Monday, December 23, 2024
Homeഇന്ത്യകാലാവസ്ഥാ നിരീക്ഷണത്തിനായി അത്യാധുനിക ഉപഗ്രഹം; ഇൻസാറ്റ്‌ 3 ഡിഎസ് വിക്ഷേപണം വിജയം.

കാലാവസ്ഥാ നിരീക്ഷണത്തിനായി അത്യാധുനിക ഉപഗ്രഹം; ഇൻസാറ്റ്‌ 3 ഡിഎസ് വിക്ഷേപണം വിജയം.

തിരുവനന്തപുരം; കാലാവസ്ഥാ നിരീക്ഷണത്തിനുള്ള അത്യാധുനിക ഉപഗ്രഹമായ ഇൻസാറ്റ്‌ 3ഡിഎസിന്റെ വിക്ഷേപണം വിജയം. ഉപഗ്രഹത്തിൽ നിന്നുള്ള സിഗ്‌നലുകൾ ലഭിച്ചു തുടങ്ങി. ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽ നിന്ന്‌ ശനി വൈകിട്ട്‌ 5.34 നായിരുന്നു വിക്ഷേപണം. ജിഎസ്‌എൽവി എഫ്‌ 14 റോക്കറ്റാണ്‌ പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചത്‌. ഇരുപത്തിനാല്‌ മണിക്കൂർ നീണ്ട കൗണ്ട്‌ ഡൗണിന്‌ പിന്നാലെ റോക്കറ്റ്‌ കുതിപ്പ്‌ തുടങ്ങി.

വിക്ഷേപണത്തിന്റെ അഞ്ചാം മിനിട്ടിൽ സങ്കീർണമായ ക്രയോഘട്ടം കൃത്യമായി ജ്വലിച്ചു. 14 ന്‌ മിനിട്ട്‌ ജ്വലനത്തിലൂടെ പേടകം 253 കിലോമീറ്റർ ഉയരത്തിലുള്ള താത്‌ക്കാലിക ഭ്രമണപഥയത്തിലിറങ്ങി. തുടർന്ന്‌ പേടകത്തിലെ സൗരോർജ പാനലുകൾ വിന്യസിച്ചു. വരും ദിവസങ്ങളിൽ ഭ്രമണപഥം ഉയർത്തുന്ന പ്രക്രിയ നടക്കും. ഒരാഴ്‌ചക്കുള്ളിൽ പേടകം പൂർണമായും പ്രവർത്തന സജ്ജമാകും. ഇരുപത്തനാലു മണിക്കൂറും കാലാവസ്ഥാ നിരീക്ഷണം നടത്താൻ കഴിയുന്ന ആധുനിക ഉപകരണങ്ങളാണ്‌ പേടകത്തിലുള്ളത്‌. കടലിലെ മാറ്റങ്ങൾ, ചുഴലിക്കാറ്റുകൾ, കാലവർഷം തുടങ്ങിയവയെ പറ്റി കൃത്യമായി വിവരങ്ങൾ ശേഖരിക്കാനാവും. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക്‌ ഇത്‌ സഹായകമാകും.

2014ൽ വിക്ഷേപിച്ച ഇൻസാറ്റ് 3ഡി, 2016ൽ വിക്ഷേപിച്ച ഇൻസാറ്റ് 3 ഡിആർ എന്നീ ഉപ​ഗ്ര​ഹങ്ങളുടെ പിൻ​ഗാമിയാണ് ഇൻസാറ്റ് 3 ഡിഎസ്. 10 വർഷമാണ്‌ കാലാവധി. വിക്ഷേപണത്തിന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ എസ്‌ സോമനാഥ്‌, സെന്റർ ഡയറക്ടർമാരായ ഡോ എസ്‌ ഉണ്ണികൃഷ്‌ണൻനായർ(വിഎസ്‌എസ്‌സി), ഡോ വി നാരായണൻ(എൽപിഎസ്‌സി), എ രാജരാജൻ(ഷാർ) തുടങ്ങിയവർ നേതൃത്വം നൽകി. ടോമി ജോസഫായിരുന്നു മിഷൻ ഡയറക്ടർ.

RELATED ARTICLES

Most Popular

Recent Comments