എൻ്റെ ചെറുപ്പകാലത്ത് ക്രിസ്തുമസിന് ആഴ്ചകൾക്കു മുമ്പേ ക്രിസ്തുമസിന്റെ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടാവും. ആദ്യം വീടിന്റെ തട്ടിൻ മുകളിൽ പത്രകടലാസുകൊണ്ട് പൊതിഞ്ഞുവെച്ച അഞ്ച് അടിയോളം വലിപ്പമുള്ള നക്ഷത്രവിളക്ക് താഴേക്ക് ഇറക്കി കൊണ്ടുവരും. അതോടൊപ്പം വലിയ പുൽക്കൂടും കൊണ്ടുവരും. കുട്ടിയായ എന്നെക്കാളും വലിപ്പമുള്ള നക്ഷത്ര വിളക്ക് എന്നെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുത കാഴ്ചയായിരുന്നു. സോപ്പ് കമ്പനിയിലെ വറീത് ചേട്ടൻ വെള്ള ചൈന പേപ്പർ പാകത്തിന് വെട്ടി അതിൽ ഒട്ടിക്കും. കുട്ടിയായ ഞാൻ ഇടയ്ക്ക് നക്ഷത്ര വിളക്കിൽ തൊട്ട് വികൃതി കാണിക്കുമ്പോൾ വറീത് ചേട്ടന്റെ ഒരു തുറുപ്പിച്ച നോട്ടമുണ്ട്.
അതിനകത്ത് ഒരു ബൾബും ഇട്ട് വീടിന്റെ മുകളിൽ കെട്ടിത്തൂക്കി ഇടും. ക്രിസ്തുമസിന് മുമ്പേ വൈകുന്നേരം ആയാൽ ബൾബ് കത്തിക്കും. വലിയ ക്രിസ്തുമസ് കൂടിന്റെ മുകളിൽ വൈക്കോൽ കൊണ്ട് മേയും. ക്രിസ്തുമസിന് മൂന്നുനാലു ദിവസം മുമ്പ് പുൽക്കൂട് വെച്ച് പത്ര കടലാസുകൾ കൂട്ടി ഒട്ടിച്ച് അതിൽ കരിപൊടിച്ച് വെള്ളത്തിൽ ചേർത്ത് അത് ഒട്ടിച്ചുവെച്ച പത്ര കടലാസിന്റെ മേൽ വാരി തേക്കും. അത് ഉണക്കി പുൽക്കൂടിനു ചുറ്റും വലിയ മലകളാക്കും. ചട്ടകളിൽ പല വർണ്ണത്തിനുള്ള കടലാസ്സുകൾ ഒട്ടിച്ച് അതിൽ ജനലുകളും വാതിലും വെച്ച് രണ്ടും മൂന്നും നിലകളുള്ള വീടുകളാക്കി മലയുടെ പല ഭാഗത്തും വയ്ക്കും. പുൽക്കൂടിന് ചുറ്റും ഈന്തപ്പട്ട കൊണ്ട് മറക്കും പല ദിവസങ്ങളായി പുൽക്കൂടിന്റെ പണി കഴിഞ്ഞു വരുമ്പോഴേക്കും ക്രിസ്തുമസിന്റെ തലേദിവസമാകും. തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് പുത്തൻ പള്ളിയുടെ മുന്നിൽ താമസിച്ചിരുന്ന ഞങ്ങൾ പിന്നീട് മിഷൃൻ ക്വാർട്ടേഴ്സിൽ വീട് വാങ്ങിച്ച് താമസം തുടങ്ങി. നഗരത്തിലെ തിരക്കിൽ നിന്ന് വിട്ട് പ്രകൃതി സുന്ദരമായ ഇവിടെ വന്നപ്പോഴാണ് ശരിക്കും നല്ല വായു ശ്വസിക്കാൻ കിട്ടിയത് എന്ന് പറയാം. വീടിന്റെ പിന്നിൽ അന്ന് നെൽപ്പാടമായിരുന്നു.
കാലത്തിന്റെ വികൃതി എന്ന് പറയാം എൻ്റെ ചെറുപ്പകാലത്ത് ഡിസംബർ മാസത്തിൽ ഇന്നത്തെ കാലാവസ്ഥയേ, അല്ല. കൊടും തണുപ്പ് , മഞ്ഞിനെ കൊണ്ട് മൂടപ്പെട്ട അന്തരീക്ഷം. സംസാരിക്കുമ്പോൾ വായിൽ നിന്ന് ആവി വരുന്ന കാഴ്ച്ച. വെട്ടുവഴിയിൽ കൂടി നടുക്കുമ്പോൾ കോച്ചുന്ന തണുപ്പത്ത് കൈകൾ നെഞ്ചോട് ചേർത്ത് വെച്ച് നടക്കുന്ന കാലത്താണ് ഉണ്ണിയേശു ഭൂജാതനായത്. ആയതിന്റെ ഓർമ്മ ആചരിക്കുന്ന ക്രിസ്തുമസിന്റെ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പള്ളികളിലും വീടുകളിലും ആഴ്ചകൾക്കു മുമ്പേ തുടങ്ങും. വീടുകളിൽ പെട്ടികളിൽ അടച്ചു സൂക്ഷിച്ച ഉണ്ണിയേശുവിന്റെയും, മാതാവ്, ഔസേപ്പ് പുണ്യാളൻ, ആട്ടിടയന്മാര് ,പശു, ഒട്ടകം ,ആടുകൾ ,മൂന്ന് രാജാക്കന്മാര്, ഗബ്രിയേൽ മാലാഖ എന്നീ രൂപങ്ങൾ തുടച്ചു വൃത്തിയാക്കുകയാണ് കുട്ടികളുടെ ആദ്യത്തെ ജോലി. ഇന്നത്തെ പോലെ റെഡിമെയ്ഡ് പുൽക്കൂടുകൾ ഒന്നും അന്ന് വാങ്ങാൻ കിട്ടിയിരുന്നില്ല. മരച്ചില്ലകളും മറ്റുംകൂട്ടിക്കെട്ടി ഒരു പുൽക്കൂട് ഉണ്ടാക്കും.
ഞങ്ങൾക്ക് നെൽകൃഷി ഉണ്ടായിരുന്നതുകൊണ്ട് വീട്ടിൽ ഇഷ്ടം പോലെ വൈക്കോൽ ഉണ്ടാകുമായിരുന്നു. ക്രിസ്തുമസ് കാലമായാൽ കുട്ടികൾ പുൽക്കൂടിന് മേൽക്കൂര മേയുന്നതിനായി വൈക്കോൽ ചോദിച്ച് ഞങ്ങളുടെ വീട്ടിലേക്ക് വരാറുണ്ട്. ക്രിസ്തുമസ് കാലമായാൽ ഞങ്ങളുടെ അമ്മാമ്മ കുറച്ചു വൈക്കോൽ കെട്ടുകളുമായി വീടിന്റെ മുന്നിൽ തന്നെ ഉണ്ടാകും. അമ്മാമേ കുറച്ചു വൈക്കോൽ തരുമോ എന്ന് ചോദിച്ച് വരുന്ന കുട്ടികളോട് കുശലം ചോദിച്ച് അവർക്ക് വൈക്കോൽ കൊടുക്കുക എന്നത് അമ്മാമ്മയ്ക്ക് വളരെയധികം സന്തോഷമുള്ള കാര്യമായിരുന്നു.
ചില കുട്ടികൾ നക്ഷത്ര വിളക്കുകൾ ഉണ്ടാക്കാൻ മിടുക്കരാണ്. അവർക്ക് കുട്ടികളുടെ ഇടയിൽ പിടിവലിയാണ്, ഞങ്ങൾക്കും, നക്ഷത്ര വിളക്ക് ഉണ്ടാക്കി തരാൻ പറഞ്ഞ്. പണവും പത്രാസും ഉള്ളവർ അങ്ങാടിയിൽ നിന്ന് വാങ്ങും. അന്നത്തെ കാലത്ത് ചില വീടുകളിലെ മുന്നിൽ തൂക്കിയ നക്ഷത്ര വിളക്കിൽ മെഴുകുതിരിയാണ് കത്തിച്ചു വെക്കുക.
ആ കാലത്ത് പുൽക്കൂടിനോടൊപ്പം തന്നെ വീടുകളിൽ ക്രിസ്തുമസ് ട്രീയും ഉണ്ടാക്കും. ഇന്നത്തെ പോലെ റെഡിമെയ്ഡ് ട്രീ ഒന്നും അന്ന് വിപണിയിൽ കിട്ടുകയില്ല. അതിന് ചൂളമരത്തിന്റെ കൊമ്പുകളാണ് ഉപയോഗിക്കുക. ഞങ്ങളൊക്കെ ചൂള മരത്തിന്റെ കൊമ്പ് വെട്ടിയിരുന്നത് സി എസ് ഐ പള്ളിപ്പറമ്പിൽ നിന്നായിരുന്നു.
ക്രിസ്തുമസ് കാലമായാൽ ക്രിസ്തുമസിന്‍റെയും , ന്യൂ ഇയറിന്റെയും ആശംസകൾ അറിയിച്ചു കൊണ്ടുള്ള കാർഡുകളുടെ വരവായി. ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്നതിന് പ്രധാന ഇനമാണ് ക്രിസ്തുമസ് കാർഡുകൾ.
ക്രിസ്തുമസിന്റെ തലേദിവസം ഇരുട്ടായി തുടങ്ങുന്നതിനു മുന്നേ ക്രിസ്തുമസ് കരോൾകാരുടെ വരവായി. ഒന്നിന് പുറകെ ഒന്നായി കരോൾകാർ വന്നുകൊണ്ടിരുന്നാൽ എന്തു ചെയ്യും. ചില വീട്ടുകാർ പടി പൂട്ടിയിടും. പട്ടി ഉണ്ടെങ്കിൽ അതിനെ അഴിച്ചു വിടും. കാലവും ,ആളുകളും പരിഷ്കരിച്ചപ്പോൾ പഴയകാലത്തെ പോലെ ക്രിസ്തുമസ് കരോൾ നടത്താൻ കുട്ടികളോ, യുവാക്കളോ ഇല്ലാതെ പോയി.
ക്രിസ്തുമസിന്റെ തലേന്ന് വൈകുന്നേരം ആകുന്നതോടെ എല്ലാ വീടുകളിലും കരിമരുന്ന് കത്തിച്ചു തുടങ്ങും. കമ്പിതിരി, മത്താപ്പ്, പൂക്കുറ്റി, തലചക്രം, പടക്കം എന്ന് തുടങ്ങി അങ്ങാടിയിൽ നിന്ന് കിട്ടുന്ന എന്തും വാങ്ങിച്ചു കത്തിക്കും.
ക്രിസ്തുമസിന്റെ തലേന്ന് ഉറക്കമില്ലാത്ത രാത്രി എന്ന് പറയാം. കരോൾ കാരുടെ ശല്യവും, കരിമരുന്നിൻ്റെ ശബ്ദ കോലാഹലങ്ങളും കൊണ്ട് പാതിര ആകുന്നത് അറിയുകയെയില്ല. പാതിര കുർബ്ബാനയിൽ സംബന്ധിക്കാൻ കൊടും തണുപ്പത്ത് പള്ളിയിലേക്ക് പോകും. പള്ളിയിലെ തിരുപ്പിറവി ആഘോഷങ്ങൾ കഴിഞ്ഞ് വീട്ടിൽ വന്നാൽ എല്ലാ വീട്ടുകാരും ഉണ്ണിയേശുവിനെ പുൽക്കൂട്ടിൽ കിടത്തും. പിന്നെ അവിടുന്ന് അങ്ങട് പറയണ്ട . വളരെ നേരത്തേയ്ക്ക് സംസാരിക്കാൻ പോലും കഴിയാത്ത വിധം പടക്കത്തിന്റെയും മറ്റും ബഹളമാണ്. പുൽക്കൂടിന് പുറത്ത് നിൽക്കുന്ന മൂന്ന് രാജാക്കന്മാരെ പുൽക്കൂടിനകത്തേക്ക് വയ്ക്കുക ഏഴു ദിവസങ്ങൾക്ക് ശേഷമാണ്. അന്ന് എല്ലാ വീടിന്റെ മുന്നിലും പിണ്ടി തെളിയിക്കും.
മലയാളി മനസെന്ന, മലയാളി നെഞ്ചോട് ചേർത്തുവെച്ച, മാധ്യമത്തെ നയിക്കുന്ന, രാജു ശങ്കരത്തിൽ സാറിനും, മറ്റു സഹപ്രവർത്തകർക്കും, വായനക്കാർക്കും, ഞാനും കുടുംബവും, ക്രിസ്തുമസ്സിന്റെയും, ന്യൂഇയറിന്റെയും ആശംസകൾ നേരുന്നു.