ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രനീക്കം ആരംഭിച്ചു. 2019-ൽ പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ മാർച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യും. പൗരത്വത്തിന് അപേക്ഷ നൽകുന്നതിന് പ്രത്യേക പോർട്ടൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സജ്ജമാക്കി. തിരഞ്ഞെടുപ്പിന് മുമ്പ്, സി.എ.എ. നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മത വിഭാഗത്തിൽപെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികളാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവിൽ വന്നുവെങ്കിലും ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. പാകിസ്‌താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാർസി മത വിശ്വാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമഭേദഗതിയാണ് പാർലമെന്റ് പാസ്സാക്കിയിരുന്നത്.
2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ എത്തിയവർക്കാണ് പൗരത്വത്തിനായി അപേക്ഷ നൽകാൻ കഴിയുകയെന്നായിരുന്നു നിയമത്തിൽ വ്യവസ്ഥ ചെയ്തതിരുന്നത്. എന്നാൽ 2014-ന് ശേഷവും ഇന്ത്യയിൽ എത്തിയവർക്ക് സി.എ.എയുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നുവെന്നാണ് സൂചന. സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും, ബംഗാളും ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനാണ് പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വഴിയാക്കുന്നത്.
പൗരത്വത്തിന് അപേക്ഷിക്കുന്നവർ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വർഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരിൽ നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സി.എ.എ. നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകളും, വിവിധ മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു. മുസ്ലിംലീഗ് ഉൾപ്പടെ നൽകിയ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.