വാഷിംഗ്ടണിലെ സോനാര ഡോഡിന്റെ ഉള്ളിൽ മിന്നിയ ഒരു ആശയമാണ് ഇന്ന് ലോകമെങ്ങും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആചരിക്കാൻ കരണീയമായത്.അമ്മയില്ലാതെ ആറു കുഞ്ഞുങ്ങളെ സ്മാർട്ടായി വളർത്തിയ വില്യം സ്മാർട്ട് എന്ന അവളുടെ അച്ഛൻറെ സ്മരണ നിലനിർത്തുന്നതിനായി അച്ഛൻറെ ജന്മദിനം പിതൃദിനമായി ആചരിക്കാൻ സോനാരാ തീരുമാനിച്ചു.1966ൽ പ്രസിഡന്റ് ഇതിന് ഔദ്യോഗിക സമ്മതം നൽകി.അങ്ങനെ ഇത് ലോകത്തിലെ ഒരു പ്രധാന ആചരണമായി മാറി.
സ്നേഹത്തിൻറെ പാലാഴി, വാത്സല്യനിധി എന്നൊക്കെ കൂട്ടുകാരികൾ അവരുടെ അച്ഛൻമാരെ വിശേഷിപ്പിക്കുമ്പോഴും എനിക്ക് ഈ അറുപതാം വയസ്സിലും അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യമെത്തുന്ന വികാരം ഭയം കലർന്ന ബഹുമാനമാണ്. കൃത്യനിഷ്ഠ,അച്ചടക്കം, കർക്കശസ്വഭാവം, ഒരു കാര്യത്തെക്കുറിച്ച് അച്ഛൻ എടുക്കുന്ന തീരുമാനങ്ങൾ അവസാനവാക്ക് ആയിരിക്കും. അതിലൊരു മാറ്റം സ്വപ്നത്തിൽ പോലും നടക്കില്ല എന്ന നിശ്ചയം ഞങ്ങൾ മക്കൾക്ക് എല്ലാവർക്കും ഉണ്ടായിരുന്നു. ലോകം കീഴ്മേൽ മറിയും എന്ന് പറഞ്ഞാലും ശാഠ്യം കാണിച്ചാലും ഒരിക്കലും അലിയാത്ത മനസ്സ്.
“ നർമ്മത്തോടൊത്ത് കർമ്മം ചെയ്യുക” എന്നൊക്കെ അച്ഛൻ സർവീസ് സ്റ്റോറിയിൽ എഴുതി പിടിപ്പിച്ചിട്ടുണ്ടെങ്കിലും അതൊരിക്കലും ഞാൻ ഇതുവരെ കുടുംബകാര്യങ്ങളിൽ കണ്ടിട്ടില്ല. 😜 ഇന്നസെൻറ് ഒരു സിനിമയിൽ പറഞ്ഞ ഡയലോഗ് ആണ് എനിക്ക് ഇത് കേൾക്കുമ്പോൾ ഓർമ വരിക. “അതൊക്കെ മൈക്കിനു മുമ്പിൽ വെറുതെ പറയുന്നു എന്നേയുള്ളൂ. കാര്യത്തോട് അടുത്താൽ ഇവിടെ ഞാൻ ചോരപ്പുഴ ഒഴുക്കും. “🥰
കഴിഞ്ഞദിവസം ലുലു മാളിൽ പോയപ്പോഴുള്ള ഒരു അനുഭവം നിങ്ങളുമായി പങ്കു വയ്ക്കണമെന്ന് തോന്നി. തിരക്കുകുറഞ്ഞ സമയത്ത് രാവിലെ ആണ് ഞങ്ങളുടെ ലുലു മാളിലെ വാരാന്ത്യ ഷോപ്പിംഗ്. ഹൈപ്പർ മാർക്കറ്റിൽ നിന്ന് ഒരാഴ്ചയ്ക്ക് വേണ്ട പഴം,പച്ചക്കറി,മീൻ പലചരക്ക്,പാല്, തൈര്, മുട്ട…..എന്ന് വേണ്ട എല്ലാം കരസ്ഥമാക്കി പിന്നെ ഫുഡ് കോർട്ടിൽ പോയിരുന്ന് സ്നാക്സും കഴിച്ച് കുറേസമയം ഫാഷൻഷോയോ പാട്ടോ ഡാൻസോ സിനിമകളുടെ പ്രൊമോഷൻ പരിപാടികളോ..ഒക്കെ ആസ്വദിക്കുന്ന പതിവുണ്ട്. അപ്പോഴാണ് ഒഴിഞ്ഞ ഒരു സ്ഥലത്ത് 15 വയസ്സ് പോലും തികയാത്ത ഒരു ആൺകുട്ടിയും പെൺകുട്ടിയും കഴിക്കാൻ വന്നിരിക്കുന്നത് കണ്ടത്.അടുത്ത ടേബിളിൽ ഇരിക്കുന്ന അവരുടെ ചേഷ്ടകളൊക്കെ എന്നിൽ കൗതുകമുണർത്തി. ചുറ്റുവട്ടത്ത് ആരും ഉണ്ടെന്ന തിരിച്ചറിവില്ലാതെയുള്ള പെരുമാറ്റം. കെട്ടിപ്പിടിക്കുന്നു, മുത്തം കൊടുക്കുന്നു,പരസ്പരം ഫുഡ് വായിൽ വെച്ചു കൊടുക്കുന്നു. ഹായ് എന്തു രസം നമുക്കൊന്നും ഒരിക്കൽ പോലും അനുഭവിക്കാൻ കഴിയാതെ പോയ ഭാഗ്യങ്ങൾ. 😜 അന്ന് യൂസഫിക്ക ഇതുപോലെ ലുലുമാൾ പണിത് ഇട്ടിരുന്നില്ലല്ലോ. കൂട്ടുകാരിയോടൊപ്പം കമ്പൈൻ സ്റ്റഡിക്ക് ആണെന്നും പറഞ്ഞ് അച്ഛനെ പറ്റിച്ചു വന്ന പെൺകുട്ടിക്ക് അത് ആലോചിച്ചിട്ടും പറഞ്ഞിട്ടും ചിരിയടക്കാൻ കഴിയുന്നില്ല. അച്ഛൻ ഒരു പൊട്ടൻ ആണെന്നും തന്റെ നുണ അച്ഛൻ തൊണ്ട തൊടാതെ വിഴുങ്ങി ആ പാവം തന്നെ ഇവിടെ സ്കൂട്ടറിൽ കൊണ്ടെത്തിച്ചിട്ട് ഡ്യൂട്ടിക്ക് പോയി എന്നും പറഞ്ഞുള്ള പൊട്ടിച്ചിരിയും അട്ടഹാസവും കണ്ടപ്പോൾ എനിക്ക് ആ അച്ഛനോട് സഹതാപമാണ് തോന്നിയത്. ഞാൻ മനസ്സിൽ ആലോചിച്ചു. ഈ കോമഡി ട്രാജഡിക്ക് വഴിമാറാൻ എത്ര സമയം വേണ്ടിവരും? ഒന്നുകിൽ ബ്രേക്ക് അപ്പ് ആയി അല്ലെങ്കിൽ തേച്ചിട്ടു പോയി,അങ്ങേയറ്റം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് ഒരു പരാതി,കേസ്,അറസ്റ്റ്, അടിപിടി…… എന്തായിരിക്കും ഇതിന്റെയൊക്കെ ക്ലൈമാക്സ്? ചിന്തകൾ കാടു കയറിയപ്പോൾ അവിടെ ഫുൾസ്റ്റോപ്പ് ഇട്ട് അന്നത്തെ ഔട്ടിങ് അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി.
ജൂൺ 16 ലോകപിതൃദിനം ആഘോഷിക്കുന്ന എല്ലാ പിതാക്കന്മാർക്കും പ്രത്യേകിച്ച് നല്ല ജീവിതമൂല്യങ്ങളും പാരമ്പര്യവും പകർന്നു തന്ന് എന്നെ വളർത്തിയ കർക്കശക്കാരനായ എൻറെ പിതാവിനും പിതൃദിനആശംസകൾ അർപ്പിച്ചുകൊണ്ട്.🙏