കണ്ണൂർ: വൈദ്യുതിയില്ലാതെ വലഞ്ഞ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ അമ്മയും കുഞ്ഞും വാർഡ്. ഇന്നലെ രാവിലെ 9 മണിയോടെ നിലച്ച വൈദ്യുതിബന്ധം വൈകിട്ട് 7.40ന് ആണ് പുനഃസ്ഥാപിച്ചത്. പകൽ മുഴുവൻ കടുത്ത ചൂടിൽ ഫാൻ പോലുമില്ലാതെ വിയർത്തൊഴുകിയാണ് നവജാത ശിശുക്കളും അമ്മമാരും ഉൾപ്പെടെ കഴിച്ചുകൂട്ടിയത്.
പ്രസവത്തിനായി കാത്തിരിക്കുന്നവരും പ്രസവം കഴിഞ്ഞ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളിൽ പ്രവേശിപ്പിച്ചവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ഒരുപോലെ വലഞ്ഞു. പലവട്ടം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കൂട്ടിരിപ്പുകാർ പറഞ്ഞു. പകൽ സമയത്തും വെളിച്ചക്കുറവ് ബുദ്ധിമുട്ടിച്ചിരുന്നു.
വൈകിട്ടായതോടെ പൂർണമായും ഇരുട്ടായി. ഇതോടെ മൊബൈൽ ഫോണിന്റെ ലൈറ്റ് തെളിച്ചും എമർജൻസി ലാംപുകൾ കൊണ്ടുവന്നും ടോർച്ച് അടിച്ചും മെഴുകുതിരി കത്തിച്ചുമെല്ലാമാണ് വാർഡിൽ വെളിച്ചമെത്തിച്ചത്.