Saturday, July 27, 2024
HomeUS Newsവാർത്തകൾ ഒറ്റനോട്ടത്തിൽ - ജനുവരി 16, 2024 ചൊവ്വ

വാർത്തകൾ ഒറ്റനോട്ടത്തിൽ – ജനുവരി 16, 2024 ചൊവ്വ

കപിൽ ശങ്കർ

🔹ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ഹൂസ്റ്റൺ ചാപ്റ്ററിനു നവ നേത്ര്വത്വം. നാഷണല്‍ വൈസ് പ്രസിഡന്റ് അനില്‍ ആറന്‍മുളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തി സൈമണ്‍ വളാച്ചേരിലിനെ പ്രസിഡന്റ് ആയും, മോട്ടി മാത്യുവിനെ സെക്രട്ടറി ആയും. ട്രഷറര്‍ ആയി അജു വാരിക്കാട്, വൈസ് പ്രസിഡന്റ് ആയി ജീമോന്‍ റാന്നി, ജോയിന്റ് സെക്രട്ടറിയായി സജി പുല്ലാട് , ജോയിന്റ് ട്രഷററായി രാജേഷ് വര്‍ഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.

🔹കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻററും സംയുക്തമായി 2024 ജനുവരി 20 ശനിയാഴ്ച വൈകീട്ട് 3 30 ന് ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു. ഗാർലൻഡ് കേരള അസോസിയേഷൻ ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് . ഹരി പിള്ള(സിപിഐ)യാണ് ടാക്സ് സെമിനാറിന് നേതൃത്വം നൽകുന്നത്. ഏവരെയും ക്ഷണിക്കുന്നതായി പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ, സെക്രട്ടറി മഞ്ജിത് കൈനിക്കര എന്നിവർ അറിയിച്ചു പ്രവേശനം സൗജന്യമാണ്.

🔹അമേരിക്കൻ പ്രവാസി ജോസഫ് ചാണ്ടിയുടെ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ ‘മദർ തെരേസ ജീവകാരുണ്യ സേവാ പുരസ്‌കാരം’ പ്രൊഫസർ കേണൽ ഡോ. കാവുമ്പായി ജനാർദ്ദനനു കോട്ടയം പബ്ലിക് ലൈബ്രറിയിൽ വെച്ച് നടന്ന ചടങ്ങിൽ പരസ്പരം മാസികയുടെ മാനേജിംഗ് എഡിറ്റർ എസ്. സരോജം സമ്മാനിച്ചു.

🔹സീറോമലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനാരോഹണം ചെയ്‌ത അഭിവന്ദ്യ റാഫേല്‍ തട്ടില്‍ പിതാവിനൂ പുതിയ സ്ഥാനലബ്ധിയില്‍ വടക്കേ അമേരിക്കയില്‍ ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ ഏറ്റവും വലിയ അൽമായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്‌ എം സി സി) ഫിലഡല്‍ഫിയാ ചാപ്‌റ്റര്‍ എല്ലാവിധ അനുമോദനങ്ങളും, പ്രാര്‍ത്ഥനാശംസകളും അര്‍പ്പിച്ചു. ഇടവകവികാരി റവ. ഡോ. ജോര്‍ജ്‌ ദാനവേലിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്‌ എം സി സി ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോജോ കോട്ടൂര്‍ അനുമോദനപ്രമേയം അവതരിപ്പിച്ചു.

🔹പത്തനംതിട്ട ജില്ലാ സംഗമം ജിദ്ദ ക്രിസ്ത്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ജിദ്ദ സീസൺ റെസ്റ്റോറന്റിൽ പ്രസിഡന്റ് ജോസഫ് വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വർഗീസ് ഡാനിയൽ ക്രിസ്ത്മസ് പുതുവത്സര സന്ദേശം നൽകി. രക്ഷാധികാരി അലി തേക്കുതോട് ആശംസ പറഞ്ഞു. പിജെസ്സ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികളും, സംഗീത പരിപാടികളും അവതരിപ്പിച്ചു.

🔹പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കൊച്ചിയും ഗുരുവായൂര്‍, തൃപ്രയാര്‍ ക്ഷേത്രങ്ങളും. ഇന്നു വൈകുന്നേരം ആറരയ്ക്ക് കൊച്ചിയിലെത്തുന്ന മോദിയുടെ റോഡ് ഷോ ഏഴു മണിയോടെ ആരംഭിക്കും. കൊച്ചിയില്‍ മൂന്നു മണി മുതല്‍ ഗതാഗത നിയന്ത്രണമുണ്ട്. രാത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന മോദി നാളെ രാവിലെ എട്ടോടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം പത്തു മണിയോടെ തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനവും നടത്തും. പന്ത്രണ്ടോടെ ഷിപ് യാര്‍ഡിലെ പരിപാടിയില്‍ പങ്കെടുത്ത് ഒന്നരയ്ക്കു മറൈന്‍ ഡ്രൈവില്‍ ബിജെപി പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ പ്രസംഗിക്കും.

🔹ആലുപ്പുഴയിലെ കളക്ടറേറ്റ് മാര്‍ച്ചിനിടെ ലാത്തിയടിയേറ്റു തലയ്ക്കു ഗുരതര പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്തിന്റെ ആരോഗ്യനില ഗുരുതരം. മേഘയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്കു മാറ്റി.

🔹കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ കടന്നുപോകുന്ന വഴിയില്‍ മോദിക്കെതിരേ കറുത്ത തുണിയില്‍ പ്രതിഷേധ ബാനര്‍ ഉയര്‍ത്തി കെഎസ് യു. ‘എ ബിഗ് നോ ടു മോദി’ എന്നെഴുതിയ ബാനര്‍ നീക്കം ചെയ്യണമെന്ന് ഗവണ്‍മെന്റ് ലോ കോളജിലെ കെഎസ് യു ഭാരവാഹികളോട് ആവശ്യപ്പെട്ടെങ്കിലും ഉച്ചവരെ നീക്കം ചെയ്തില്ല.

🔹പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാ ക്രമീകരണത്തിനായി നാളെ ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പകരം ശനിയാഴ്ച പ്രവൃത്തി ദിവസമാക്കണം.

🔹പ്രശസ്ത എഴുത്തുകാരി കെബി ശ്രീദേവി തൃപ്പൂണിത്തുറയില്‍ അന്തരിച്ചു. 84 വയസായിരുന്നു. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്‌കാര ജേതാവാണ്. യജ്ഞം, അഗ്നിഹോത്രം, പറയിപെറ്റ പന്തിരുകുലം എന്നിവയാണ് പ്രധാന കൃതികള്‍.

🔹അതിരപ്പിള്ളി വനത്തിനുള്ളില്‍ അതിക്രമിച്ചുകടന്നെന്ന് ആരോപിച്ച് അഞ്ചു വിനോദ സഞ്ചാരികള്‍ക്കും കൂട്ടുപോയ താത്കാലിക വാച്ചര്‍ക്കും എതിരേ കേസ്. ഇവര്‍ വാഹനവുമായി 10 കിലോമീറ്ററിലേറെ വനത്തിനുള്ളിലേക്ക് യാത്ര ചെയ്തെന്നാണു കേസ്. താല്‍ക്കാലിക വാച്ചര്‍ അയ്യംപുഴ സ്വദേശി ശ്രീലേഷിനെ പിരിച്ചുവിടുമെന്നും വനംവകുപ്പ് അറിയിച്ചു.

🔹മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. കൊമ്പിടിഞ്ഞാമാക്കല്‍ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പില്‍ ജോര്‍ജ്, പടിഞ്ഞാറേ പുത്തന്‍ചിറ താക്കോല്‍ക്കാരന്‍ ടിറ്റോ എന്നിവരാണ് മരിച്ചത്. രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്.

🔹തിരുവനന്തപുരം ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജ് അടുത്ത മാസം പകുതിയോടെ തുറന്നു കൊടുക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജാണിത്. കൃത്രിമ മഞ്ഞും ചാറ്റല്‍ മഴയും എല്‍ഇഡി സ്‌ക്രീനിന്റെ സഹായത്തോടെ പാലത്തില്‍ വിള്ളല്‍ വീഴുന്ന അനുഭവവും ഒരുക്കുന്നുണ്ട്.

🔹ആളൂര്‍ മാള റോഡില്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തു സിമന്റ് ട്രക്ക് മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കൊടകര മറ്റത്തൂര്‍കുന്ന് ചിറയാരക്കല്‍ രാജേഷ് (48 ) ആണ് മരിച്ചത്. ട്രക്കിന്റെ അടിയില്‍പെട്ട രാജേഷ് തല്‍ക്ഷണം മരിച്ചു.

🔹അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നു വീഡിയോയിലൂടെ ആവശ്യപ്പെട്ട കെ.എസ്. ചിത്രയ്ക്കെതിരേ നടത്തുന്ന സൈബര്‍ ആക്രമണം ഫാസിസമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് സതീശന്‍ പറഞ്ഞു.

🔹സംസ്ഥാനത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിലൂടെ കഴിഞ്ഞവര്‍ഷം 201 കോടി രൂപ നഷ്ടമായെന്ന് പൊലീസ്. തിരികെ പിടിച്ചത് 20 ശതമാനം തുക മാത്രമാണ്. ആകെ 23,753 പരാതികളാണ് ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി 5,107 ബാങ്ക് അക്കൗണ്ടുകളും 3,289 മൊബൈല്‍ നമ്പറുകളും ബ്ലോക്ക് ചെയ്തതായി . പൊലീസ് പറഞ്ഞു.

🔹ഡിഎ കുടിശിക ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ 24 നു പണിമുടക്കും. സഹകരണ വകുപ്പു ജീവനക്കാരും പണിമുടക്കില്‍ പങ്കുചേരും.

🔹വയനാട് മൂടക്കൊല്ലിയില്‍ ശ്രീനേഷ്, ശ്രീജിത്ത് എന്നിവരുടെ ഫാമില്‍നിന്ന് കടുവ പന്നിയെ പിടികൂടുന്ന ദൃശ്യം പുറത്ത്. സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

🔹മദ്യനിരോധനമുള്ള ഗുജറാത്തില്‍ നാടന്‍ മദ്യം കഴിച്ച് രണ്ടു പേര്‍ മരിച്ചു. ഗാന്ധിനഗര്‍ ലിഹോഡ വില്ലേജിലെ വിക്രം താക്കൂര്‍ (35), കനാജി ജാല (40) എന്നിവരാണ് മരിച്ചത്. നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

🔹അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനുളള മത്സരത്തില്‍ നിന്നും ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി പിന്മാറി. ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമി പ്രഖ്യാപിച്ചു.

🔹കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരേ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കണ്ണീര്‍വാതക ഷെല്‍ പോലീസിനു നേരെ തിരിച്ചെറിയുകയും ചെയ്തു. നിരവധി പേര്‍ക്കു പരിക്കുണ്ട്. നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. റോഡ് ഉപരോധിച്ചു സമരം ചെയ്തതുമൂലം കളക്ടറേറ്റിനു സമീപത്തെ റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു.

🔹നാസ എര്‍ത്ത് പകര്‍ത്തിയ കൊച്ചിയുടെ ആകാശ ദൃശ്യം വൈറലാകുന്നു. കൊച്ചിയുടെ തീരവും, കായലുമെല്ലാം ഉള്‍പെടുന്ന ചിത്രമാണ് നാസ പുറത്തുവിട്ടത്. കൊച്ചിയെക്കുറിച്ചു വിശദമായ കുറിപ്പും നാസ എര്‍ത്ത് പോസ്റ്റിലുണ്ട്.

🔹സര്‍ക്കാര്‍ ലേലം ചെയ്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് വിറ്റ ലോറിക്ക് 83,000 രൂപ നികുതി അടയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കി. കണ്ണൂര്‍ കുറുമാത്തൂര്‍ സ്വദേശി രാജേഷിനാണ് റവന്യൂ റിക്കവറി നോട്ടീസ് നല്‍കിയത്. ഇല്ലാത്ത ലോറിയാണെന്നു ചൂണ്ടിക്കാട്ടിയതോടെ മോട്ടോര്‍ വാഹന വകുപ്പ് ക്ഷമ ചോദിച്ചു.

🔹ആമസോണില്‍ ഈ വര്‍ഷത്തെ ഷോപ്പിംഗ് ഉത്സവത്തിന് കൊടിയേറിയതോടെ ആകര്‍ഷകമായ ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ വിലയില്‍ വാങ്ങാന്‍ അവസരം. ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിനാണ് ആമസോണ്‍ തുടക്കമിട്ടിരിക്കുന്നത്. സ്വന്തമായൊരു ഐഫോണ്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

🔹തുടര്‍ച്ചയായ ഫ്‌ളോപ്പുകള്‍ക്ക് പിന്നാലെ വമ്പന്‍ നേട്ടവുമായി മോഹന്‍ലാല്‍. ‘നേര്’ റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളില്‍ നൂറ് കോടി ക്ലബ്ബില്‍ എത്തി നേട്ടം കൊയ്തിരിക്കുകയാണ് ചിത്രം. 100 കോടി നേടിയ സന്തോഷം ആശിര്‍വാദ് സിനിമാസിന്റെ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഒ.ടി.ടി അവകാശവും സാറ്റലൈറ്റ് അവകാശവും വിറ്റ തുകയ്ക്ക് പുറമേയാണ് 100 കോടി നേടിയത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments