വൈകിയോടുന്ന വണ്ടിയിൽ ഇനി ആറുപേർ മാത്രം. ഡ്രൈവർ, കണ്ടക്ടർ, പിന്നെ അവസാനസ്‌റ്റോപ്പുകാരായി ഞങ്ങൾ നാലുപേർ…
വണ്ടി ചുരം ഇറങ്ങി തുടങ്ങി. ബസ്സിൽ ഒന്നു രണ്ട് ഗ്ലാസ്സ് ശരിയായി അടയ്ക്കാൻ കഴിയാത്തതു കൊണ്ട് കോടക്കാറ്റ് ബസ്സിനുള്ളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടായിരുന്നു….
സമയം വൈകുകയാണ്….
അവിടെ എത്തുന്നതിനു മുൻപ് ശവമടക്ക് കഴിയുമോ ആവോ … ഫോണും ചാർജ് തീർന്ന് നിശ്ചലമായിക്കഴിഞ്ഞു.
തൊട്ടയൽവാസിയാണ് വറീതേട്ടൻ . ബാത്ത്റൂമിൽ കാൽ വഴുതി വീണതാത്രേ . തല ക്ലോസറ്റിന്റെ അരികിൽ ചെന്നിടിച്ചുന്നാ പറഞ്ഞത്. അരമണിക്കൂറിനുള്ളിൽ എല്ലാം കഴിഞ്ഞു….
നീണ്ട ഇരുപത്തി നാലു വർഷത്തെ ഇഴയടുപ്പം .ജോലി സ്ഥലത്തു നിന്നും മാസത്തിൽ ഒരു പ്രാവശ്യമാണ് വീട്ടിലെത്തുന്നത്. എങ്കിലും വറീതേട്ടൻ അടുത്തുള്ളതു കൊണ്ട് സമാധാനമായിരുന്നു …
സുധയ്ക്കും കുട്ടികൾക്കും വലിയ സഹായമായിരുന്നു അദ്ദേഹം. വയസ്സ് എഴുപതായെങ്കിലും ഓടി നടന്ന് തോട്ടത്തിൽ പണിയെടുക്കുന്നതു കൊണ്ട് , പറയത്തക്ക ശാരീരിക പ്രശ്നങ്ങളൊന്നും അലട്ടിയിരുന്നില്ല.
വറീതേട്ടനും വിക്ടോറിയ ചേട്ടത്തിക്കും മക്കളില്ലാത്തതുകൊണ്ട് സുധയും മക്കളുമാണ് അവർക്ക് എല്ലാമെല്ലാം…
ദുഃഖം സഹിക്കാതെ ഇടക്കിടെ സുധ വിളിച്ച് കാര്യങ്ങൾ പറയുന്നതു കൊണ്ട് അവിടുത്തെ അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളു … മനസ്സ് വല്ലാതെ വേദനിക്കുന്നു. എപ്പോഴോ കാറ്റിൻ തലോടലിൽ ഒന്നുമയങ്ങി.
മനസ്സ് പഞ്ഞി പോലെ പറന്നു നടക്കുന്ന മേഘങ്ങൾക്കിടയിലൂടെ ഒഴുകി നീങ്ങി തുടങ്ങി …
പല സമയത്തായി ഭൂമി വിട്ടു പറന്നു പോയവർ അവിടെ ഒരിടത്ത് കളിചിരികൾ പറഞ്ഞതാ ചുറ്റും കൂടിയിരിക്കുന്നു…
കൂട്ടത്തിൽ വറീതേട്ടനുമുണ്ട്. മേലേ വീട്ടിലെ കാർത്തു ചേച്ചി മരിച്ചിട്ട് രണ്ടു വർഷമായല്ലോ …. ദേ, ചേച്ചിയും അവിടെയുണ്ട്. മരണം മാടിവിളിച്ചു കൊണ്ടുപോയ സോമണ്ണൻ , ലീലാവതി ചേച്ചി ,ആറ്റിൻകര വീട്ടിലെ ഗിവർഗ്ഗീസ് മാപ്പിള , സരസ്വതി അമ്മായി … ഓ! എന്തു രസാ അവിടെ !
ആർത്തുചിരിയും അക്ഷര സ്ലോകം ചൊല്ലലും ,പഴം പുരാണവും എല്ലാമായിട്ടങ്ങനെ പൊടിപൊടിക്കുകയാണല്ലോ ….
പെട്ടെന്ന് ഒരു തണുത്ത കരസ്പർശമേറ്റ പോലെ …
കുഞ്ഞേ …..എന്ന് ഒരു മൃദുസ്വരം .അത് വറീതേട്ടന്റെ സ്വരമാണല്ലോ …
ഞെട്ടി ഉണർന്നു …
ഇറങ്ങേണ്ടെ സ്ഥലമെത്തി കഴിഞ്ഞു….
കണ്ടത് സ്വപ്നമോ, യാഥാർത്ഥ്യമോ എന്നറിയാതെ ബാഗും എടുത്ത് ബസ്സിൽ നിന്നിറങ്ങി….
റോഡരുകിൽ മോൻ ബൈക്കുമായി മ്ലാനവദനനായി കാത്തു നില്ക്കുന്നു …
അച്ഛാ…
ഉം…. അമ്മ ഇടക്കിടെ വിളിക്കുന്നുണ്ടായിരുന്നു …..
മകൻ ഗദ്ഗദകണ്ഠനായി പറഞ്ഞു … അച്ഛൻ വരാൻ എല്ലാപേരും കാത്തിരിക്കയാണ്. വറീതപ്പച്ചന്റെ ബന്ധുക്കളെല്ലാപേരും എത്തി….
വീടെത്തിയതും എല്ലാപേരും തന്നെ ഉറ്റുനോക്കുകയാണ് ….
വറീതേട്ടന്റെ ചേതനയറ്റ ശരീരം ഒരു നോക്കു കണ്ടതും സർവ്വനിയന്ത്രണവും കൈവിട്ട് പോയ പോലെ വാവിട്ടു കരഞ്ഞു പോയി…. ഒരു മകനോടെന്നപോലെ വാത്സല്യവും സ്നേഹവും വാരിക്കോരി തന്ന മനുഷ്യൻ. നിശ്ചലനായി യാത്ര പോകാനൊരുങ്ങി കിടക്കുകയാണ്…..
ഒരു കസേരയിൽ കരഞ്ഞു തളർന്ന് വിക്ടോറിയാ ചേട്ടത്തി ഇരിക്കുന്നു. സ്വന്തം മകൻ പിതാവിന്റെ മൃതശരീരം കാണാനെത്തിയ പോലെ തന്നെ കണ്ടപ്പോൾ ഓരോന്നായി എണ്ണിപ്പറഞ്ഞ് കരയുകയാണ്. ചേട്ടത്തിയെ കണ്ട് എല്ലാ പേരുടേയും കണ്ണുകൾ ഈറനണിഞ്ഞു….
ഇനി താമസിക്കേണ്ട …. സമയം വൈകുന്നു ….ബോഡി ചർച്ചിലേക്കും തുടർന്ന് കല്ലറയിലേക്കും കൊണ്ടുപോകാൻ സമയമായെന്ന് ഒരാൾ വന്നു പറഞ്ഞു…. അവിടെ ഒരുക്കങ്ങളെക്കെ പൂർത്തിയായത്രേ!
അലങ്കരിച്ച ശവപ്പെട്ടിയും വഹിച്ചു കൊണ്ട് വിലാപയാത്ര തൊട്ടടുത്തു തന്നെയുള്ള ചർച്ചിലേക്കു നീങ്ങി …
രാവേറെയായിട്ടും ഉറക്കം കണ്ണുകളെ തഴുകുന്നില്ല….വലിയൊരു ശൂന്യത വന്നു മൂടിയതുപോലെ ….
ഒരാഴ്ചത്തെ ലീവും കഴിഞ്ഞ് മടങ്ങാറായപ്പോൾ വിക്ടോറിയ ചേട്ടത്തിയും , സുധയും കുട്ടികളും പുതിയ നിയതിയുമായി പൊരുത്തപെട്ട പോലെ …. കാലം മായ്ക്കാത്ത മുറിവുകളില്ല എന്ന് പറയുന്നത് എത്ര വാസ്തവം ….
എല്ലാവരോടും യാത്ര പറഞ്ഞിറങ്ങാൻ നേരം വിക്ടോറിയ ചേട്ടത്തി പറഞ്ഞു… മോനെ നീ സമാധാനമായി പോയിട്ടുവാ ….ഞാനിവിടെ ഉണ്ടല്ലോ പിള്ളേരെ നോക്കാൻ… ആ വാക്കുകൾ തന്ന ആശ്വാസം ചെറുതായിരുന്നില്ല….
കൃത്യസമയത്തു തന്നെ ബസ്സുവന്നു….
യാത്രതുടങ്ങിയപ്പോൾ പുതച്ചിരുന്ന ഷാൾ ഒന്നു കൂടി വലിച്ചു മൂടിപ്പുതച്ചിരുന്നു….മെല്ലെ ഉറക്കം കണ്ണുകളെ തഴുകി തുടങ്ങി….
വറീതേട്ടനോടൊപ്പം പറമ്പാകെ ചുറ്റി നടന്ന് കുറച്ചു പേരക്കയും ,സപ്പോട്ടയും, ഇഞ്ചിയും, കപ്പയും ശേഖരിച്ച് ചാക്കിലാക്കി ഇരുവരും തോളിൽ മൺവെട്ടിയുമായി തമാശ പറഞ്ഞ് നടന്നു…..പെട്ടെന്ന് ബസ്സ് സഡൻ ബ്രേക്കിട്ടതും ഞെട്ടിയുണർന്നു .ബസ്സ് ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങി കൊണ്ടിരിക്കയാണ് !
ഉഷാ ആനന്ദ്✍