മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ച പെരുമ്പാവൂർ സ്വദേശിനിയുടെ പോസ്റ്റ് മോർട്ടം കളമശേരി മെഡിക്കൽ കോളേജിൽ നടന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.വൈകിട്ട് അഞ്ചു മണിയോടെ പെരുമ്പാവൂർ എടത്താക്കരയിലാണ് സംസ്കാരം. പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെയാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചത്.
അസ്മയുടെ നവജാത ശിശു കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശിശുക്കൾക്കായുള്ള തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.കുഞ്ഞിന് ചെറിയ തോതിൽ അണുബാധയുണ്ടെന്നാണ് വിവരം. പെരുമ്പാവൂർ സ്വദേശിയായ അസ്മ ശനിയാഴ്ച വൈകിട്ട് ആണ് മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ചത്. ആരോഗ്യ വകുപ്പിനെയോ പോലീസിനെയോ അറിയിക്കാതെ ഭർത്താവ് സിറാജുദ്ദീൻ അസ്മയുടെ മൃതദേഹത്തിന് ഒപ്പം നവജാത ശിശുവിനെയും ആംബുലൻസിൽ കയറ്റി പെരുമ്പാവൂരിൽ എത്തിക്കുകയായിരുന്നു.
സംഭവത്തിൽ അസ്മയുടെ ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പെരുമ്പാവൂർ പോലീസ് കേസ് എടുത്തു. അസ്മയുടെ ഭർത്താവ് സിറാജുദീനെ പെരുമ്പാവൂരിൽ നിന്നും മലപ്പുറം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെരുമ്പാവൂർ പോലീസ് എടുത്ത കേസു മലപ്പുറം പോലീസിന് കൈമാറുന്നുണ്ട്.