സൗദി യാത്രയിലെ മൂന്നാം ദിവസമാണിന്ന്. പ്രഭാതഭക്ഷണം കഴിക്കാനായി ഞങ്ങൾ താമസിക്കുന്ന ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള ഡൈനിങ്ങ് ഏരിയയിലേക്ക് നടന്നു. samayam ഒമ്പതേ മുക്കാൽ കഴിഞ്ഞപ്പോൾ ഞങ്ങൾ യാത്ര ആരംഭിച്ചു. വാദി അൽ ദവാസിറിനോട് താൽക്കാലികമായി വിട. ഇനി അബ്ഹയിലേക്ക്.
പാതയോരത്തു കണ്ട ചില മരങ്ങൾക്കൊക്കെ നരച്ച നിറമാണ്. പൊടിക്കാറ്റിന്റെ നരച്ച നിറം. ഏകദേശം ഒരു മണിക്കൂർ ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ അങ്ങ് ദൂരെ ഒരു പോലീസ് വാഹനം കാണാനായി. പകുതി റോഡിലേക്ക് കയറ്റി നിർത്തിയിട്ടിരിക്കുകയാണ് ആ വാഹനം. പുറത്തു ഒരു പോലീസുകാരൻ നിൽപ്പുണ്ട്. ഞങ്ങൾ താമസിക്കുന്ന ബഹ്‌റിനിൽ ഇടയ്ക്കിടെ കാണുന്ന കാഴ്ചയായതു കൊണ്ട് ഇത് കണ്ടപ്പോള്‍ ഞങ്ങൾക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. പോലീസുകാർക്ക് പരിശോദിക്കേണ്ട ആവശ്യകതയുണ്ടെന്നു തോന്നുന്ന വാഹനങ്ങൾ കൈ കാണിച്ചാൽ മാത്രം നിർത്തുന്നതാണിവിടുത്തെ പതിവ്. അതു കാരണം വേഗത ഒട്ടും കുറക്കാതെയാണു ഞങ്ങളുടെ വരവ്. വാഹനം നിര്‍ത്തണമെന്നു അദേഹം ആംഗ്യം കാണിക്കുന്നുമുണ്ട്. അതനുസരിച്ച് പതിയെ ഞങ്ങൾ വേഗത കുറച്ചു റോഡിന്റെ ഒരരിക് ചേർന്ന് പാർക്ക് ചെയ്തു. ഇവിടെ ഏതു മരുഭൂമിയിലായാലും റോഡിൽ പോലീസ് വണ്ടി കണ്ടാലുടൻ നിർത്തണമെന്നാണു നിയമം. അതിനെപ്പറ്റി വലിയ ഗ്രാഹ്യമില്ലാത്ത ഞങ്ങൾ വാഹനം നിർത്താനുള്ള ഒരു ഭാവവുമില്ലാതെ ഓടിച്ചു പോകുന്നതു കണ്ടാൽ പോലീസുകാരനു പിന്നെ ദേഷ്യം വരാതിരിക്കുമോ? ഞങ്ങളുടെ അറിവില്ലായ്മ കാരണം സംഭവിച്ചു പോയ അബദ്ധമാണെന്ന് മനസിലാക്കിയ അദ്ദേഹം ഇനിയൊരിക്കലും ഇതാവർത്തിക്കരുത് എന്ന താക്കീതു നൽകി ഞങ്ങളെ പറഞ്ഞു വിട്ടു. എന്തായാലും കൂടുതൽ അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസമായിരുന്നു മനസ്സിൽ. അറബി ഭാഷ വശമില്ലാതെ ഇത്രയൊക്കെ എങ്ങനെ പറഞ്ഞൊപ്പിച്ചു എന്ന് ചോദിച്ചപ്പോൾ ” കഹോ ഗയി ” എന്ന് ഏട്ടൻ കൈ മലർത്തി കാണിച്ചു. കിലുക്കം സിനിമയിലെ ” മുജേ മാലും നഹീ ” എന്നു പറയാനറിയാതെ വിഷമിച്ച ജഗതിയുടെ കഥാപാത്രത്തിന്റെ കഷ്ടപ്പാടാണ് എനിക്കപ്പോൾ ഓർമ്മ വന്നത്. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ!!
മരുഭൂമിയിലെ കാഴ്ചകൾ
അവിടെ നിന്നു വീണ്ടും കുറെ ദൂരം മുന്നോട്ടു യാത്ര ചെയ്തപ്പോൾ റോഡിന്റെ ഒരു വശത്തായി ” ക്യാമൽ ക്രോസിങ് ” എന്നെഴുതിവച്ച ബോർഡ് കണ്ടു.
ഒട്ടകങ്ങൾ കൂട്ടമായി കടന്നു പോകുന്ന വഴിയാണത്രെ ഇത്. അതുകൊണ്ടു തന്നെ വാഹനമോടിക്കുന്നവർ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. ഇത്തരം ഹൈവേകളിൽ സാധാരണ ഗതിയിൽ അധികം വാഹനങ്ങൾ ഉണ്ടാകാറില്ല. മരുഭൂമിയുടെ വിജനതയിൽ മുന്നിൽ കിലോമീറ്ററുകളോളം നീണ്ടു നിവർന്നു കിടക്കുന്ന നല്ല നിരപ്പാർന്ന റോഡ് കാണുമ്പോൾ സ്വയമറിയാതെ തന്നെ വാഹനത്തിന്റെ വേഗത വർദ്ധിക്കുന്നത് സ്വാഭാവികമാണ്. അതു കാരണം ഒട്ടകങ്ങളെ റോഡിൽ കാണുമ്പോൾ പെട്ടെന്നു നിർത്താനായെന്നു വരില്ല. വലിയ അപകടമായിരിക്കും അപ്പോൾ സംഭവിക്കുക. അങ്ങനെ വരാതിരിക്കാനുള്ള മുന്നറിയിപ്പായാണ് ഇത്തരം സൈൻ ബോർഡുകൾ പാതയോരത്തു സ്ഥാപിക്കുന്നത്.
പ്രത്യേക തരം വലിയ പാറക്കല്ലുകൾ നിറഞ്ഞ ഇടമാണ് അടുത്തതായി കാണാനായത്.
എത്ര പെട്ടെന്നാണ് പ്രകൃതിയുടെ ഓരോ രൂപവും ഭാവവും മാറിമറിയുന്നത്… വീണ്ടും മരുഭൂമി. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ വഴിയരികിലതാ ഒരു കൂട്ടം വെളുത്ത ഒട്ടകങ്ങൾ !! ചെറിയ കുറ്റിച്ചെടികൾക്കിടയിൽ അവയിങ്ങനെ മേഞ്ഞു നടക്കുന്നു. റിയാദിലേക്കുള്ള വഴിയിൽ കറുത്ത ഒട്ടകങ്ങളെ കണ്ടത് ഒരു ദിവസം മുമ്പ് മാത്രമാണ്. വലിയ പാറക്കല്ലുകൾ നിറഞ്ഞ മരുഭൂമിയുടെ മറ്റൊരു പ്രദേശത്തു കൂടിയാണ് ഇപ്പോഴത്തെ യാത്ര. പണ്ട് തിരുവനന്തപുരത്തു നിന്ന് കന്യാകുമാരിയിലേക്കു പോകുന്ന വഴിയിലാണ് ഉയരം കൂടിയ ഇത്തരം കറുത്ത പാറക്കല്ലുകൾ കണ്ടിരുന്നത്. ഒരു വേള അതേ റോഡ് തന്നെയാണോ ഇത് എന്ന് സംശയിച്ചു പോകുന്ന അത്രയും സാമ്യം. കാലാന്തരങ്ങളായി എന്തെല്ലാം പരിണാമപ്രക്രിയയിലൂടെ കടന്നു പോയതിന്റെ അവശേഷിപ്പുകളായിരിക്കും ഈ കാഴ്ചകളൊക്കെ. ഓരോ കല്ലുകൾക്കും പറയാൻ എന്തെല്ലാം കഥകളുണ്ടാകും !!
അബ്ഹ
വൈകിട്ട് ഏകദേശം നാല് മണിയോടടുപ്പിച്ചു ഞങ്ങൾ ഈ യാത്രയുടെ പരമമായ ലക്ഷ്യസ്ഥാനമായ അബ്ഹയിലെത്തി. ഞങ്ങൾ പ്രതീക്ഷിച്ചതിലും എത്രയോ വിശാലമായ നഗരം!! ചുറ്റുമുള്ള കുന്നുകളിലും താഴ്‌വരകളിലും നഗരമങ്ങനെ നിറഞ്ഞു നിൽക്കുകയാണ്. ഇത്രയും സമയം ഞങ്ങൾ കടന്നു പോയിരുന്നത് മരുഭൂമിയുടെ അനന്തതയിലൂടെയായിരുന്നെങ്കിൽ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഈ വലിയ നഗരത്തിന്റെ വിശാലതയിലാണ്.
ഇവിടെയെത്തിയാൽ പോകേണ്ട സ്ഥലങ്ങളെപ്പറ്റി ഗൂഗിളിന്റെ സഹായത്തോടെ നേരത്തെതന്നെ ഒരു രൂപരേഖയുണ്ടാക്കിയിരുന്നു. അതനുസരിച്ചു ആദ്യം അബ്ഹ ഡാം കാണാമെന്നു തീരുമാനിച്ചു. റോഡില്‍ നിന്നു ഡാം റിസർവോയറിന്റെ ഒരു ഭാഗം കാണാം.
വഴിയരികിൽ ഒരു പോലീസ് ജീപ്പ് നിർത്തിയിട്ടിരിക്കുന്നു. ഡാം സൈറ്റിലേക്കാണെന്നു പറഞ്ഞപ്പോൾ അങ്ങോട്ട് സന്ദർശകരെ ഇപ്പോൾ കടത്തിവിടാറില്ല എന്നും തിരികെ പോകണമെന്നുമായി അദ്ദേഹം.
അബ്ഹ ഡാം സൈറ്റിൽ നിന്ന് തിരിച്ചപ്പോൾ ഒരു ചെറിയ ഡ്രൈവ് പോകാമെന്നു തീരുമാനിച്ചു. കുറച്ചു സ്ഥലങ്ങൾ കാണുകയും ആവാമല്ലോ. നഗരത്തിരക്കുകളിൽ നിന്ന് അകന്നു മാറിയുള്ള ഡ്രൈവ്. കുന്നുകളും, അവയുടെ ചരിവിൽ പണിത വീടുകളും, താഴ്വരകളും, പച്ചപ്പും, ഹരിതാഭയും കണ്ടുള്ള യാത്ര. ഗൂഗിൾ പറഞ്ഞ വ്യൂ പോയിന്റ് കണ്ടെത്താനായില്ലെങ്കിലും ഇതിനോടകം തന്നെ ഞങ്ങളുടേതായ വേറെ രണ്ടു വ്യൂ പോയിന്റുകൾ ഞങ്ങൾ കണ്ടെത്തിക്കഴിഞ്ഞിരുന്നു. നല്ല തണുത്ത കാറ്റു വീശുന്നുണ്ട്. വണ്ടി ഒരരികിൽ നിർത്തി താഴ്വരക്കാഴ്ചകളുടെ സൗന്ദര്യം ആസ്വദിക്കുകയാണ് ഞങ്ങൾ. നല്ല ഭംഗി. അബ്ഹ എന്ന വലിയ നഗരം രൂപപ്പെടുന്നതിനു മുമ്പുള്ള ഇവിടം ഇങ്ങനെയൊക്കെ ആയിരുന്നിരിക്കണം. ദൂരെ നിന്നുള്ള കാഴ്ച്ചയിൽ പച്ചപ്പരവതാനി വിരിച്ചിട്ടതു പോലെ തോന്നും.
കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായുള്ള യാത്ര ഞങ്ങളെ കുറച്ചേറെ തന്നെ ക്ഷീണിപ്പിച്ചിരുന്നു. നേരം സന്ധ്യയോടടുത്തു. ഇനി ഇവിടെ താമസിക്കാനുള്ള ഹോട്ടൽ കണ്ടുപിടിക്കണം. നഗരത്തിന്റെ മറ്റൊരറ്റത്താണ് ഞങ്ങളുടെ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. വീണ്ടും കുറച്ചു ചുറ്റി കറങ്ങി ഹോട്ടൽ കണ്ടുപിടിച്ചപ്പോഴേക്കും ഞങ്ങളെല്ലാം ക്ഷീണിച്ചിരുന്നു. നല്ല തണുപ്പ്. കുറച്ചു വിശ്രമിച്ച ശേഷം അബ്ഹയുടെ രാത്രി ജീവിതത്തിലേക്ക് ഇറങ്ങണമെന്നോർത്താണ് ഞങ്ങൾ അകത്തേക്കു കയറിയതു. പക്ഷെ പിന്നീടു പുറത്തേക്കിറങ്ങാൻ തോന്നിയതേയില്ല എന്നതാണ് വാസ്തവം. അങ്ങനെ തൊട്ടടുത്ത റെസ്റ്റാറന്റിൽ നിന്ന് മേടിച്ച കബ്‌സയും കഴിച്ചു വൈകും മുമ്പേ ഞങ്ങൾ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി.