Saturday, December 28, 2024
Homeസ്പെഷ്യൽശുഭചിന്ത - (94) പ്രകാശഗോപുരങ്ങൾ - (70) 'മനസ്സുമാറുന്ന മലയാളി'

ശുഭചിന്ത – (94) പ്രകാശഗോപുരങ്ങൾ – (70) ‘മനസ്സുമാറുന്ന മലയാളി’

പി. എം. എൻ.നമ്പൂതിരി.

“കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ
ക്കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളിൽ “

പണ്ട് ഒരു കവി എഴുതിയ വരികളാണിവ. ഒരുകാലത്ത് കേരളത്തിൻ്റെ ഉത്പന്നങ്ങളായ ഏലം, ഇഞ്ചി, കുരുമുളക് … ഒക്കെ വാങ്ങാൻ ധാരാളം വിദേശികൾ കേരളത്തിൽ എത്തിയിരുന്നു.തുടന്ന് സുപ്രസിദ്ധമായിരുന്ന നമ്മുടെ യൂണിവേഴ്സിറ്റികളിൽ പഠിയ്ക്കാൻ ധാരാളം വിദേശ വിദ്യാർത്ഥികളും വരുമായിരുന്നു. അവർ പ്രകൃതി മനോഹരമായ കേരളത്തെപ്പറ്റി, ലളിതജീവിതം നയിക്കുന്ന, സ്നേഹപൂർണ്ണമായ പെരുമാറ്റമുള്ള, ആതിഥ്യമര്യാദയുള്ള മലയാളിയെപ്പറ്റി വാനോളം പുകഴ്ത്തി പറഞ്ഞിരുന്നു. ക്ഷേത്രങ്ങളും ക്ഷേത്രക്കുളങ്ങളും കാവുകളും വയലേലകളും പച്ചപ്പുതപ്പു വിരിക്കുന്ന നെൽവയലുകളും കേരവൃക്ഷങ്ങളുമൊക്കെ അവരുടെ പ്രശംസയ്ക്കു കാരണമായിട്ടുണ്ട്. വിദ്യാഭ്യാസത്തിൽ, ആരോഗ്യത്തിൽ ഒക്കെ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ മുമ്പിലായിരുന്നു. അതുപോലെത്തന്നെ പണ്ടത്തെ ആളുകൾ പ്രകൃതിയെ പൂജിച്ചിരുന്നു. ഭൂമി, നദി, വൃക്ഷം, പശു…. എന്തിന് പാമ്പിനെപ്പോലും നമ്മുടെ പൂർവ്വികർ ആരാധിച്ചു പോന്നിരുന്നു. പണ്ടൊക്കെ കുഞ്ഞിൻ്റെ അസുഖങ്ങൾ ഡോക്ടർ പറയാതെത്തന്നെ അമ്മമാർക്ക് അറിയാമായിരുന്നു. താൻ കഴിക്കുന്നതിനെക്കാൾ ഉത്തമമായ ഭക്ഷണംഅന്യനു കൊടുക്കണം എന്ന് സാക്ഷരത കുറഞ്ഞ പണ്ടത്തെ അമ്മമാർക്ക് അറിയാമായിരുന്നു. മാത്രമല്ല കുടുംബങ്ങളിൽ പാരസ്പര്യത്തിൻ്റെ നന്മ നിറഞ്ഞുനിന്നിരുന്നു. വീടുകളിൽ വഴക്കുണ്ടായാൽ, എന്തെങ്കിലും ആപത്തുണ്ടായാൽ ഓടിയെത്തുന്ന അയൽക്കാരുണ്ടായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം നമുക്ക് നഷ്ടമായി. കൈക്കൂലിയും അഴിമതിയും കുറെയൊക്കെ പണ്ടും ഉണ്ടായിരുന്നെങ്കിലും സമൂഹം അതു വലിയ തിന്മയായി കരുതിയിരുന്നു. എന്തിന് കടം വാങ്ങുന്നതുപോലും കഴിവതും ഒഴിവാക്കണമെന്ന് വിശ്വസിച്ചിരുന്നു.എന്നാൽ ഇന്ന് ഇവയ്ക്കൊക്കെ മാന്യതയുടെ പരിവേഷം ലഭിച്ചു. പണ്ട് വിദ്യാലയങ്ങളും ആശുപത്രികളും ധർമ്മസ്ഥാപനങ്ങളായിരുന്നു. അദ്ധ്യാപകർ സർവ്വരാലും ബഹുമാനിക്കപ്പെട്ടിരുന്നു. ഡോക്ടർമാർ കൺകണ്ട ദൈവങ്ങളായിരുന്നു. പണ്ടത്തെ ഗുരു ശിഷ്യനോട് പറയും “എനിക്കു പരിമിതമായ അറിവുകളേയുള്ളൂ. എൻ്റെ അറിവുകൾ മുഴുവനും നിനക്ക് ഞാൻ പഠിപ്പിച്ചു തരാം. അതെൻ്റെ പവിത്രമായ കടമയാണ്.” എന്നാൽ ഇന്നത്തെ അദ്ധ്യാപകൻ പറയുക “എനിക്കെല്ലാം അറിയാം. അവയിൽ കുറച്ചെങ്കിലും നിനക്ക് ഞാൻ പറഞ്ഞു തരണമെങ്കിൽ നല്ല ട്യൂഷൻ ഫീസു തരേണ്ടതായി വരും.”

കേരളത്തിൽ ഇന്ന് മാലിന്യങ്ങൾ മനസ്സിനകത്തും പുറത്തും കുന്നുകൂടി കിടക്കുകയാണ്. എന്നാൽ മറ്റു പല സംസ്ഥാനങ്ങളിലും ഗ്രാമീണജീവിതം നഷ്ടപ്പെട്ടിട്ടില്ല.പല ആചാരങ്ങളും നഷ്ട പ്രായമാകാതെ, ആധുനികതയുടെ കടന്നാക്രമണമില്ലാതെ നിലനിൽക്കുന്നു. വേഷം, ഭാഷ, ആഹാരം, ജീവിതശൈലി അങ്ങനെ എല്ലാറ്റിലും മലയാളിയുടെ തനിമ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ആശയവൈരുദ്ധ്യങ്ങളോ ആദർശ വിത്യാസങ്ങളോ അല്ലാതെ തികച്ചും സ്വാർത്ഥപരമായ വ്യക്തിതാത്പര്യ കൂട്ടായ്മകൾ ഉണ്ടായികൊണ്ടിരിക്കുകയാണ്. നന്മയുടെ ചോദന സ്വർത്ഥതയ്ക്ക് വഴിമാറികൊടുക്കുകയാണ്. തനിക്കുള്ളത് അന്യനുംകൂടി പങ്കുവയ്ക്കണം എന്ന ഉദാത്ത ചിന്ത സകല മേഖലകളിലും നശിക്കുന്നു. തനിക്കു മലയാളം അറിയില്ല എന്നു പറയുന്നത് അഭിമാനമായിക്കരുതുന്ന മലയാളികൾ ഏറെയാണ്. യാതൊരു ജോലിയും ചെയ്യാതെ പണമുണ്ടാക്കാൻ മലയാളി മിടുക്കന്മാരാണ്. ഗൾഫ് പണംകൊണ്ടോ ഇടനിലക്കമ്മീഷൻകൊണ്ടോ കൈയ്യും മെയ്യും അനക്കാതെ പണമുണ്ടാക്കാൻ മലയാളി സമർത്ഥരാണ്. കൂടുതൽ ശബളം നേടുന്നതിൽ മാത്രമാണ് മലയാളിയുടെ ചിന്ത.നേതാക്കളുടെ ജനനവും മരണവും നമ്മൾ അവധിയാക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.ഓരോ മതത്തിനും എത്ര കൂടുതൽ അവധി ദിവസങ്ങളാക്കാമെന്ന് ചിന്തിക്കുന്നു. ബന്ദ് നിരോധിച്ചപ്പോൾ ഹർത്താൽ നടത്തി ആഘോഷിക്കുന്നു. നെന്മണികൾ വിളയിച്ചിരുന്ന വയലേലകൾ നികത്തി മണിമാളികകൾ വെച്ചു. ഫൈവ്സ്റ്റാർ ഹോട്ടലുകളും ബാറുകളും നാടുനീളെയുണ്ടായി. തമിഴൻ പണിയെടുക്കുന്നതു കൊണ്ട് നമുക്ക് മുളകും പച്ചക്കറിയും ലഭിക്കുന്നു. ആന്ധ്രയും കർണ്ണാടകയും പഞ്ചാബും അരി തരുന്നതു കൊണ്ട് ഭക്ഷണം തടസ്സം കൂടാതെ ലഭിക്കുന്നു. എന്നാൽ ഭൗതിക പുരോഗതി നാം ഏറെ തേടിയിട്ടുണ്ട്. ഫോൺ, ടി.വി, ലാപ്ടോപ്പ്, ഒന്നിൽകൂടുതൽ കാറുകൾ ഓരോ രമ്യഹർമ്മ്യങ്ങളിലും ഉണ്ടായി.ആളുകളുടെ ജോലി ഭാരം കുറഞ്ഞു. അടുപ്പിൽ ഗ്യാസ്സും പൈപ്പിൽ വെള്ളവുമുണ്ടായി. പണ്ട് ഗർഭിണികൾ പണിയെടുത്തിരുന്നു. അതുകൊണ്ട് ഇന്ന് കാണുന്ന ഓവറിയിൽ സിസ്റ്റ്, ബ്രെസ്ററിൽ കാൻസർ എല്ലാം അപൂർവ്വമായിരുന്നു. ഇന്ന് അതിഥി സൽക്കാരം, പ്രസന്നവദനം, വിനയപൂർവ്വമായ സംവാദനം എന്നീ സൽഗുണങ്ങൾ നഷ്ടമായി. അതോടെ അതിഥികൾ വരാതെയായി. അഥവാ വന്നാൽ തന്നെ അവർക്ക് ആഹാരം കൊടുക്കണ്ട. ഇതൊക്കെയാണ് മലയാളിയായ നമ്മുടെ പുരോഗമനം .വിത്യസ്ത അഭിപ്രായങ്ങൾ ഇന്ന് ഏറ്റുമുട്ടലുകളിൽ അവസാനിക്കുന്നു. ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും സ്ഥാനമാനങ്ങൾക്കും പണത്തിനും വേണ്ടിയുള്ള മത്സരങ്ങളാണ്.

എന്നാൽ അര്യോഗ്യത്തോടെ വളരുന്ന ഒരു വ്യവസായം നമുക്കുണ്ട്. അതാണ് മദ്യവ്യവസായം. അത് സാധാരണക്കാരൻ്റെ ജീവിതം ദുസ്സഹമാക്കുന്നു. ഒരു പുത്തൻ പ്രവണതയായി ജാതിമത വൈരാഗ്യങ്ങൾ ഏറുന്നതും നാം കാണുന്നുണ്ട്. പാശ്ചാത്യഭ്രമവും ഭാരതസംസ്ക്കാരത്തോടുള്ള പുച്ഛവും ഏറി വരുകയാണ്.ഇപ്പോൾ നമ്മുടെ കേരളം അറവുശാലകളായി മാറിക്കൊണ്ടിരിക്കുകയാണ്. വേസ്റ്റുകൾ പ്ലാസ്റ്റിക്സഞ്ചികളിലാക്കി കനാലുകളിലും ഹൈവേ ഓരങ്ങളിലും വിതറുകയാണ്. ജലവും വായുവും മലിനമാക്കുന്ന ഈ പ്രവർത്തിയെ നിയന്ത്രിക്കാൻ കഴിയുന്നില്ല. മോഷണങ്ങളും കൊലപാതകങ്ങളും, ബലാൽസംഗങ്ങളും ഏറ്റവും കൂടുതൽ റോഡപകടങ്ങളെപ്പോലെതന്നെ കേരളത്തിലാണ്. മണിമാളികകൾ എങ്ങും ഉണ്ടെങ്കിലും വീടില്ല. നല്ല ദമ്പതികളില്ല. സൗഹാർ ദ്ധകുടുംബങ്ങളില്ല.അച്ഛനുമമ്മയും മക്കളും തമ്മിൽ സംവദനമില്ല. ആർക്കും സമയമില്ല. എപ്പോഴും ടൻഷൻ -വലിഞ്ഞുമുറുകിയ റബർബാൻഡ്പോലെ എപ്പോഴാണ് പൊട്ടുക എന്നറിയില്ല. ചിരി എന്നേ നാം മറന്നു. അതിരുകളില്ലാത്ത അ:ന്തസംഘർഷമനുഭവിക്കുന്നവരായി മാറുന്നു. അതിനു കാരണം ഉള്ളുതുറന്നു സംസാരിക്കാനാളില്ലാത്തതു തന്നെ. അപ്പോൾ നന്മകൾ മറഞ്ഞത് നമ്മുടെ മനസ്സിൽ തന്നെ. നാട്ടിലല്ല എന്ന് നാം തിരിച്ചറിയുക.

പി. എം. എൻ.നമ്പൂതിരി.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments