യു. പി —-ഉത്തർപ്രദേശിലെ ബദൗണിൽ വീട്ടിൽ കയറി രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് പ്രതി കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകം ബുദൗണിൽ ഇന്നലെ സംഘർഷാവസ്ഥ സൃഷ്ടിച്ചെങ്കിലും ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണ്.
ബുദൗണിലെ ബാബ കോളനിയിൽ കൊല്ലപ്പെട്ട കുട്ടികളുടെ വീടിനു സമീപം ബാർബർ ഷോപ്പ് നടത്തിയിരുന്ന സാജിദിന് അവരുടെ പിതാവ് വിനോദിനെ അറിയാമായിരുന്നു. ഇന്നലെ വൈകുന്നേരം 5,000 രൂപ കടം വാങ്ങാനായാണ് വിനോദിന്റെ വീട്ടിൽ സാജിദ് എത്തിയത്. ഗർഭണിയായ തന്റെ ഭാര്യയുടെ ആശുപത്രി ചെലവിനായാണ് അയ്യായിരം രൂപ ആവശ്യപ്പെട്ടത്. എന്നാൽ വിനോദ് വീട്ടിലുണ്ടായിരുന്നില്ല. ഇക്കാര്യം സംഗീത വിനോദിനെ ഫോൺ വിളിച്ചറിയിച്ചു. കുടിക്കാൻ ചായ വേണമെന്ന് വിനോദിന്റെ ഭാര്യ സംഗീതയോട് സാജിദ് ആവശ്യപ്പെട്ടു. ചായ ഇടാൻ സംഗീത അടുക്കളയിലേക്ക് പോയ സമയം നോക്കിയായിരുന്നു കൊലപാതകം. വീടിനു മുകളിലുള്ള സംഗീതയുടെ ബ്യൂട്ടി പാർലർ കാണിച്ചുതരാൻ ദമ്പതികളുടെ മൂത്ത മകനായ ആയുഷിനോട് (13) സാജിദ് ആവശ്യപ്പെട്ടു. രണ്ടാമത്തെ നിലയിലെത്തിയപ്പോൾ വീട്ടിലെ ലൈറ്റുകൾ അണച്ച ശേഷം കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആയുഷിനെ സാജിദ് കൊലപ്പെടുത്തുകയായിരുന്നു. ആയുഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയ വിനോദിന്റെ രണ്ടാമത്തെ മകൻ അഹാനെയും ഇയാൾ കൊലപ്പെടുത്തി. രക്ഷപ്പെടുന്നതിനു മുന്‍പ് മൂന്നാമത്തെ മകൻ പീയുഷിനെയും (6) ആക്രമിക്കാൻ ശ്രമിച്ചു.
വീടിനു സമീപത്ത് നിന്ന് സാജിദിനെ പിടികൂടിയെങ്കിലും പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. രോഷാകുലരായ നാട്ടുകാർ സാജിദിന്റെ ബാർബർഷോപ്പിനു തീയിട്ടു. നാട്ടുകാരുടെ പ്രതിഷേധത്തെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ടെന്നും സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ബദൗൺ ജില്ലാ മജിസ്‌ട്രേറ്റ് മനോജ് കുമാർ പറഞ്ഞു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിക്കും. സാജിദുമായ തനിക്ക് യാതൊരു മുൻവൈരാഗ്യവും ഇല്ലായിരുന്നുവെന്ന് വിനോദ് പ്രതികരിച്ചു.
– – –