മേരി ജോസി മലയിൽ അവതരിപ്പിക്കുന്ന “ചിരിക്കാം ചിരിപ്പിക്കാം” എന്ന പംക്തിയിൽ മറ്റൊരു നർമ്മകഥയുമായി വീണ്ടും എത്തുന്നു..
ആൻസി മാത്യു
മകൾ
————–
ഒരു ഓട്ടോറിക്ഷയിൽ വന്നിറങ്ങി ഗേറ്റ് കടന്നു വരുന്ന അപ്പനെ കണ്ടപ്പോൾ എൽസയുടെ മനസും ശരീരവും കുതിച്ചുചാടി
പടിക്കലേക്ക് ഓടി ചെന്ന് അവൾ അപ്പൻറെ അരികിൽ ഒരു കൊച്ചു കുട്ടിയെ പോലെ ഉരുമ്മി നിന്നു
അപ്പൻ കാൽനടയായി മലയാറ്റൂർക്ക് പോയിട്ടുണ്ടെന്ന് അമ്മ മൂന്നു നാലു ദിവസം മുൻപ് വിളിച്ചപ്പോൾ പറഞ്ഞിരുന്നു
” അപ്പനെന്താ വട്ടാണോ? “”എന്ന് അമ്മയോട് ചോദിക്കുകയും ചെയ്തതാണ്
” നിനക്കൊക്കെ വേണ്ടി തന്നെയാടി ” എന്ന് അമ്മ പാതി കാര്യമായും പാതി തമാശയായും പറയുകയും ചെയ്തു
എൽസ. അപ്പൻറെ കയ്യിൽ നിന്നും ബാഗ് വാങ്ങി വീട്ടിലോട്ട് നടന്നു
” മടുത്തോ അപ്പാ”? അവൾ ചോദിച്ചു
അപ്പൻ ചിരിച്ചു പിന്നെ ചോദിച്ചു ” പിന്നെ പത്തൻപതു മൈൽ നടന്നാൽ മടുക്കത്തില്ലേ. എല്ലാരും കൂടെ പറഞ്ഞപ്പോൾ അങ്ങ് ഇറങ്ങി പുറപ്പെട്ടു ”
തിണ്ണയിലേക്കു കയറിയപ്പോൾ അപ്പൻ പറഞ്ഞു
” ഇനിയൊന്നു കുളിക്കണം പിന്നെ വല്ലതും കഴിച്ചിട്ട് ഒന്നുറങ്ങണം മൂന്നു നാലു ദിവസമായി നല്ലപോലെ ഒന്നുറങ്ങീട്ട് ”
” എന്നാ ഉണ്ട് മോളെ കഴിക്കാൻ “??
അയാൾ ചോദിച്ചു
“.അപ്പാ പാലപ്പത്തിൻറെ മാവ് ഇരിപ്പുണ്ട് പിന്നെ സാം അച്ചായനും പിള്ളേർക്കും ഉണ്ടാക്കിയ മുട്ടക്കറീടെ ബാക്കിയും ”
എൽസ സന്തോഷത്തോടെ പറഞ്ഞു അപ്പന് താനുണ്ടാക്കുന്ന പാലപ്പം ഇഷ്ടമാണെന്നു അവൾക്കറിയാം
” ങ്ഹാ ഞാൻ കുളിച്ചു വരുമ്പോഴേക്കും ഉണ്ടാക്കിക്കോ നിൻറെ പാലപ്പം തിന്നിട്ട് എത്ര കാലമായി ”
അപ്പൻ സന്തോഷത്തോടെ പറഞ്ഞു. ” എൻറെ അമ്മച്ചീടെ കൈ ഗുണമാ ഈ കാര്യത്തിൽ നിനക്ക് കിട്ടിയത് ” അയാൾ കൂട്ടി ചേർത്തു
” അമ്മച്ചി കേൾക്കണ്ട ” എൽസ ചിരിച്ചു
കുളികഴിഞ്ഞെത്തിയ അപ്പൻറെ മുന്നിലേക്ക് എൽസ ചൂടുള്ള പാലപ്പവും മുട്ടക്കറിയും അപ്പൻറെ ഇഷ്ടത്തിനുള്ള കാപ്പിയും വിളമ്പി അപ്പൻ കഴിക്കുന്നതും നോക്കി ഇരുന്നു
” അപ്പൻ ഇതിലെ വരുമെന്ന് ഞാൻ ഓർത്തില്ല ”
അവൾ പറഞ്ഞു
” പിന്നെ ഇത്ര അടുത്തൂടെ പോയിട്ട് ഞാൻ നിന്നെ കാണാതെ പോകുവോടി കൊച്ചേ “? അയാൾ വാത്സല്യത്തോടെ എൽസയെ നോക്കി പുഞ്ചിരിച്ചു
കാപ്പികുടി കഴിഞ്ഞ് അയാൾ പറഞ്ഞു
“എനിക്കൊന്നു കിടക്കണം ”
അതിനെന്നാ അപ്പാ ഞങ്ങളുടെ മുറീലോട്ടു കിടന്നോ അവിടെ ഏസി ഉണ്ടല്ലോ ”
മോൾ അപ്പനെ ക്ഷണിച്ചു
എനിക്ക് ഈ ഏസിടെ തണുപ്പൊന്നും പറ്റത്തില്ല നീ ഒരു പായും തലയണയും ഇങ്ങ് എടുത്തേ ഞാൻ ആ തിണ്ണേൽ കിടന്നോളാം അവിടെ ആകുമ്പോൾ നല്ല കാറ്റ് ഉണ്ട് ”
എൽസക്ക് അപ്പൂൻറെ തീരുമാനം സ്വീകാര്യമായിരുന്നില്ല
ഉള്ളിലെ മുറികളിൽ ഏതെങ്കിലും ഒന്നിൽ കിടക്കാൻ അവൾ അപ്പനെ നിർബന്ധിച്ചു
പക്ഷേ ഒടുക്കം അപ്പൻറെ ആഗ്രഹം പോലെ എൽസ അപ്പന് തിണ്ണയിൽ തന്നെ പാ വിരിച്ചു കൊടുത്തു
കിടന്ന് അധികം കഴിയാതെ അയാൾ ഉറക്കത്തിലേക്ക് വഴുതി വീണു
നേർത്ത കൂർക്കം വലിയോടെ ഉറങ്ങുന്ന അപ്പനെ നോക്കി എൽസ അരികിൽ തന്നെയിരുന്നു
തൻറെ ബാല്യവും കൗമാരവും അവൾ ഓർത്തു
തോളത്തു വച്ച് കുളിക്കാൻ കൊണ്ട് പോയതും സ്കൂളിൽ കൊണ്ടുപോയതും , തങ്ങൾ സഹോദരങ്ങൾ മൂന്നു പേരും വഴക്ക് കൂടുമ്പോൾ മധ്യസ്ഥനായി നിന്നതും എൽസ ഓർത്തു
പെട്ടെന്ന് അവളുടെ മനസ്സിൽ ഒരു നോവ് നിറഞ്ഞു
ദൈവമേ എൻറെ ഈ പാവം അപ്പനാണല്ലോ ഈ തറയിൽ കിടക്കുന്നത്
അവൾ അപ്പനെ വിളിച്ചു
അപ്പാ അപ്പാ എഴുന്നേറ്റെ ” ഒന്ന് രണ്ടു വിളിക്കൊന്നും അയാൾ ഉണർന്നില്ല
അവൾ കുലുക്കി വിളിച്ചു അയാളുടെ കൂർക്കം വലി മന്ദഗതിയിലായി പിന്നെ അയാൾ ഉണർന്നു
” എന്നാ മോളെ ? ” ആയാൽ ഉറക്കപിച്ചോടെ ചോദിച്ചു
” അപ്പന് ഈ നിലത്തു കിടന്നിട്ട് വിഷമം ഉണ്ടോ ”
” ഇല്ല മോളെ “മോളുടെ നിഷ്കളങ്കമായ ചോദ്യത്തിന് അയാൾ ഉത്തരം പറഞ്ഞു
അയാളുടെ കൂർക്കം വലി വീണ്ടും ഉയർന്നു
എൽസ പിന്നെയും ഓർത്തു തൻറെ അപ്പൻ
തൻറെ അപ്പൻ എല്ലുമുറിയെ പണിയെടുത്തു തങ്ങളെ മൂന്നു പേരെ വളർത്തിയതും പഠിപ്പിച്ചതും കൊള്ളാവുന്നവരുടെ കയ്യിൽ വേണ്ടുന്നതെല്ലാം കൊടുത്ത് കെട്ടിച്ചു വിട്ടതും എല്ലാം
ആ കാലത്ത് അപ്പന് നടുവിന് വേദന ഉണ്ടായിരുന്നു .
പിന്നെ താൻ മൂത്ത കൊച്ചിനെ വയറ്റിലൊണ്ടായി ഇരുന്നപ്പോൾ കപ്പ തിന്നാൻ കൊതിച്ചു അപ്പനോട് പറഞ്ഞു കപ്പ പറിപ്പിച്ചപ്പോൾ അപ്പൻറെ നടു ഉളുക്കിയതും എൽസ ഓർത്തു
അയ്യോ എൻറെ പാവം അപ്പൻ ഈ തറയിൽ കിടന്നാൽ നടുവിന് വേദന വരത്തില്ലേ
എൽസക്ക് സങ്കടം വന്നു
” അപ്പാ അപ്പാ ഒന്നെഴുന്നേറ്റെ അപ്പാ ”
ഇത്തവണ അയാളുടെ കൂർക്കം വലി നിൽക്കാൻ കുറച്ചു നേരമെടുത്തു
അത്രയ്ക്ക് ഗാഢ നിദ്രയിലായിരുന്നു അയാൾ
എന്നാടി കൊച്ചേ “?
അപ്പാ അപ്പന് നടുവിന് വേദന വരുമോ ഈ തറേൽ കിടന്നാൽ ”
ഇല്ല മോളെ അപ്പന് ഒരു കുഴപ്പോം ഇല്ല മോള് ശകലം നേരം മിണ്ടാതിരി അപ്പനൊന്നു ഉറങ്ങട്ടെ ”
അയാൾ ഒന്ന് തിരിഞ്ഞു കിടന്നു
എൽസ അപ്പനെ തന്നെ നോക്കിയിരുന്നു
ബാല്യ കൗമാര്യങ്ങളിലേക്ക് അവൾ വീണ്ടും പോയി
പണ്ട് വേനൽ കാലത്ത് തങ്ങൾ എല്ലാവരും കൂടി സന്ധ്യക്കും രാത്രിയിലും മുറ്റത്ത് വട്ടം കൂടി ഇരിക്കുമായിരുന്നു ഓരോ പാളവിശറി ഉണ്ടാക്കി അപ്പൻ ഓരോരുത്തർക്കും തരും എന്നാലും അപ്പൻറെ അടുത്തിരിക്കാൻ എല്ലാവർക്കും മത്സരമാണ് എന്തിനാണെന്നോ അപ്പൻ വീശി തരാൻ
അപ്പൻ ഓരോരുത്തരെയും മാറി മാറി വീശിത്തരും
ആ അപ്പനാണ് ഈ തറയിൽ ഒരു ഫാൻ പോലും ഇല്ലാതെ കിടക്കുന്നത്
എൽസയുടെ നെഞ്ച് വിങ്ങിപ്പൊടിഞ്ഞു
അവൾ അപ്പനെ വിളിച്ചു
” എന്നാ മോളെ.. “? പാതി ഉറക്കത്തിൽ അയാൾ ചോദിച്ചു
” അപ്പാ ഇവിടെ പാള വിശറിയില്ല ഞാൻ ഒരു പാത്രം എടുത്ത് അപ്പനെ വീശിത്തരട്ടെ “?
അയാൾ കണ്ണു തുറന്നു പിന്നെ പറഞ്ഞു വേണ്ടാ മോളെ ”
എൽസ വീണ്ടും ഓർത്തു തങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ നല്ല സദ്യ ഒരുക്കാൻ കോഴിയെ ഓടിച്ചിട്ട് പിടിക്കാൻ പറമ്പ് മുഴുവൻ ഓടുന്ന അപ്പൻ മാർക്കറ്റിൽ പോയി നല്ല കറി സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുന്ന അപ്പൻ !
അപ്പന് ഉച്ചക്കാലത്തേക്ക് നല്ല ഒരു ചോറ് കൊടുക്കണ്ടേ ? ഫ്രിഡ്ജിൽ ചിക്കൻ ഇരിപ്പുണ്ട്
അതെങ്ങനെ കറി വെക്കണം?
വറക്കണോ കറി വെക്കണോ അതോ വല്യമ്മച്ചി യുടെ സ്റ്റൈലിൽ മപ്പാസ് വെക്കണോ ?
എൽസ ചിന്താ കുഴപ്പത്തിൽ ആയി
അപ്പനോട് തന്നെ ചോദിക്കാം
എൽസ വീണ്ടും അപ്പനെ വിളിച്ചു
എന്നാ മോളെ “? ഈ പ്രാവശ്യം അയാൾ എഴുന്നേറ്റിരുന്നു
” അപ്പാ ചിക്കൻ എങ്ങനെ വെക്കണം “?
അയാൾ ചാടി എഴുന്നേറ്റു
അടുക്കളയിലേക്ക് ഓടി !
അവിടെനിന്നു വിളിച്ചു ചോദിച്ചു
” മോളെ. ഒരു കത്തി തന്നെ? ”
എന്തിനാ അപ്പാ ചിക്കൻ എല്ലാം ശരിയാക്കി വച്ചിട്ടുണ്ട് ”
ചിക്കൻ വെട്ടാനല്ല
അയാൾ ഒരു കത്തിയുമായി തിണ്ണയിലേക്കു വന്നു
” ഇന്നാ എന്നെയങ്ങു കൊല്ല് ”
അയാൾ കരച്ചിലിൻറെ വക്കത്ത് എത്തി നിൽക്കുന്ന മകളുടെ മുഖത്തു നോക്കി
പിന്നെ കത്തി പുറത്തേക്ക് വലിച്ചെറിഞ്ഞു
പായും തലയിണയും ചുരുട്ടി എടുത്തു
” അപ്പാ അപ്പനെങ്ങോട്ടാ ? “”അവൾ കരയാൻ തുടങ്ങി
” ഞാൻ വല്ല വഴിയെറമ്പിലും പോയി കിടന്നോളാം ഇവിടെ കിടന്നാൽ നീ എന്നെ ഉറങ്ങാൻ സമ്മതിക്കില്ല ”
” അപ്പാ അപ്പൻ പോണ്ടാ വഴിയെറമ്പിൽ കിടന്നാൽ ഉറങ്ങി പോയാൽ ആരു വിളിച്ചെഴുന്നേല്പിക്കും “??
” മാത്രമല്ല അപ്പാ അച്ചായൻ വഴക്കു പറയും ഇത്രേം നല്ല ഒരു വീട് ഇവിടെ ഉണ്ടായിട്ട് ”
അവൾ പൊട്ടിക്കരഞ്ഞു
അയാൾ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി
പിന്നെ അവളുടെ പ്രായത്തെ പത്ത്കൊണ്ട് ഹരിച്ചു !!
അപ്പോൾ കിട്ടിയ മൂന്ന് വയസ്സുകാരിയെ മനസ്സുകൊണ്ട് കെട്ടിപിടിച്ചു !
മകളുടെ സംശയം ന്യായമായതു കൊണ്ട് ആ അപ്പൻ പോയില്ല.
ആൻസി മാത്യു
*********************************************************
ഈ പംക്തിയിലേക്ക് ലേഖനം അയക്കാൻ താല്പര്യമുള്ളവർ നിങ്ങളുടെ ഫോട്ടോയും അഡ്രസ്സും അടക്കം mmcopyeditor@gmail.com എന്ന ഇമെയിലിൽ അല്ലെങ്കിൽ 8547475361 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ അയക്കുക. തെരഞ്ഞെടുക്കുന്നവ മലയാളി മനസ്സ് പ്രസിദ്ധീകരിക്കുന്നതാണ്.
മേരി ജോസി മലയിൽ
കോപ്പി എഡിറ്റർ
മലയാളി മനസ്സ് (U. S. A.)
mmcopy editor@gmail.com
8547475361