Friday, May 17, 2024
HomeUS Newsഅന്യം നിന്നുപോയ കുലത്തൊഴിൽ. മൺപാത്ര നിർമ്മാണം (ലേഖനം)

അന്യം നിന്നുപോയ കുലത്തൊഴിൽ. മൺപാത്ര നിർമ്മാണം (ലേഖനം)

തയ്യാറാക്കിയത്: ഡോളി തോമസ് ചെമ്പേരി & ഭാസ്കരൻ കായക്കുളം.

ഈയടുത്ത ഒരു ദിവസം ഞങ്ങൾ കുറച്ചു പഴയ സഹപാഠികൾ ഒന്ന് ഒത്തുചേരാൻ തീരുമാനിച്ചു. കാസറഗോഡ് മൺപാത്ര നിർമ്മാണ സൊസൈറ്റിയുടെ ഡയറക്ടർ
ഭാസ്കരൻ കായക്കുളത്തിന്റെ ഭവനത്തിലാണ് ഒത്തുചേരാനുള്ള വേദി കണ്ടെത്തിയത്. പെരിയ കായക്കുളത്താണ് ഭാസ്കരന്റെ വീട്. കൃത്യ സമയത്ത് എല്ലാവരും പെരിയ ടൗണിൽ എത്തിച്ചേർന്നു. ഭാസ്കരന്റെ വീട്ടിലേയ്ക്ക് പോകുന്ന വഴിയിൽ മറ്റൊരു സ്ഥലത്തേയ്ക്ക് ഭാസ്കരൻ ഞങ്ങളെ കൊണ്ടുപോയി. കാട് മൂടിക്കിടക്കുന്ന കൂറ്റനൊരു നിർമ്മിതിയുടെ സമീപമാണ് ഞങ്ങൾ എത്തി നിന്നത്. അതെന്താണെന്ന് ആദ്യം മനസ്സിലായില്ല. പഴയൊരു ചൂളയാണത് എന്ന് പിന്നീട് മനസ്സിലായി..

1974 ൽ ഞങ്ങൾ കോട്ടയത്തു നിന്നും മലബാറിൽ വന്ന സമയം മുതൽ വേനൽക്കാലത്ത് സംഘങ്ങളായി വലിയ ചൂരൽ കൊട്ടയിലും നീളത്തിൽ കയറിൽ കെട്ടിയും മൺപാത്രങ്ങൾ തലച്ചുമടായി വീടിന് മുന്നിലൂടെ കൊണ്ടുപോകുന്ന കാഴ്ച്ച കാണാമായിരുന്നു. ആഴ്ചയിൽ രണ്ടു ദിവസമാണ് ഇങ്ങനെ പാത്രങ്ങൾ കൊണ്ടുപോയിരുന്നത്. വേനലവധിക്കും മറ്റും ഇവരോടൊപ്പം എന്റെ ക്ലാസ്സിൽ പഠിക്കുന്ന ചില കുട്ടികളെയും കാണാമായിരുന്നു..

വർഷങ്ങൾ പോകെ ഒറ്റയും പെട്ടയുമായി സംഘാംഗങ്ങൾ കുറഞ്ഞു. പിന്നീട് ഇവരെ കാണാതായി. ക്രമേണ അന്യം നിന്നുപോയ ഈ തൊഴിൽ പുനരുജ്ജീവിപ്പിക്കാൻ ഒരു ശില്പശാല നടക്കുകയാണ് പെരിയയിൽ. അവിടേയ്ക്കാണ് ഭാസ്കരൻ ഞങ്ങളെ കൊണ്ടുപോയത്. ചെറിയ ചക്രങ്ങളിൽ കളിമണ്ണ് ഓരോ രൂപങ്ങളായി മാറുന്ന അവിസ്മരണീയമായ ഒരു കാഴ്ചയായിരുന്നു അവിടെ.

പെരിയ കായക്കുളം ഒരു കാലത്ത് മൺപാത്രങ്ങൾക്ക് പ്രസിദ്ധമായിരുന്നു. കായക്കുളം വയലിന് ചുറ്റുമായി താമസിച്ചിരുന്ന ഏകദേശം ഇരുന്നൂറോളം കുടുംബങ്ങൾ മൺപാത്രനിർമ്മാണം കുടിൽ വ്യവസായമായി ചെയ്തു വരുകയായിരുന്നു. അന്ന് ഒരു കുടുംബത്തിലെ കുട്ടികൾ അടക്കം എല്ലാവരും ചേർന്ന് മൺപാത്രങ്ങൾ നിർമ്മിച്ച് കിലോമീറ്ററുകൾക്കപ്പുറം തലച്ചുമടുകളായി കൊണ്ടുപോയി വീടുവീടാന്തരം വിൽപ്പന നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്.

അലൂമിനിയം, സ്റ്റീൽ, നോൺ സ്റ്റിക് പാത്രങ്ങളുടെ കടന്നുവരവും …. ഗ്യാസ് അടുപ്പുകളും കൂടിയായപ്പോൾ മൺപാത്രങ്ങൾക്ക് വിപണി നഷ്ടപ്പെട്ടു. ഇവർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥ വന്നു . അങ്ങനെ മനസ്സില്ലാമനസോടെ മറ്റു തൊഴിലുകളിലേക്കും വിദേശത്തേക്കുമായി യുവാക്കൾ മേച്ചിൽപ്പുറങ്ങൾ തേടിപ്പോയി. വീടുകളിൽ മൺപാത്ര നിർമ്മാണം നിലയ്ക്കുകയും ഈ തൊഴിൽ അറിയുന്ന ആളുകൾ ഇല്ലാതായി ഒന്നു രണ്ട് തലമുറയോടു കൂടി ഈ തൊഴിൽ അന്യംനിന്നു പോകുകയും ചെയ്യുകയാണുണ്ടായത്.

1958 ൽ രൂപികരിച്ച പെരിയ പോട്ടറി വർക്കേഴ്സ് കോട്ടേജ് ഇന്റസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ 1972 ൽ ഒരു ഓട്ടുകമ്പനി തുടങ്ങുകയും 1990 മുതൽ 2000 വരെ കാസർഗോഡ് ജില്ലയിൽ ഏറ്റവും പ്രസി ന്ധമായ ‘വിഷ്ണു ടൈൽസ്’ എന്ന ബ്രാൻഡിൽ ഓടുകൾ നിർമ്മിച്ച് നൂറ്റമ്പതോളം ജീവനക്കാരും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടവും നടക്കുന്ന ഖാദി ബോർഡിന്റെ കീഴിലുളള സ്ഥാപനമായി അത് മാറി. കൂനിന്മേൽ കുരു എന്നത് പോലെ ആ കാലഘട്ടത്തിൽ ഓടു മേഞ്ഞ വീടുകളുടെയും കെട്ടിടങ്ങളുടെയും സ്ഥാനത്ത് കോൺക്രീറ്റ് വീടുകളും കെട്ടിടങ്ങളും ഉയരുകയും ഓടിന് ഡിമാന്റ് നഷ്ടപ്പെടുകയും ചെയ്തു. അതോടെ സൊസൈറ്റി നഷ്ടത്തിലായി. 2002 ഓടെ കമ്പനി അടച്ചുപൂട്ടി. കാലക്രമേണ കമ്പനിയുടെ ഷെഡ്ഡുകളും, ചുളയും നിലം പതിച്ചു.

അങ്ങനെ കടം കയറി സർവ്വതും നശിച്ചു ജപ്തി ഭീഷണി നേരിടുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന മെഷിനറികൾ ആക്രി വിലയ്ക്ക് വിറ്റ് സ്റ്റേറ്റ് ബാങ്കിൽ അടയ്ക്കാനുള്ള കടം അടച്ചു തീർക്കുകയും ഏകദേശം മൂന്ന് ഏക്രയോളം വരുന്ന സ്ഥലം സംരക്ഷിക്കുകയുമായിരുന്നു… 2016 – 17 ൽ പുതു തലമുറയിൽപ്പെട്ട ഒരു കൂട്ടം ആളുകൾ വീണ്ടും സൊസൈറ്റി പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിക്കുകയും ഇതിന്റെ ഭാഗമായി മൺപാത്രനിർമാണം പുതിയ തലമുറയ്ക്ക് പകർന്നു നൽകാനായി രണ്ട് മാസത്തെ ട്രെയ്‌നിംഗ് പ്രോഗ്രാമും തുടങ്ങി. ഇപ്പോൾ 30 പേർ ഇവിടെ പരീശീലനം നേടുന്നുണ്ട്. ഇതിനായി കോഴിക്കോടു നിന്നും ഈ തൊഴിലിൽ പ്രാഗൽഭ്യം നേടിയ ഒരു അദ്ധ്യാപകനെ കൊണ്ട് വന്നു. പരിശീന ക്യാമ്പ് ജനുവരി 29 ന് സമാപിക്കും.

ഇവരുടെ കരവിരുതിൽ വിരിഞ്ഞ വിവിധങ്ങളായ കലാരൂപങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും അന്യം നിന്നുപോയ പല കുലത്തൊഴിലുകളുടെയും കൂടെ ഈ മൺപാത്ര നിർമ്മാണവും
പെട്ടുപോകാതെയിരിക്കാൻ ഇവർ നടത്തുന്ന ശ്രമത്തെ ശ്ലാഘിച്ചു കൊണ്ടും അവർക്ക് ആശംസകൾ നേർന്നുകൊണ്ടും ഞങ്ങൾ അവിടുന്ന് യാത്രപറഞ്ഞു. രോഗകാരകങ്ങളായ അലുമിനിയം നോൺ സ്റ്റിക് പത്രങ്ങൾ ഉപേക്ഷിച്ചു വീണ്ടും മൺപാത്രങ്ങളുടെ മേന്മ തിരിച്ചറിയുകയാണ് ജനങ്ങൾ. അതിനാൽ ഈ മൺപാത്രങ്ങൾ പൂർവ്വാധികം ശക്തിയോടെ അടുക്കളകളിലേയ്ക്ക് തിരിച്ചുവരുമെന്ന് നമുക്കാശിക്കാം. കൂടെ ഈ തൊഴിലും.

ശ്രീ ടി.വി മോഹനന്റെ നേതൃത്വത്തിലുള്ള വിദ്യാസമ്പന്നരായ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇപ്പോൾ സൊസൈറ്റിയുടെ ഭരണ സമിതിയിലുള്ളത്

തയ്യാറാക്കിയത്: ഡോളി തോമസ് ചെമ്പേരി & ഭാസ്കരൻ കായക്കുളം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments