ്യാഭ്യാസം എന്നിവ ഒരുക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കരാറുകളും ഇതിലുൾപ്പെടും. കൂടാതെ സൗദി സായുധ സേനയുടെ ആരോഗ്യശേഷി വികസനം സംബന്ധിച്ച പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിൽ ധാരണാപത്രമുണ്ടാക്കിയിട്ടുണ്ട്.
ഇരു രാജ്യങ്ങളിലെയും ഊർജ്ജ മന്ത്രാലയങ്ങൾ, നീതിന്യായ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകണ കരാറുകളാണ് മറ്റുള്ളവ. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര പങ്കാളിത്ത സംരംഭവും യു.എസ് നീതിന്യായ വകുപ്പിന്റെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും തമ്മിലുണ്ടാക്കിയ ധാരണാപത്രവുമുണ്ട്.