Thursday, December 26, 2024
Homeഅമേരിക്കനക്ഷത്രക്കൂടാരം – (ബാലപംക്തി – 20) – കുഞ്ഞുമലയാളി മനസ്സിന്റെ കിളിക്കൊഞ്ചൽ.

നക്ഷത്രക്കൂടാരം – (ബാലപംക്തി – 20) – കുഞ്ഞുമലയാളി മനസ്സിന്റെ കിളിക്കൊഞ്ചൽ.

കടമക്കുടി മാഷ്

പ്രിയമുള്ള കുഞ്ഞുങ്ങളേ,

എല്ലാവർക്കും സുഖമാണല്ലാേ.! നക്ഷത്രക്കൂടാരത്തിൻ്റെ ഈ ലക്കം പുറത്തിറങ്ങുന്നത് അറിയാതെ കയറിവന്ന തടസ്സങ്ങൾ മൂലം കുറച്ചു വൈകിയാണ്. ഹാക്കിംഗ് ചതിയുടെ ചാരത്തിലകപ്പെട്ടാലും ഫിനിക്സ് പക്ഷിയെപ്പോലെ പൂർവ്വാധികം ശോഭയോടെ ഉയിർത്തെഴുന്നേല്ക്കും മലയാളിമനസ്സും നക്ഷത്രക്കൂടാരവും. കൂടെ നിങ്ങളുണ്ടായാൽ മതി.

ഇത് നക്ഷത്രക്കൂടാരത്തിൻ്റെ ഇരുപതാം ലക്കമാണ്. പുറത്തിറങ്ങുന്ന ദിവസത്തിന് ഒരു പ്രത്യേകതയുണ്ട് ലോക ഉപഭോക്തൃ അവകാശ ദിനം.

എല്ലാവർഷവും മാർച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനം (World Consumer rights day) ആയി ആചരിക്കുന്നു.സാധനങ്ങൾ വാങ്ങുമ്പോഴും സേവനങ്ങൾ ഉപയോഗിക്കുമ്പോഴും അവ ന്യായമായ വിലയിലും ഗുണമേന്മയിലും ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള അവകാശം ഉപയോക്താവിനുണ്ട്. അങ്ങനെ ലഭിച്ചില്ലെങ്കിൽ അതു നിയമം വഴി നേടിയെടുക്കുന്നതിനുള്ള സംവിധാനങ്ങൾ പല രാജ്യങ്ങളിലുമുണ്ട്. ഇതിനായി ഇന്ത്യയിൽ നിലവിലുള്ള ഒരു നിയമമാണ് 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്കു ബോധവൽക്കരണം നൽകുന്നതിനായി 1983 മുതൽ എല്ലാവർഷവും മാർച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനമായി ആചരിച്ചുവരുന്നു. 1962 മാർച്ച് 15-ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയാണ് അമേരിക്കൻ പാർലമെന്റിൽ ഉപഭോക്താക്കളുടെ അവകാശങ്ങളെപ്പറ്റി പ്രസംഗിച്ചു കൊണ്ട് ലോകത്തെ ഉദ്ബോധിപ്പിച്ചത്. ഉപഭോക്താക്കളുടെ അവകാശമെന്ന വിഷയം കൈകാര്യം ചെയ്ത ആദ്യ നേതാവായിരുന്നു കെന്നഡി. അന്നത്തെ പ്രസംഗത്തിൻ്റെ അതേ ദിവസമാണ് പിന്നീട് ഉപഭോക്തൃ അവകാശദിനമായി ലോകം ആചരിക്കാൻ തുടങ്ങിയത്.

ഇനി നിങ്ങൾക്കു വേണ്ടി മാഷ് എഴുതിയ ഒരു കുഞ്ഞു കവിതയാണ്. ബദ്ധവൈരികളായ എലിയും പൂച്ചയുമാണ് കഥാപാത്രങ്ങൾ.

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ‘

എലിയും പൂച്ചയും

അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ
വെട്ടം കണ്ടാലോടുന്നു.
ഞെട്ടിച്ചാടിയെണീറ്റൊരു പൂച്ച –
ക്കുട്ടിയുമങ്ങോട്ടോടുന്നു
ഉറിമേൽ കയറിമറിഞ്ഞിട്ടങ്ങനെ
ഉയിരും കൊണ്ടലിപായുന്നു.
എലിയെകണ്ടൊരു പൂച്ചക്കുട്ടി
കലിയോടങ്ങൊടു ചാടുന്നു
ചട്ടിക്കലവും കറിയും ഉറിയും
പൊട്ടിത്താഴേയ്ക്കെത്തുന്നു
ചാടിയപൂച്ച ചോടുംതെറ്റി
മോന്തേം കുത്തി തരികിട തോം.

ഇനിയൊരു കഥയാവാം.

ഭക്തിഗാന ആൽബങ്ങളിലെ ശ്രുതിമധുരമായ പാട്ടുകളിലൂടെ മലയാളികൾക്ക് ചിരപരിചിതനായ എ.വി.വാസുദേവൻ പോറ്റിയുടെ ഒരു കുഞ്ഞു കഥ.
വാസുദേവൻ പോറ്റി ദീർഘകാലം ഇന്ത്യൻ റയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ പാലക്കാട് കാവിൽപ്പാട് ഗ്രാമത്തിൽ വിശ്രമജീവിതത്തിലാണ് .
1989 ൽ തുടങ്ങിയ ഗാനരചനാസപര്യ ഇന്നും തുടരുകയാണ്’.

യേശുദാസ് ,ചിത്ര, ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, സുജാത, ഉണ്ണി മേനോൻ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ഗായകരും പോറ്റിയുടെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. . യേശുദാസ് മാത്രം 80-ലേറെ പാട്ടുകൾക്കു ശബ്ദം നല്കിയിട്ടുണ്ട്. കഴിഞ്ഞ 35 വർഷങ്ങൾക്കുള്ളിൽ 100-ൽ പരം CD കൾക്കും കാസറ്റുകൾക്കും വേണ്ടി ഗാനങ്ങളെഴുതി..ചിത്ര പാടി 1992 ൽ പുറത്തിറങ്ങിയ ദേവീഗീതം Vol 1 സർവ്വകാല റിക്കാർഡിൽ എത്തിയ ഗാനസമാഹാരമാണ്.ദേവീ ഗാനം, ദേവീമാഹാത്മ്യം
തുളസിമാല, അയ്യപ്പ ഗാനങ്ങൾ, (എം. എസ് വിശ്വഥൻ സംഗീതം)
പ്രണവം, ശബരീശം, ആവണിപ്പൊൻപുലരി, പുഷ്പോത്സവം മണ്ണാറശാല നാഗസ്തുതികൾ തുടങ്ങിയവയാണ് പ്രധാന രചനകൾ.

“അഞ്ജന ശിലയിൽ ആദിപരാശക്തി ” എന്ന പ്രസിദ്ധമായ ദേവീഭക്തിഗാനത്തിന്, കുമാരനല്ലൂർ ക്ഷേത്രത്തിൻ്റെ ദേവീകാർത്ത്യായനി പുരസ്ക്കാരം, സംസ്ഥാന യോഗക്ഷേമസഭയുടെ പ്രത്യേക പുരസ്ക്കാരം, തിരുമാന്ധാംകുന്നിലെ വള്ളുവക്കോനാതിരിയുടെ പൂരം പുരസ്ക്കാരം, പാലക്കാട് മെഹ്ഫിൽ – ഫിലിം ക്ലബ് പുരസ്ക്കാരം, തളിപ്പറമ്പ് പുരസ്ക്കാരം, തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്‌.
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, ആല,. കണ്ണനും കാദറും കണ്ണമംഗലത്ത് തുടങ്ങിയ ചിത്രങ്ങൾക്കും നിരവധി ടിവി. സീരിയലുകൾക്കും വേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ തപസ്യ – പാലക്കാട് ജില്ലാ പ്രസിഡൻ്റായി പ്രവർത്തിക്കുകയാണ്.

ശ്രീ.വാസുദേവൻ പോറ്റി യുടെ കഥ താഴെ കൊടുക്കുന്നു.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷
മാതൃസ്നേഹം

അടുക്കളയിൽ നിന്ന് വടക്കോട്ടുള്ള ജനലിന്മേൽ രണ്ടു പാളികളിലും വെൽക്രോ ഉപയോഗിച്ച് കൊതുകുവല പതിച്ചിട്ടുണ്ട്. കൊതുകുവലയിൽ നിന്ന് രണ്ടടി വെളിയിലേക്കുള്ള ദൂരത്തിൽ വെയിലടിക്കാതിരിക്കാനുള്ള റോളിംഗ് മാറ്റ് സ്ഥാപിച്ചിട്ടുണ്ട്. അതിനു മുമ്പിലായി നെടുനീളത്തിൽ കിണറുവരെ എത്തുന്ന പച്ചക്കറിപ്പന്തലാണ്. പന്തലിനും ജനലിനും മദ്ധ്യേയുള്ള റോളിംഗ് മാറ്റിന്റെ ചുരുട്ടി വെച്ചിട്ടുള്ള ഭാഗത്താണ് ഞാൻ ആദ്യം ആ തിത്തിരിപ്പക്ഷിയെ കണ്ടത്. എന്താണ് ചെയ്യുന്നതെന്നറിയാൻ സൂക്ഷിച്ചുനോക്കി.

നാരുകൾ ശേഖരിച്ച് കൂടുകൂട്ടുവാനുള്ള ശ്രമമാണ്. ഞാൻ നോക്കിനില്ക്കേ, മറ്റൊരു തിത്തിരികൂടി എത്തി. ആദ്യംകണ്ട തിത്തിരിയുടെ ആൺസുഹൃത്താണെന്ന് മനസ്സിലായി.

ഒരു കൂടുകൂട്ടുകയല്ലേ, നടക്കട്ടെ എന്ന് ഞാൻ മൗനമായി അനുവാദം കൊടുത്തു.സന്ധ്യയ്ക്ക് ഇരുട്ടു വരുന്നതുവരെ രണ്ടു കിളികളും ചേർന്ന് തുടർച്ചയായി പ്രയത്നിച്ചു. കൂടിൻ്റെ അടിസ്ഥാനപ്പണികൾ കഴിഞ്ഞതുപോലെ തോന്നി.

പിറ്റേന്ന്, രണ്ടു പക്ഷികളും യുദ്ധകാലാടിസ്ഥാനത്തിൽ കൂടു പണിതു തീർത്തുകൊണ്ടിരുന്നു. സന്ധ്യയ്ക്കുമുമ്പ് ഞാൻ സ്ക്കൂളിൽ നിന്നെത്തിയപ്പോൾ വീണ്ടും കൂടിൻ്റെ സമീപമെത്തി. നാരുകളും മറ്റെന്തൊക്കെയോ സാമഗ്രികളും കൊണ്ട് കൂടിൻ്റെ പണി കഴിഞ്ഞിരിക്കുന്നു.

ഞാൻ കൂടിന്റെ അടുത്ത് ചെന്നപ്പോൾ തിത്തിരികൾ മുഖത്തോടുമുഖം നോക്കി എന്തൊക്കെയോ പറയുന്നതുപോലെ. തുടർന്ന്, എന്റെ നേരെനോക്കി കലപിലാന്ന് രണ്ടുപേരും ചിലയ്ക്കാൻ തുടങ്ങി. എന്നോടുള്ള ഇഷ്ടംകൊണ്ടാവും എന്നാണ് ഞാൻ വിചാരിച്ചത്.

ശരി, നാളെ വീണ്ടും നോക്കാം എന്നു കരുതി ഞാൻ എന്റെ ജോലികളിലേക്ക് മടങ്ങി.

പിറ്റെന്ന് കാലത്ത്, പെൺതിത്തിരി കൂടിനുള്ളിൽ അരുമയോടെ ഒതുങ്ങിയിരിക്കുന്നതു കണ്ടു. പുറത്ത് ആൺതിത്തിരിയും ഉണ്ടായിരുന്നു.–കൂട്ടിലെ മുട്ടകൾക്ക് അടയിരിക്കുകയാണെന്ന് തോന്നി.

ഞാൻ കിളിക്കൂടിന്റെ അടുത്തേക്ക് ചെന്നു. പെട്ടെന്നുതന്നെ വെളിയിലിരുന്ന ആൺതിത്തിരി എൻ്റെ മേലാസകലം കൊത്തിപ്പറന്നു. . ഒരു തരത്തിലാണ് രക്ഷപ്പെട്ടത്. രണ്ടു കിളികളും ഇല്ലാതിരുന്ന സമയം, രഹസ്യം അറിയാനായി കുറച്ചു പൊക്കത്തിൽ ഞാൻ കൂടിലേക്കെത്തി നോക്കി. അപ്പോൾ ആൺപെൺ തിത്തിരിപ്പക്ഷികൾ ഒന്നിച്ച് എൻ്റെമേൽ കടുത്ത ആക്രമണം അഴിച്ചുവിട്ടു. ഞാൻ ഭയന്നു പിന്മാറിഓടി.

രണ്ടുദിവസം ഞാൻ മാറിനിന്നു. മൂന്നാം ദിവസം എന്റെ അത്ഭുതത്തിനതിരില്ലാതെയായി. മൂന്നു കുഞ്ഞിക്കിളികൾ കൂടിനുള്ളിൽ തലപൊക്കി നിന്ന് ചിലയ്ക്കുന്നു. അച്ഛൻകിളിയും അമ്മക്കിളിയും എന്നെ മുറ്റത്തേക്കിറങ്ങാൻ പോലും അനുവദിച്ചില്ല.

രണ്ടു ദിവസങ്ങൾ ഞാൻ തിരക്കിലായിപ്പോയി. അതിനുശേഷം പച്ചക്കറിപ്പന്തലിൽ നിന്ന് പയർ ശേഖരിക്കുമ്പോൾ ഞാൻ ആ കാഴ്ച കണ്ടു. ഓരോ കിളിക്കുഞ്ഞിനെയും തിത്തിരി രക്ഷാകർത്താക്കൾ ചേർന്ന് കൊക്കുകൊണ്ട് മെല്ലെ താഴെയിടുന്നു. നടക്കാൻ പഠിപ്പിക്കുന്നു. ഓടാൻ പഠിപ്പിക്കുന്നു. മൂന്നു തിത്തിരിക്കുഞ്ഞുങ്ങളെയും ഓടാനും പറക്കാനും തീറ്റതേടാനും പഠിപ്പിക്കുന്ന ഒരു കർമ്മശാലയാണതെന്ന് ഞാൻ മനസ്സിലാക്കി.

മനുഷ്യനുപോലും ഇല്ലാത്ത അച്ചടക്കവും ചിട്ടയും സ്നേഹവും അടുപ്പവും പുലർത്തിയ ആ കുഞ്ഞുപക്ഷികൾ, നോക്കിനില്ക്കേത്തന്നെ എന്റെ കൂടപ്പിറപ്പുകളായി; ആൺതിത്തിരിയും പെൺ തിത്തിരിയും – അവർ എൻ്റെയും രക്ഷാകർത്താക്കളായി മാറി.

***************************************************************

കഥ ഇഷ്ടമായില്ലേ? രണ്ടു തിത്തിരിപ്പക്ഷികളുടെ കഥ? ഇനി നമുക്ക് ഒരു കവിതയാവാം. കവിതയുമായി വരുന്നത് ആലപ്പുഴ ജില്ലക്കാരനായ വിനയകുമാർ തുറവൂരാണ്. തുറവൂർ ടി.ഡി.എച്ച്.എസ്.എസ്, ചേർത്തല എസ്.എൻ. കോളേജ്, പള്ളിപ്പുറം ഐ. ടി.ഐ.എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
വൈദ്യുതി ബോർഡിൽ നിന്നു വിരമിച്ചു. കൈയെഴുത്തു മാസികകളിലാണ് എഴുതിത്തുടങ്ങിയത്. തുടർന്ന് ധാരാളം പ്രസിദ്ധീകരണങ്ങളിൽ എഴുതി.
കവിത, കഥ,ബാലസാഹിത്യം, ഗാനങ്ങൾ എന്നിവ രചിക്കാറുണ്ട് ആനുകാലികളിലും സോഷ്യൽ മീഡിയയിലും സജീവമാണ്.

ക്ലാസ്സിലെ താരം , മഹാഭാരത കഥകൾ, കുഞ്ഞുണ്ണിയും കുറുമ്പനും കൊമ്പനും എന്നീ ബാല സാഹിത്യകൃതികളുടെ രചയിതാവാണ്.. സംഗീതആൽബങ്ങൾക്ക് ഗാനങ്ങൾ രചിച്ചു. കാനറ ബാങ്ക് ഉദ്യോഗസ്ഥയാണ് മകൾ ഇന്ദുലേഖ. മരുമകൻ ബാലു ജർമൻ റെമഡീസിൽ ജോലിചെയ്യുന്നു. കൊച്ചുമകൻ നിവേദ്ശിവ.
ഇപ്പോൾ വിനയകുമാർ ആലപ്പുഴയിലെ തുറവൂരിൽ റിട്ടയേർഡ് അധ്യാപകയായ ഭാര്യ ജയന്തിയോടൊത്ത് താമസിക്കുന്നു.

വിനയകുമാർ തുറവൂരിൻ്റെ ഒരു കുഞ്ഞു കവിതയാണ് താഴെ

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

കുഴിയാന

മുറ്റത്തുണ്ടൊരു കുഴിയാന
കുഴിയുമൊരുക്കിയിരിക്കുന്നു.
പ്രാണികളെങ്ങാൻ വന്നാലോ
മണ്ണുതെറിപ്പിച്ചീടുന്നു.
കുഴിയിലതെങ്ങാൻ വീണാലോ
കൊമ്പിൽ കുത്തിക്കൊല്ലുന്നു.
ആർത്തിയിലതിനെ തിന്നിട്ട്
മണ്ണിലൊളിച്ചു കിടക്കുന്നു!

കള്ളൻ കുഴിയാനയുടെ സൂത്രം
കണ്ടില്ലേ? ഞാനൊന്നുമറിഞ്ഞില്ലേ
രാമനാരായണ എന്ന മട്ടിൽ
എല്ലാം കഴിഞ്ഞ് മണ്ണിലൊളിച്ചു
കിടക്കുകയാണ് കൗശലക്കാരൻ’

കവിത ഇഷ്ടമായി. ഇനിയൊരു കഥ വായിക്കാം.

കഥ പറയാനൊരു ടീച്ചറുണ്ട് . – ജാനു അച്യുതം . കൊല്ലം കരുനാഗപ്പള്ളി അയണി നോർത്തിലാണ് താമസം. സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദവും B Ed മാണ് വിദ്യാഭ്യാസ യോഗ്യത.. ദീർഘകാലമായി കരുനാഗപ്പള്ളി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ എച്ച് എസ് എ അധ്യാപികയാണ്.

ജാനു അച്യുതം ടീച്ചറെഴുതിയ കുഞ്ഞൻപുഴുവിൻ്റെ ആഗ്രഹം എന്ന കഥ നമുക്കു വായിച്ചാലോ കൂട്ടുകാരേ?

🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴

🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳

കുഞ്ഞൻപുഴുവിന്റെ ആഗ്രഹം

ഒരിക്കൽ ഒരിടത്ത് ഒരു കുഞ്ഞൻപുഴു താമസിച്ചിരുന്നു. ഈ ലോകം മുഴുവനും ഒന്നു ചുറ്റിക്കറങ്ങണമെന്ന് അവൻ ഏറെനാളായി കൊതിച്ചിരുന്നു. അതിനെന്താണ് വഴി? യാത്ര ചെയ്യണമെങ്കിൽ ഒരു തോണി വേണം. തോണി കിട്ടാതെ അവൻ സങ്കടപ്പെട്ടു.
ആഗ്രഹം മനസ്സിലാെതുക്കി കുറച്ചു നാളുകൾ കഴിച്ചുകൂട്ടി. പിന്നെ വളരെ വിഷമത്തോടുകൂടി മഴമേഘത്തെ നോക്കിയിരുന്നു. മഴമേഘത്തിന് കാര്യം മനസ്സിലായി.

മഴമേഘം കാറ്റിനോട് ചോദിച്ചു. ഞങ്ങളെ ഗതിമാറ്റി കുഞ്ഞു പുഴുവിന്റെ അടുത്തേക്ക് വിടുമോ?

“അതിനെന്താ കുഞ്ഞുപുഴുവിൻ്റെ ആഗ്രഹം നമുക്ക് സാധിച്ചു കൊടുക്കാമല്ലോ ”
കാറ്റ് മഴമേഘത്തോട് പറഞ്ഞു.

രണ്ടാൾക്കും സന്തോഷമായി വഴിമാറി സഞ്ചരിച്ച മഴമേഘം കുഞ്ഞുപുഴുവിൻ്റെ അടുത്തേക്ക് മെല്ലെമെല്ലെ എത്തി.

ഹായ് നല്ല തണുപ്പ്!

എന്ത് രസം! കുഞ്ഞിപ്പുഴു കണ്ണു ചിമ്മിച്ചിമ്മി മഴയെ നോക്കിയിരുന്നു. മഴ അവൻ്റെ ദേഹത്ത് ഉമ്മവച്ചു.

“നല്ല കുളിര്.എനിക്ക് നീന്താൻ തോന്നുന്നു ലോകം ചുറ്റിക്കറങ്ങണം ഈ ലോകം എന്തെന്നറിയണം. “

കാറ്റ് അവന്റെ മൃദുലമേനിയിൽ തണുത്തകരങ്ങളാൽ തൊട്ടു തലോടി. അപ്പോൾ പുഴുവിന് ഇക്കിളിയായി. നല്ല സ്നേഹസ്പർശം. കുഞ്ഞിപ്പുഴു മനസ്സിൽ കരുതി.
അതാപെട്ടെന്ന് കാറ്റൊരു അരയാലില അടർത്തി പുഴുവിന്റെ അടുത്തേക്ക് ഇട്ടുകൊടുത്തു.

“ആ ഇതാ എനിക്കുള്ള വഞ്ചിയെത്തി. ഞാൻ ഇതിൽക്കയറി ലോകം മുഴുവൻ കറങ്ങും.

വെള്ളം പൊന്തിപ്പൊന്തി വരുന്നത് കുഞ്ഞിപ്പുഴു കാണുന്നുണ്ട്. വെള്ളത്തിന്റെ ഉയർച്ച കൂടി വരുന്നതു കണ്ടപ്പോൾ നമ്മുടെ കുഞ്ഞിപ്പുഴുവിനു….പേടിയായി.

ഇലത്തോണി തുഴഞ്ഞുകൊണ്ടുപോകാൻ കാറ്റിനുത്സാഹമായി.. കാറ്റും മഴയും കൂടിക്കൂടി എത്തിയപ്പോൾ കുഞ്ഞിപ്പുഴു തോണി നിയന്ത്രണമില്ലാതെ തിരിയാനും മറിയാനും തുടങ്ങി.
കുഞ്ഞിപ്പുഴു പേടിയാേടെ മന്ത്രിച്ചു.

“വേണ്ടേ വേണ്ട. എനിക്ക് ലോകം ചുറ്റിക്കറങ്ങേണ്ട, ഇതുതന്നെയാണ് എന്റെ സുന്ദരലോകം.

പിന്നെ ഒരിക്കലും, എത്ര മഴ വന്നാലും കുഞ്ഞിപ്പുഴുവിന് ലോകം ചുറ്റണമെന്ന ആഗ്രഹം ഉണ്ടായിട്ടേയില്ല…..

*****************************************************************

ഇനി നമുക്ക് ഒരു കവിത കേൾക്കാം.

കവിതയുമായി എത്തിയിട്ടുള്ളത് കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്തുള്ള ഞീഴൂർ ഗ്രാമക്കാരനായ ശ്രീ.സന്തോഷ് കടുത്തുരുത്തി യാണ്.

നാരായണൻ നായരുടെയും, കമലമ്മയുടെയും മകനായ ശ്രീ. സന്തോഷ് ഇംഗ്ലീഷ് സാഹിത്യത്തിൽ കേരള സർവകലാശാലയിൽനിന്നും ബരുദാനന്തരബിരുദം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ എന്നിവ നേടിയട്ടുണ്ട്. അസാപ് സർട്ടിഫൈഡ് കമ്മ്യൂണിക്കേറ്റീവ് ട്രെയിനറുമാണ്.

പതിനാല് വർഷം ലേബർ ഇൻഡ്യ പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിച്ചു. തുടർന്ന് സ്റ്റുഡന്റ്സ് ഇന്ത്യ വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളുടെ സ്ഥാപകാംഗവും എക്‌സിക്യൂട്ടീവ് എഡിറ്ററുമായി. സ്റ്റുഡന്റ്സ് ഇന്ത്യ പ്രസാധകരായ കോട്ടയം ആസ്ഥാനമായ ഹാനാസ് എഡ്യൂ. പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡംഗമായും പ്രവർത്തിക്കുന്നു. ഈ കാലയളവിൽ നിരവധി പുസ്തകങ്ങളുടെ എഡിറ്റിംഗ് ചുമതലകൾ നിർവഹിച്ചു. സ്റ്റുഡന്റ്സ് ഇന്ത്യയുടെ കുഞ്ഞാറ്റ എന്ന പ്രീപ്രൈമറി പ്രസിദ്ധീകരണത്തിനും തുടക്കമിട്ടു.

ഇപ്പോൾ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റായ ഭാര്യ പ്രീതയോടും
മക്കളായ രവിശങ്കർ, ഹരിശങ്കർ എന്നി രോടുമൊപ്പം കാട്ടാമ്പാക്ക് – ഞീഴൂർ തിരുവാതിരയിൽ -താമസിക്കുന്നു.
ശ്രീ സന്തോഷ് കടുത്തുരുത്തി യുടെ കവിത വായിക്കാം

🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵🌵

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
നല്ലവരാകാൻ

നല്ലവരാകാൻ എന്തു വേണം?
നന്മയെഴുന്നൊരു മനസ്സു വേണം.
കഷ്ടപ്പെടുന്നോനെ കാണുവാനായ്
ഉള്ളം തുറന്നൊരു കാഴ്ച വേണം.
വീടിനും നാടിനും മൂല്യമേറ്റാൻ ഊറ്റം
കൊള്ളുന്നൊരു ചിത്തം വേണം.
ജീവിതമെന്നതു ലഹരിയാക്കീ –
ട്ടാർത്തു പുണരുവാൻ മോഹംവേണം!

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

ഇത്തവണത്തെ വിഭവങ്ങളൊക്കെ ഇഷ്ടമായോ? വായിക്കുന്ന കൂട്ടുകാർ ഇത് മറ്റു ചങ്ങാതിമാർക്കു കൂടെ ഷെയർ ചെയ്തു കൊടുക്കണേ . അങ്ങനെ അവരും സന്തോഷിക്കട്ടെ .

പ്രിയമുള്ള പുതിയ വിഭവങ്ങളുമായി നമുക്കിനി നക്ഷത്രക്കൂടാരത്തിന്റെ പുതിയവാതിൽ തുറക്കാനെത്തുമ്പോൾ കാണാം കുട്ടുകാരേ……!!.

സ്നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട

കടമക്കുടി മാഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments