Tuesday, December 24, 2024
HomeUS Newsമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ചില ശീലങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കാറുണ്ട്. പ്ലോസ് വണ്‍ മാസികയില്‍ 2018ല്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ദീര്‍ഘ നേരമുള്ള ഇരിപ്പ് തലച്ചോറിന്റെ മീഡിയല്‍ ടെംപറല്‍ ലോബിന് മാറ്റങ്ങള്‍ വരുത്താം. ഓര്‍മകളുണ്ടാക്കുന്നതില്‍ ഈ ഭാഗത്തിന് മുഖ്യ സ്ഥാനമുണ്ട്.

ദീര്‍ഘനേരത്തെ ഇരിപ്പ് മേധാക്ഷയത്തിനും ഓര്‍മക്കുറവിനും കാരണമാകും. ഇതിനെ തടുക്കാന്‍ ദിവസവും 15 മുതല്‍ 30 വരെ മിനിറ്റ് ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെടേണ്ടതാണ്.

സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും മേധാക്ഷയത്തിന്റെ തോത് വര്‍ധിപ്പിച്ച് അല്‍സ്ഹൈമേഴ്‌സ് പോലുള്ള രോഗങ്ങളുടെ സാധ്യത കൂട്ടും. സമൂഹവുമായും മറ്റ് വ്യക്തികളുമായും അധികം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാത്തവരുടെ തലച്ചോറിലെ ഗ്രേ മാറ്റര്‍ പെട്ടെന്ന് നഷ്ടപ്പെടുന്നത് മറവിരോഗങ്ങള്‍ക്ക് കാരണമാകാമെന്ന് ജേണല്‍സ് ഓഫ് ജെറന്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. ഇതിനെ ചെറുക്കാനായി ചെറിയ കൂട്ടായ്മകളുടെ ഭാഗമാകാനും നിരന്തരം സുഹൃത്തുക്കളും കുടുംബവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനും ശ്രമിക്കണം.

മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്കുവീതം ദിവസം ഏഴു മുതല്‍ എട്ടു വരെ മണിക്കൂര്‍ ഉറക്കം ലഭിക്കാറില്ലെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആവശ്യത്തിന് ഉറക്കമില്ലായ്മ തലച്ചോറിന്റെ ഓര്‍മശക്തി, പ്രശ്‌നപരിഹാര ശേഷി, യുക്തിചിന്ത എന്നിവയെ ബാധിക്കാം. ഇക്കാരണങ്ങളാല്‍ ഉറക്കത്തിന് പ്രഥമ പരിഗണന നല്‍കേണ്ടത് ആവശ്യമാണ്.

നിരന്തരമായ സമ്മര്‍ദം തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം വരുത്തുകയും പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ് എന്ന ഭാഗത്തെ ചുരുക്കുകയും ചെയ്യുന്നു. തലച്ചോറിന്റെ ഈ പ്രദേശം ഓര്‍മ, പഠനം എന്നിവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് ധ്യാനം, ശ്വസന വ്യായാമങ്ങള്‍, യോഗ എന്നിവയിലൂടെയെല്ലാം സമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്തേണ്ടതാണ്.

അമിതമായ ഭക്ഷണം, ജങ്ക് ഫുഡ് പോലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം തലച്ചോറിനെ ബാധിക്കും. ഇവ പ്രമേഹം, അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ഈ രോഗങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ കൂടുതല്‍ തകരാറിലാക്കും. സന്തുലിതവും പോഷകസമ്പുഷ്ടവുമായ ഭക്ഷണക്രമം ആരോഗ്യകരമായ തലച്ചോറിന് ആവശ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments