Friday, November 22, 2024
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 7) 'ഒരു വധശ്രമം'

റെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 7) ‘ഒരു വധശ്രമം’

റെക്സ് റോയി

അധ്യായം 7

‘ഒരു വധശ്രമം’

” കൊള്ളാം , നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്.” അദ്ദേഹം കമ്പ്യൂട്ടർ സ്ക്രീനിൽ നിന്ന് കണ്ണെടുത്ത് എൻ്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിൽ വന്യമായ ഒരു തിളക്കം ഞാൻ ശ്രദ്ധിച്ചു. ” ഞാൻ വിചാരിച്ചതിലും വളരെ നന്നായിട്ടുണ്ട്. താങ്കൾ ഒരു മിടുക്കൻ ആണെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. അതാ താങ്കളെ തന്നെ ഞാൻ പൊക്കിയത്.”
ആ പറഞ്ഞവന്മാരെ എൻ്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ !

ഏകദേശം അഞ്ച് ദിവസം കൊണ്ടാണ് ആ ഫയലിലെ വിവരങ്ങൾ ചിട്ടപ്പെടുത്തിയെടുത്ത് എഴുതിത്തുടങ്ങാൻ തുടങ്ങാൻ സാധിച്ചത്. ആദ്യത്തെ അധ്യായത്തിന്റെ നക്കൽ എഴുതിത്തീർന്നു എന്ന് നാൻസി വിളിച്ചപ്പോൾ ഒന്നു പറഞ്ഞു പോയി. പത്തു മിനിറ്റ് പോലും ആയില്ല, കൊടുങ്കാറ്റ് പോലെയാണ് ഗൗതം മുതലാളിയും അംഗരക്ഷകരും കൂടി എൻ്റെ മുറിയിലേക്ക് ഇരച്ചു കയറി വന്നത്.
” എവിടെ ? കാണട്ടെ. എഴുതിയത് കാണട്ടെ ?”
” സാർ ഇത് ആദ്യത്തെ അധ്യായത്തിന്റെ നക്കലാണ്. ഒത്തിരി വെട്ടിത്തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നടത്തിയാലേ വായിക്കാൻ പറ്റുന്ന രീതിയിൽ ആ കുകയുള്ളു.”
ഞാൻ പറഞ്ഞതൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. വായനയിൽ മുഴുകിയിരിക്കുകയാണ്.

ഞാൻ എഴുതിയത് അദ്ദേഹത്തിന് വളരെയധികം ഇഷ്ടമായി എന്ന് കണ്ടപ്പോൾ എനിക്കും സന്തോഷവും ആശ്വാസവും തോന്നി.
” ഇതിലിനി എന്ത് കൂട്ടിച്ചേർക്കാനും തിരുത്താനുമാ ? നേരെ പ്രസിദ്ധീകരിക്കാമല്ലോ.”
” സാറിന് എന്തെങ്കിലുമൊക്കെ സജഷനുണ്ടെങ്കിൽ …., എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ പറഞ്ഞാൽ അതുപോലെ ചെയ്യാം സാർ .”
” എന്തു സജഷൻ ? ഒരു മാറ്റവും വരുത്തേണ്ട , വളരെ നന്നായിട്ടുണ്ട്. വേഗം ബാക്കി കൂടി എഴുതി തീർക്കൂ” അതും പറഞ്ഞ് എന്തോ ആലോചിക്കുന്ന പോലെ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കി അല്പനിമിഷം ഇരുന്നു. എന്നിട്ട് തിരിഞ്ഞ് എന്നോട് ചോദിച്ചു ” അല്ല തോമസ്, ഇതെന്താ കഥ പകുതിയിൽ നിന്ന് തുടങ്ങിയിരിക്കുന്നത്. എൻ്റെ കുട്ടിക്കാലം അല്ലേ ആദ്യം പറയേണ്ടത് ? ഞാൻ വലിയൊരു ബിസിനസുകാരനായ തീർന്ന ശേഷമുള്ള കാര്യങ്ങളല്ലേ ആദ്യത്തെ അധ്യായത്തിൽ പറഞ്ഞിരിക്കുന്നത് ?”

അത് ചുമ്മാ താങ്കളെ ഒന്ന് സോപ്പിടാൻ വേണ്ടി ചെയ്തതല്ലേ !

” സാർ അതൊരു ചെറിയ ടെക്നിക് ആണ് . ആദ്യം ഒരു വലിയ പണക്കാരനെ കാണിക്കും. പിന്നീട് അദ്ദേഹത്തിൻ്റെ പാവപ്പെട്ട കുട്ടിക്കാലം . അതോടെ ഈ പാവപ്പെട്ടവൻ എങ്ങനെ ഇത്ര വലിയ പണക്കാരനായി എന്നുള്ള ആകാംക്ഷ വായിക്കുന്നവരിൽ ഉണ്ടാകും. അവർ കുത്തിയിരുന്നു മുഴുവനും വായിച്ചോളും.”
” ആഹ് ! സസ്പെൻസ് ഉണ്ടാക്കാൻ അല്ലേ ?”
“അതേ സാർ . എല്ലാവർക്കും പണക്കാരനാവാൻ ആഗ്രഹം ഉണ്ടല്ലോ. പാവപ്പെട്ടവൻ പണക്കാരനായ കഥ പറഞ്ഞാൽ എല്ലാവരും ആകാംക്ഷയോടെ വായിച്ചോളും. അതിൽനിന്ന് തങ്ങൾക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും പോയിന്റ്സ് കിട്ടിയാലോ. എങ്ങനെ നിങ്ങൾക്ക് പണക്കാരൻ ആകാം, എങ്ങനെ ധനത്തെ നിങ്ങളിലേക്ക് ആകർഷിക്കാം തുടങ്ങിയ ടൈറ്റിലുകളിലുള്ള പുസ്തകങ്ങളാണ് ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്.”
” ഇതൊരു ബിസിനസ് ത്രില്ലർ ആവും , അല്ലേ തോമസേ ?”
” അതേ സാർ. ആദ്യത്തെ അധ്യായം വായിച്ചപ്പോൾത്തന്നെ സാറിനും ഒരു എക്‌സൈറ്റ്മെന്റ് ഒക്കെ തോന്നുന്നില്ലേ ?”
” പിന്നെ ! ഐ ആം റിയലി എക്സൈറ്റഡ്.”

” പിന്നെ സാർ, ഈ ഫയലുകളിൽ പറഞ്ഞിട്ടുള്ളതോ അല്ലാത്തതോ ആയ നല്ല ക്യാച്ചി ആയിട്ടുള്ളതായ എന്തെങ്കിലും സംഭവങ്ങൾ സാറിന് ഓർത്തെടുക്കാൻ സാധിക്കുമോ ? അതായത് വായിക്കുന്നവരുടെ ശ്വാസം നിലച്ചു പോകുന്ന തരത്തിലുള്ള എന്തെങ്കിലുമൊരു സംഭവം? അല്ലെങ്കിൽ സാറിന്റെ മനസ്സിനെ ഏറ്റവും അധികം സ്വാധീനിച്ച അല്ലെങ്കിൽ ഉലച്ച ഒരു സംഭവം? ”

” പിന്നെ, ധാരാളം സംഭവങ്ങളുണ്ട്. അതിൽ ഏതാണ് താങ്കൾക്ക് വേണ്ടത് ?….. എല്ലാം ഫയലിൽ ഉണ്ടല്ലോ….
ങാ… എൻ്റെ നേരെ ഉണ്ടായ ഒരു വധശ്രമമുണ്ട്. അതു മതിയോ ?”
” മതി സാർ , മതി സാർ, ആരാണ് സാറിനെ കൊല്ലാൻ ശ്രമിച്ചത് ?”
” ഹഹഹ ഒരുപാട് പേർ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചുമ്മാതെയാണോ ഞാൻ ഇവന്മാരെയൊക്കെ തീറ്റി പോറ്റുന്നത്.” അത് പറഞ്ഞ് അദ്ദേഹം തന്റെ ചുറ്റിലും നിൽക്കുന്ന തടിയന്മാരുടെ നേരെ കൈവീശി കാണിച്ചു.
” അതിലെ ഏറ്റവും വലിയ തമാശ ഇവന്മാരുടെ കൂട്ടത്തിൽ പെട്ടവനായിരുന്നു ഒരിക്കൽ എന്നെ വധിക്കാൻ ശ്രമിച്ചത്. ആ കഥ മതിയോ ?”
” ങേ,……ങാ, ങാ, അതുമതി സാർ . വൗ!” ഞാനെന്റെ ലെറ്റർപാടും പേനയും എടുത്ത് എഴുതിയെടുക്കാൻ തയ്യാറായി നിന്നു.
അദ്ദേഹം എൻ്റെ കൈയിലുള്ള ലെറ്റർപാടിലേക്കും പേനയിലേക്കും നോക്കിയൊന്ന് പുഞ്ചിരിച്ചു . എന്നിട്ട് തുടർന്നു ” ഒരുപാട് പേർ എന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗൺ ലൈസൻസ് ഉള്ള ധാരാളം സെക്യൂരിറ്റിക്കാരെ ഞാനെപ്പോഴും കൂടെ കൊണ്ടു നടക്കാറുണ്ട്. ഏതവനാ , എപ്പോഴാ ആക്രമിക്കുക എന്ന് പറയാനൊക്കില്ലല്ലോ. ”
അല്പം ഒന്നു നിർത്തിയിട്ട് അദ്ദേഹം തുടർന്നു ” ഞാൻ ഏറെ സ്നേഹിച്ചിരുന്ന എൻ്റെ ഒരു അക്കൗണ്ടന്റ് ഒരു കാർ ആക്സിഡന്റിൽപ്പെട്ട് മരിച്ചുപോയി. അവന്റെ മകൻ ഒരു കരാട്ടെ ബ്ലാക്ക് ബെൽറ്റുകാരനായിരുന്നു. അപ്പൻ മരിച്ച ശേഷം വരുമാനമാർഗം ഒന്നുമില്ല എന്ന് പറഞ്ഞു വന്ന അവനെ എൻ്റെ ബോഡിഗാർഡായി നിയമിച്ചു. എന്നാൽ ഞാൻ സത്യം അറിഞ്ഞിരുന്നില്ല.”

ഒന്നു നിർത്തി ദീർഘശ്വാസമെടുത്ത ശേഷം അദ്ദേഹം തുടർന്നു ” അവൻ്റെ അപ്പനെ ഞാൻ കൊന്നതാണെന്ന് ആരോ അവനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. എന്നോട് പ്രതികാരം ചെയ്യാൻ അവസരം തേടി വന്നതായിരുന്നു അവൻ. അഞ്ചാറു മാസം അവൻ എൻ്റെ ബോഡിഗാർഡായി കൂടെ നടന്നു. അവന് ഞാൻ ഗൺ ലൈസൻസ് വരെ എടുത്തുകൊടുത്തു. ഒരു ഇംപോർട്ടഡ് പിസ്റ്റലും വാങ്ങി കൊടുത്തു. ആ പിസ്റ്റൽ ഉപയോഗിച്ചാണ് അവൻ എന്നെ വെടിവെച്ചത്.”
” എന്നിട്ട് ….. സാറിന് അപകടം വല്ലതും…..”
” ഹഹഹ ഇല്ലില്ലില്ല. ഒറ്റത്തവണ വെടി ഉതിർക്കാനെ അവന് സാധിച്ചുള്ളൂ. അത് കൊണ്ടില്ല. പിന്നെ അവനെ ചൂലു കൊണ്ടു തൂത്തെടുത്ത് കൊണ്ടുപോകുകയായിരുന്നു . ” തൻ്റെ അംഗരക്ഷകരുടെ കയ്യിലുള്ള മെഷീൻ ഗണ്ണിലേക്ക് ചൂണ്ടിക്കൊണ്ടാണ് അദ്ദേഹം അതു പറഞ്ഞത്.
“ഞാൻ ഗാർഡനിലെ ബെഞ്ചിൽ ഇരുന്ന് അല്പം ഒന്ന് മയങ്ങിപ്പോയി. അവൻ എൻ്റെ അടുത്തേക്ക് വരുന്നത് മൂർത്തി ശ്രദ്ധിച്ചു. ഞാൻ ഉറങ്ങുമ്പോൾ ആരും എന്നെ ശല്യപ്പെടുത്താറില്ല ഗാർഡനിൽ ഇരുന്നാലും ബെഡ്ഡിൽ കിടന്നാലും. എന്തോ പന്തികേട് തോന്നിയ മൂർത്തി അലർട്ടായിനിന്നു . എക്സ് മിലിറ്ററി അല്ലേ ! പട്ടാളത്തിലെ ട്രെയിനിങ് !” അത് പറഞ്ഞ് കൂടെയുള്ള ഒരു അംഗരക്ഷകനെ ആരാധനാ ഭാവത്തിൽ ഒന്ന് നോക്കി.

അയാളായിരിക്കുമോ മൂർത്തി ?

” സാർ, അത് പിന്നെ …. ” ചോദിച്ചാൽ പ്രശ്നമാകുമോ ? ഞാൻ ആശങ്കയോടെ പകുതിക്കു വെച്ചു നിർത്തി.
” എന്താ തോമസ്, ഇത് നിങ്ങൾ പറഞ്ഞ ആ കിടുക്കുന്ന സംഭവമായിട്ട് എഴുതിവെക്കാൻ പറ്റില്ലേ ?”
” പറ്റും, പറ്റും സാർ. പക്ഷേ…..”
” എന്താ ?” അദ്ദേഹം ചോദ്യഭാവത്തിൽ എന്നെ ഒന്നു നോക്കി. ചോദിക്കുകതന്നെ. പ്രസിദ്ധീകരിച്ചു കഴിഞ്ഞ് പ്രശ്നമാവുന്നതിലും നല്ലതല്ലേ.
” അല്ല സർ …. അത് പിന്നെ …. നമ്മൾ ഇത് പ്രസിദ്ധീകരിച്ചാൽ …… നിയമപ്രശ്നങ്ങൾ ……”
” നിയമപ്രശ്നങ്ങളോ ? അതെല്ലാം കോടതിയിൽ ക്ലിയർ ചെയ്തതാണ് . മൂർത്തി സദ്ദുദ്ദേശത്തോടുകൂടി ചെയ്തതാണെന്ന് നമ്മൾ കോടതിയിൽ തെളിയിച്ചതാണ്. മൂർത്തിക്ക് ഗൺ ലൈസൻസ് ഉണ്ട് . ഞാൻ പറഞ്ഞില്ലേ എക്സ് മിലിറ്ററി ആണ് .”
” അതു കൊള്ളാം സാർ . അപ്പോൾ കുഴപ്പമൊന്നുമില്ല അല്ലേ ? പിന്നെ ആ കാർ ആക്സിഡന്റിന്റെ ഡീറ്റെയിൽസ് കൂടി ഒന്ന് പറയാമോ സർ ?”
” ഏതു കാർ ആക്സിഡന്റിന്റെ ?”
” സർ, ആ അക്കൗണ്ട് മരിച്ചില്ലേ , ആ കാർ ആക്സിഡൻറ് …..”
” അതിൻെറ ഡീറ്റെയിൽസ് ഒന്നും ചേർക്കണ്ട . ജസ്റ്റ് കാർ ആക്സിഡന്റിൽ മരിച്ചു. അത്രയും മതി. ബാക്കിയൊക്കെ ഒരൊത്തന്മാർ പറഞ്ഞുണ്ടാക്കിയ കാര്യങ്ങളാണ്. അതൊന്നും എഴുതി വച്ചേക്കരുത്. ആ ചെക്കനെ എനിക്കെതിരെ തിരിക്കാൻ വേണ്ടി പറഞ്ഞുണ്ടാക്കിയ കഥകളാണ് ബാക്കിയെല്ലാം .” അദ്ദേഹത്തിൻ്റെ മുഖഭാവം മാറിയത് ഞാൻ ശ്രദ്ധിച്ചു. എൻെറ മുഖത്തെക്ക് രക്തം ഇരച്ചുകയറുന്നതു പോലെ. അദ്ദേഹത്തിൻ്റെ കണ്ണുകളിലേക്ക് നോക്കാൻ ഭയപ്പെട്ട് ഞാൻ എഴുതിയ നോട്ടുകളിലേക്ക് എൻെറ കണ്ണുകൾ പൂഴ്ത്തി .

ഭാവിയിൽ ഓരോ വാക്ക് പറയുമ്പോഴും രണ്ടുവട്ടം ചിന്തിച്ചിട്ടേ പറയൂ എന്നു എനിക്ക് തന്നെ ഞാൻ വാക്ക് കൊടുത്തു.

പെട്ടെന്ന് ഒരു മൊബൈൽ ഫോൺ റിങ് ചെയ്യുന്ന ശബ്ദം. കൂടെ നിന്നവരിൽ ഒരാൾ ഒരു മൊബൈൽ ഫോൺ അദ്ദേഹത്തിന് കൊടുത്തു. അതിന്റെ സ്ക്രീനിൽ നോക്കി ഒന്നു നെറ്റി ചുളിച്ച ശേഷം അദ്ദേഹം ഫോൺ ചെവിയോട് ചേർത്തു. ” ങാ ശരി ശരി ഞാൻ ഉടനെ എത്താം.” അതുപറഞ്ഞ് ആ ഫോൺ അദ്ദേഹം തിരിച്ചു കൊടുത്തു. എന്നിട്ട് എൻ്റെ നേരെ തിരിഞ്ഞു ” സോറി തോമസ് , എനിക്ക് വളരെ അത്യാവശ്യമായിട്ട് ഒരാളെ കാണാൻ പോകണം . താങ്കൾ നന്നായി തന്നെ എഴുതിത്തുടങ്ങിയിരിക്കുന്നു . ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ. എന്ത് സംശയമുണ്ടെങ്കിലും ചോദിച്ചോണം . എന്നെക്കൊണ്ടു കഴിയുന്നതു പോലെ ഞാൻ വന്നു കണ്ടോളാം.” ഒരു പുഞ്ചിരി സമ്മാനിച്ച് അദ്ദേഹം പോകാനായി തിരിഞ്ഞു. കൂടെ വന്ന എട്ടു പത്തു പേരും.
നിർവികാരമായ മുഖങ്ങൾ . എന്തുകൊണ്ടാണ് ഇത്രയും പേർക്ക് നിർവികാരമായ മുഖങ്ങൾ . പെട്ടെന്നാണ് എന്റെ തലയിൽ ഒരു വെളിച്ചം ഉദിച്ചത്. അതൊന്നും അവരുടെ യഥാർത്ഥ മുഖങ്ങൾ ആയിരിക്കില്ല. ജീവൻ തുടിക്കുന്ന മുഖംമൂടികൾ ധരിച്ചിട്ടുണ്ടാവാം. ഉണ്ടാവാം എന്നല്ല ഉണ്ട് , ഉറപ്പാണ്. മുഖംമൂടി ധരിച്ച് മെഷീൻ ഗണ്ണുകളുമായി നടക്കുന്ന കാവൽക്കാരുടെ നടുക്ക് ഒരു മനുഷ്യൻ.

നാൻസിയും മുഖംമൂടി ധരിച്ചാണോ നടക്കുന്നത്. ഹേയ്, ആയിരിക്കില്ല. എപ്പോഴൊക്കെയോ നൊടിനേരത്തെക്കുള്ള ഭാവമാറ്റങ്ങൾ ആ മുഖത്ത് ഞാൻ കണ്ടിട്ടുണ്ടല്ലോ. നാൻസിയെക്കുറിച്ചുള്ള ചിന്തകൾ ചൂട് പിടിച്ചു കിടന്ന എൻറെ മനസ്സിനെ വേനൽ മഴ പോലെ തണുപ്പിച്ചു.

റെക്സ് റോയി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments