മുതിര പോഷകഗുണങ്ങളാല്‍ സമ്പന്നമായ ധാന്യമാണ്. പ്രോട്ടീനും അമിനോ ആസിഡും അന്നജവും ധാരാളം അടങ്ങിയ മുതിരയില്‍ അയണ്‍ മോളിബ്ഡിനം, കാല്‍സ്യം എന്നിവയും ഉണ്ട്. ഭക്ഷ്യനാരുകളാല്‍ സമ്പന്നമായ മുതിര, ദഹനത്തിനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാനും ശരീരഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ മുതിര തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ചെയ്യും.
ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. മുതിരയില്‍ പോളിഫിനോളുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പിനെ കത്തിച്ചു കളയാന്‍ സഹായിക്കുകയും ഉപാപചയ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന മികച്ച ഭക്ഷണമാണ് മുതിര.
മുതിര ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ധാന്യമാണ്. മുതിരയിലെ നാരുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നു. അത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ മുതിരയിലടങ്ങിയ മഗ്നീഷ്യം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുകയും ഹൈപ്പര്‍ െടന്‍ഷനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുതിരയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ രക്തക്കുഴലുകളിലെ ഓക്സീകരണ നാശം തടഞ്ഞ് ഹൃദയത്തെ സംരക്ഷിക്കുന്നു.