കൊച്ചി :- കൊച്ചി തൊഴിൽ പീഡനക്കേസിൽ കെൽട്രോയിലെ മുൻ മാനേജർ മനാഫിനെതിരെ അപകീർത്തികരമായ ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് വീണ്ടും കേസ്. ദൃശ്യങ്ങളിലുള്ള യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസാണ് മനാഫിനെതിരെ കേസടുത്തത്.
ഇന്നലെ മറ്റൊരു കേസും മനാഫിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് മുൻ ജീവനക്കാരിയുടെ പരാതിയിൽ പെരുമ്പാവൂർ പൊലീസ് കേസ് എടുത്തത്. യുവാക്കളോട് ചെയ്തത് പോലുള്ള ക്രൂരതകൾ മനാഫ് തങ്ങളോടും ചെയ്തിട്ടുണ്ടെന്നായിരുന്നു യുവതിയുടെ പരാതി.
അറയ്ക്കപ്പടിയിലെ ഓഫീസിനുള്ളിൽ വച്ച് മനാഫിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഈ വീഡിയോകൾ ചിത്രീകരിച്ചത്. ഒക്ടോബർ നവംബർ മാസങ്ങളിലായാണ് സംഭവമെന്ന് മനാഫിനെതിരെ പരാതി നൽകിയ യുവാക്കൾ പരാതിയിൽ പറഞ്ഞിരുന്നു. തങ്ങൾക്കുണ്ടായ മാനഹാനിയിൽ മനാഫിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്ന് ഇവർ നൽകിയ പരാതിയിലും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. ശനിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ പുറത്തുവന്നത്.
ടാർഗറ്റ് പൂർത്തികരിക്കാൻ കഴിയാത്തവരെ കഴുത്തിൽ ബെൽറ്റ് കെട്ടി നായയെപ്പോലെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ യുവജന കമ്മീഷൻ കഴിഞ്ഞ ദിവസം തന്നെ സ്വമേധയാ കേസ് എടുത്തിരുന്നു.