തന്ത്രസാധന – ഭാഗം – 2 (തുടർച്ച)
താന്ത്രിക സാധനകളെ മൂന്നായി തരം തിരിക്കാം. ഒന്ന് ആത്മീയ വികാസത്തിന് അനിവാര്യമായ പൊതുവേ ജനങ്ങളാദരിക്കുന്ന അതീവരഹസ്യങ്ങളില്ലാത്ത സാധനകൾ.രണ്ട് അപകടകരവും അതീവ രഹസ്യവുമെന്ന് പൊതുവേ കരുതപ്പെടുന്ന അനിവാര്യമായ തന്ത്രസാധനകൾ. മൂന്ന് സാധനയോട് അല്പമാത്രമായ ബന്ധമുള്ളതും ഒരു ബന്ധവുമില്ലാത്തതുമായ ലോക സാധാരണങ്ങളായ തന്ത്രയെന്ന പേരിൽ രൂപപ്പെടുത്തിയിട്ടുള്ള വികലങ്ങളായ സാധനകൾ.
ആത്മവികാസത്തിനനിവാര്യമായതും ജനങ്ങളെല്ലാം ആദരിക്കുന്നതും രഹസ്യമൊന്നും ഇല്ലാത്തതുമായ പൊതുവായ സാധനകളിൽ പക്ഷെ, സാധകന് അത്ര തൃപ്തിവരുകയില്ല. അതിനു കാരണം മനസ്സ് നിഗുഢമായതുകൊണ്ടാണ്. മനസ്സിനൊരിക്കലും മനസ്സിനെ പുറത്തേയ്ക്ക് കൊണ്ടുവരാൻ തൃപ്തി കാണുകയില്ല. നിങ്ങൾക്ക് അറിയാവുന്നൊരു സാധനം മരുന്നെന്ന് പറഞ്ഞ് വൈദ്യനെടുത്തുതന്നാൽ ഉന്മേഷമുണ്ടാവുകയില്ല. അതേ സാധനത്തെ ഒരു “ബ്രാൻഡിൽ “ നിഗുഢമാക്കിയോ “പേറ്റൻ്റ്സീക്രട്ടി “ലാക്കിയോ തന്നാൽ അതു ഗംഭീരമെന്നു തോന്നുന്നതുപോലെയാണത്.
ലോകത്തിന് ഇഷ്ടപ്പെടുന്നതെല്ലാം നിഗുഢതകളോടെ കച്ചവടത്തിനു തയ്യാറാക്കുന്ന വണിക്കുകൾ എല്ലാ കാലത്തുമുണ്ട്.കാലാകാലങ്ങളിലൂടെ ഇത്തരം വണിക്കുകൾ പ്രബലന്മാരായിരിക്കും. ഇവരുടെ കൈകളിലാണ് എല്ലാം മാറി മറയുന്നത്. ഏതൊരാളും ഇതാണ് തിരിച്ചറിയേണ്ടതും. അതു കൊണ്ട് സാധനയുമായി അല്പമാത്രമായി ബന്ധമുള്ളവർ വികലങ്ങളായ സാധനകൾ തയ്യാറാക്കി സാധനയുടെതന്നെ പ്രാധാന്യത്തെയും അറിവിനേയും തമസ്ക്കരിക്കും. പിന്നെ വണിക്കു പ്രവരന്മാരും മാധ്യമങ്ങളും ചേർന്നുള്ള തമസ്ക്കരണം നടക്കും. എന്നാൽ വികലമാക്കപ്പെടുന്നവൻ എവിടെയും ശിക്ഷിക്കപ്പെടുന്നുമില്ല. അതേ സമയം വികലമാക്കപ്പെടുന്ന ആ മൗലികമായ ധർമ്മങ്ങൾ ശിക്ഷിക്കപ്പെടുകയും ചെയ്യും. പൂർവ്വികൾ ഏതിനെ പിൻപറ്റി നിന്നോ, അതാണ് ശിക്ഷിക്കപ്പെടുന്നത്.അങ്ങനെയാണ് മൗലികമായ ധർമ്മങ്ങളെല്ലാം നശിക്കുന്നത്.
ഒരുവൻ സാമ്പ്രദായികതയിലേക്കു പ്രവേശിക്കുന്നതിന് മുൻപ് അവനെത്രമാത്രം അധാർമികമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് അറിഞ്ഞു മാത്രമാണ് പൗരാണികർ ഒരുവനെ സാമ്പ്രദായിക സാധനയിലേക്ക് കടക്കാൻ അനുവദിച്ചിരുന്നത്. അങ്ങനെയൊരു നിയമനിർമ്മാണം രാജാക്കന്മാരുടെ കാലത്തുണ്ടായിരുന്നു.അതു കൊണ്ട് അന്ന് മതാചാരമായാലും അനുഷ്ഠാനങ്ങളായാലും ആർക്കും തോന്നിയതുപോലെ ചെയ്യാനാകുമായിരുന്നില്ല. എന്നാൽ അന്നു നിലനിന്നതുപോലെ അവയ്ക്ക് ഈ ജനാധിപത്യകാലത്തിൽ നിലനില്ക്കുവാൻ സാധിക്കുമെന്ന് തോന്നുന്നുമില്ല. എല്ലാവർക്കും മനസ്സിലാകുന്നതും തുറന്ന പ്രകൃതത്തോടുകൂടിയുള്ളതും അനിവാര്യവുമായ ആദ്യമാതൃകയിലുള്ള സാധനയിൽ ഗുരുവിൽ നിന്നുള്ള “ദീക്ഷ” “ജപം” “പുരശ്ചരണം “ ” ഹോമം “ ആസനം” ‘പ്രണായാമം’ “ധ്യാനം” “ധാരണ” “യന്ത്രസാധന “ഇവയെല്ലാം ഉൾപ്പെടും.
ഒരു സാധകന് ആദ്യം ഗുരുവിൽ നിന്ന് ദീക്ഷ ലഭിക്കണം. ദീക്ഷിതൻ സാധന ചെയ്താലേ പ്രയോജനമുള്ളൂ. അതിന് “തൃപ്പടിദീക്ഷ”തുടങ്ങി പലവിധം ദീക്ഷകളുണ്ട്. മന്ത്രം ശ്രവണം ചെയ്ത് ദീക്ഷ വാങ്ങിക്കുന്ന സമ്പ്രദായങ്ങളുമുണ്ട്. ഒരു ശിഷ്യൻ ദീക്ഷിതനാകുവാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഗുരുവിൻ്റെ കൂടെ നിന്ന് സേവ ചെയ്യണം. ഗുരുവിൻ്റെ “ജാഗ്രദ്സ്വപ്നസുഷുപ്തി “കൾ അറിയണം. അതു സേവയിലൂടെ മാത്രമേ അറിയാൻ കഴിയുകയുള്ളൂ. ഗുരുവിൻ്റെ കാരണശരീരത്തിൽ ഗുരുവിനുപോലും ബോധ്യപ്പെടാതെ കിടക്കുന്ന കാര്യം ചെയ്തുവന്നാൽ ആ ചെയ്യുന്നത് കാണുമ്പോഴേക്ക് “ഇതാണല്ലേ എന്നെ അസ്വസ്ഥമാക്കിയത്! തൻ്റെ കാരണ ശരീരത്തിൽ കിടക്കുന്ന ശേഷം പാപങ്ങളെ ഹരിക്കുവാൻ ഇവൻ യോഗ്യനാണ് “ “ശേഷ പാപ ഹര ശിഷ്യ” അതറിയുന്ന ഒരു പാരമ്പര്യമുണ്ടാകുമ്പോഴേ ശിഷ്യനുണ്ടാകൂ. അതു കൊണ്ട് ഒരു ഗുരു ആദ്യം ശിഷ്യനാകണം. അല്ലാതെയെങ്ങനെ ഒരു ഗുരുവുണ്ടാകും? അതുകൊണ്ട് ശിഷ്യനാകണമെങ്കിൽ ഗുരുവിനെ സേവിച്ചു സേവിച്ച് ഗുരുവിൻ്റെ ജാഗ്രത്തു മാത്രമല്ല, സ്വപ്നം മാത്രമല്ല, സുഷുപ്തിതലം വരെ ശിഷ്യനെത്തണം. അപ്പോൾ മാത്രമാണ് ഗുരുവിന് ശിഷ്യനെ ബോധ്യപ്പെടുക. അപ്പോൾ ആ ശിഷ്യൻ്റെ സാന്നിധ്യം പോലും ഗുരുവിനെ ആനന്ദിപ്പിക്കും. അതിലൂടെ തൻ്റെ ജാഗ്രത് സ്വപ്നങ്ങളിലിരിക്കുന്ന അറിവുകളത്രയും ഗുരു ശിഷ്യൻ്റെ തലയിലേറ്റിക്കൊടുക്കും. ഒരു “”സ്പന്ദം “കൊണ്ട് അങ്ങനെയാണ് ഇത് കൈമാറുന്നത്. തന്നിലിരിക്കുന്ന ശാക്തേയങ്ങളായ ഭാവതലങ്ങളെ മുഴുവൻ ഒരു കാൽപെരുമാറ്റംകൊണ്ടുതന്നെ, ഗുരു ശിഷ്യനിലേക്ക് സംക്രമിപ്പിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പ്രിയത്താലല്ല, ഒന്നും സംഭവിക്കുന്നതെന്ന് ആദ്യമറിയണം. അതിനൊരു ഭാവാത്മകതലമുണ്ട്. അതിൻ്റെ അനുഭൂതി ഒന്നു ഭാവന ചെയ്യാനെങ്കിലും സാധിച്ചാൽ ഈ ജന്മത്തിലല്ലെങ്കിൽ, അടുത്ത ജന്മത്തിലെങ്കിലും അതു കിട്ടുമെന്നൊരു ഭാവാത്മകതലമനുഭവിക്കാം.
(തുടരും)