Friday, December 27, 2024
Homeമതംഭഗവത് ഗീതയെന്ന മൃതസഞ്ജീവനി. ✍ സൂര്യഗായത്രി.

ഭഗവത് ഗീതയെന്ന മൃതസഞ്ജീവനി. ✍ സൂര്യഗായത്രി.

✍ സൂര്യഗായത്രി.

കലിയുഗപ്രാരബ്ധങ്ങളിൽ, മായ കൊണ്ട് മൂടിയ ഭൗതികസാഗരത്തിൽ നിലയില്ലാക്കയത്തിലാണ്ടു പോയ മനുഷ്യജീവിതങ്ങൾക്ക് ഭഗവത്ഗീത യഥാർത്ഥത്തിൽ ഒരു മൃതസഞ്ജീവനി തന്നെയാണെന്ന് നിസ്സംശയം പറയാം മഹാഭാരതത്തിൻ്റെ മധ്യഭാഗത്തായി പതിനെട്ട് അധ്യായങ്ങളിലായി അമൃത സ്വരൂപിണിയായ ഗീതാമാതാവ് തൻ്റെ വക്ഷോജങ്ങൾ രണ്ടും ചുരത്തി അമൃതവർഷ പ്രവാഹത്തെ നൽകുന്നു.

അജ്ഞാനമാകുന്ന അന്ധനായ ധൃതരാഷ്ട്രരും ഭോഗ വാസനയായ പാണ്ഡുവും. ഇവർക്കുണ്ടാകുന്ന പഞ്ചകോശങ്ങളിൽ നിന്നുത് ഭൂതമാകുന്ന സന്തതികൾ. ധർമ്മവും അധർമ്മവും. ഇവർ തമ്മിലുള്ള നിരന്തര സംഘർഷത്തിലുടലെടുക്കുന്ന ആന്തരീകയുദ്ധത്തിൽ കാലമാകുന്ന രഥത്തിനെ സമയമാകുന്ന കോലു കൊണ്ട് നിയന്ത്രിച്ച് മായയെ നീക്കുന്നവനായ ആത്മബോധമെന്ന കൃഷ്ണനിൽകൂടി ദേവസംഗീതമായി ഗീത ഒഴുകുകയാണ്. ഏതൊരാൾക്കും, അത് ഭക്തനായിക്കൊള്ളട്ടെ വൈരാഗിയായിക്കൊള്ളട്ടെ ഗൃഹസ്ഥനായിക്കൊള്ളട്ടെ, വേദാന്തിയോ സന്യാസിയോ അതുമല്ല ഒരു കാട്ടാളനോ ആരു തന്നെയായാലും അവൻ്റെ ജ്ഞാന തലങ്ങളിലേക്കിറങ്ങിച്ചെന്ന് അവിടെയൊരു ശുദ്ധീകരണം നടത്തുന്ന രീതിയിലാണ് ഗീതയുടെ നിർമ്മിതി. ഒരു മഹത്തായ കാവ്യത്തിൽ നിന്നും പ്രപഞ്ചരഹസ്യം മറനീക്കി പുറത്തുവരുന്നത് അതിൻ്റെ സൃഷ്ടിപരമായ ശ്രേഷ്ടത മാത്രമല്ല ആർഷഭാരതസംസ്ക്കാരത്തിൻ്റെ മഹനീയതയും കൂടിയാണ്. ഗീതയുടെ ഓരോ അധ്യായത്തിൽ കൂടി കടന്നു പോകുമ്പോഴും മനുഷ്യമനസ്സ് സഞ്ചരിക്കുന്ന, അദ്വൈതത്തിൻ്റെ ബൗദ്ധികതലങ്ങൾ വായനയുടെ അവസാനമെത്തുമ്പോൾ ജീവൻമുക്തിയുടെ ശാശ്വതമായ അവസ്ഥയിലേക് നമ്മെ എത്തിക്കുന്നു.

‘ യത് ജ്ഞാത്വാ നേഹ ഭൂയോ നൃത്
ജ്ഞാതമവശിഷ്യതേ.
എന്തിനെക്കുറിച്ചാണോ അറിയുവാനായി ഒന്നും അവശേഷിക്കാതെ അറിയുന്നുവോ ആ അറിവാണ് ഗീത. ഒരിക്കലും ഒരു മതസ്വാധീനത്തിൽ ഉണ്ടായതല്ല ഗീത . ഭഗവത് ഗീത ഉണ്ടായ സമയം മതത്തിന് യാതൊരു പ്രാമുഖ്യവും ഇല്ലായിരുന്നു. എന്നാൽ ചാതുർവർണ്യം നിലവിലുണ്ടായിരുന്നു താനും.

ഇതിൽ ഭഗവാൻ കൃഷ്ണൻ അർജ്ജുനനോടു പറയുന്നു “അല്ലയോ അർജ്ജുനാ! ഞാൻ രഹസ്യങ്ങളിൽ വെച്ച് പരമമായ രഹസ്യത്തെ നിനക്ക് വെളിപ്പെടുത്തി തന്നിരിക്കുന്നു അതിൽ നിന്നും നിൻ്റെ യുക്തിബോധത്തിനനുസരിച്ച് മാർഗ്ഗം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്രം നിനക്കുണ്ട്. അതിനെ നമുക്ക് ഇങ്ങനെ വിവക്ഷിയ്ക്കാം നമ്മൾ നമുക്കു ചുറ്റിനും നടക്കുന്ന എല്ലാ കാര്യങ്ങളെയും കുറിച്ച് ബോധവാന്മാരാണ് കാരണം അത് ഇന്ദ്രിയങ്ങളുടെ പരിധിയിലുള്ളതാണ്. ‘എന്നാൽ ഉള്ളിലെ ബോധത്തിനെ അറിയുവാനുള്ള യുക്തി നമുക്കൊട്ടില്ലതാനും. എന്നാൽ നാം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാത്തിനേയും ഈ ആത്മബോധം നിരീക്ഷിക്കുന്നുണ്ട്. പക്ഷേ വിഷയാസക്തരാകുന്ന മനുഷ്യൻ, രാഗം, ദ്വേഷം, മോഹം തുടങ്ങിയ മനോമാലിന്യങ്ങളിൽ പെട്ടു ആത്മബോധം മറയപ്പെടുന്നു. എന്താണ് ഇതിനൊരു പരിഹാരം?. അത് ഭഗവത് ഗീത തന്നെയാണ്.

നോക്കൂ ശരീരബോധത്തിനപ്പുറമുള്ള ആത്മസാക്ഷാത്കാരത്തിലേക്ക് എല്ലാ ഇരുട്ടിനെയും കീറി മുറിച്ചു കൊണ്ട് ഗീതയെന്ന പ്രകാശ ധോരണി കടന്നുപോകുകയാണ്. വ്യാസൻ എന്നാൽ വ്യസിക്കുന്നവൻ. ഇവിടെ വിശ്വമാണ് വൃസിക്കുന്നത് അജ്ഞാനമാകുന്ന കൗരവർക്കും ധർമ്മമാകുന്ന പാണ്ഡവർക്കുമിടയിൽ അഗ്നിയിൽ നിന്നുദിച്ചുയർന്ന കൃഷ്ണയുണ്ട്. (പാഞ്ചാലി) അഗ്നി തത്വത്തിലെ മായയെന്ന നിഴലിലാണ് ദ്രൗപദിയുടെ ജനനം തന്നെ.പരയ്ക്കും അപരയ്ക്കുമിടയിലുള്ള ഈ മായ ഇല്ലാത്തതിനെ ഉണ്ടെന്ന് തോന്നിപ്പിയ്ക്കുകയും യഥാത്ഥത്തിലുള്ളതിനെ വിദഗ്ദ്ധമായി മറയ്ക്കുകയും ചെയ്യുന്നു. എന്നാൽ അജ്ഞാനത്തിനെയില്ലാതെയാക്കുവാനും ധർമ്മത്തിൻ്റെ തിരിതെളിക്കുവാനും ഇവിടെ അഗ്നി ഒരു പ്രധാന ഘടകമാണ്. അഥവാ ഗീത പറയുന്നതു പോലെ ഈ പ്രപഞ്ചത്തെ തന്നെ ഒരു ക്ഷേത്രം അഥവാ നമ്മുടെ ശരീരം ആയി സങ്കൽപ്പിച്ചാലും, പാണ്ഡുവും ധ്യതരാഷ്ടരും കൗരവരും പാണ്ഡവരും ഉൾപ്പെടുന്ന പുരുഷാർത്ഥങ്ങളുടെ മോക്ഷ പ്രാപ്തിയുടെ വഴി യാണ്. ഗീത. അതിനാൽ തന്നെ ഭഗവത് ഗീത പഠിക്കുന്നവന് അവൻ്റെ ഉള്ളിൽ നിന്നു വരുന്ന എല്ലാ സംശയങ്ങളുടെ ഉത്തരക്കടലാസു കൂടിയാണ് ഗീത.

അർജ്ജുനൻ ഒരു പ്രതീകം മാത്രമാണ്. വിദ്യാസമ്പന്നതയാൽ അഥവാ എല്ലാം അറിയുന്നവൻ എന്ന അഹംബോധത്തിൻ്റെ ഉത്തുംഗശൃംഖങ്ങളിലെത്തി എന്ന് മനുഷ്യൻ അഹങ്കരിയ്ക്കുമ്പോഴും, തന്നെ അലട്ടുന്ന പലതിൻ്റെയും ഉത്തരമറിയാതെ ഇരുട്ടിൽ തപ്പുന്ന മനുഷ്യൻ്റെ പ്രതീകം. അർജ്ജുനൻ തന്നെ ഇവിടെ പരയും അപരയും ആയി മാറുകയാണ്. എല്ലാ ഗുണങ്ങളും ദോഷങ്ങളും എല്ലാ ജീവിവർഗ്ഗങ്ങൾക്കുമുണ്ട്. എന്നാൽ ഗുണങ്ങൾക്കെല്ലാം അതീതമായുള്ള പരാത്പരചൈതന്യ ബോധം മനുഷ്യനിലാണുള്ളത്. കാരണം ഭൂമിയിൽ നട്ടെല്ലു നിവർന്നു ഷഡാധാരചക്രങ്ങൾ ഉണർന്നു പ്രവർത്തിക്കുന്ന ഒരേ ഒരു ജീവി മനുഷ്യൻ മാത്രമാണ്. തൻ്റെ കൂടെ നിഴലുപോലെയുള്ള പ്രകൃതിനിശ്ഛയങ്ങളെ ആത്മാവിനെക്കൊണ്ട് തൊട്ടറിയാതെ നിരായുധനായ നിസ്സഹായനായ മനുഷ്യൻ അർജ്ജുനനിൽ കൂടെ മറനീക്കി പുറത്തു വരികയാണ്.

എല്ലാ വ്യക്തിയിലും അടിസ്ഥാനപരമായി രണ്ട് ഞാനുകൾ ഉണ്ട്. ഒന്ന് വാസനകൾക്ക് കീഴ്പ്പെട്ട് ഭൗതികപരതയിൽ നീന്തി തുടിക്കുന്ന ഞാൻ. മറ്റൊന്ന് ശരീരം നശിക്കുമ്പോഴും നാശമില്ലാതെ തുടരുന്ന അന്തര്യാമിയായ ഞാൻ. വാസന സുഖങ്ങളാകുന്ന ബന്ധുജനങ്ങളെ ഇല്ലാതെയാക്കി കൊണ്ടുള്ള ബോധ വഴി ശരീരബോധമെന്ന അർജ്ജുനൻ കാംക്ഷിക്കുന്നില്ല. ഇവയൊന്നുമില്ലെങ്കിൽ പിന്നെയെന്തു ജീവിതമാണുള്ളതെന്ന് മനുഷ്യൻ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാൽ വിഷയവാസനകളകന്നു പോകുന്ന ഒരു വനുമാത്രമേ ആത്മജ്ഞാനമെന്ന പരമപദത്തെ പ്രാപ്തമാക്കുവാൻ സാധിയ്ക്കൂ. ഈ രണ്ട് ഞാനിനുമിടയിൽ മായ ഇന്ദ്രിയാസക്തിയെന്ന അവ്യക്തതയുടെ മൂടുപടം തീർക്കുന്നു.. ഈ അവ്യക്തയെ മറികടന്ന് യഥാർത്ഥ ജ്ഞാനത്തിലേക്കുള്ള വഴിയാണ് ഭഗവത് ഗീത തുറന്നു തരുന്നത്. അത് ഒരിക്കലും ആശകളെയോ നിരാശകളെയോ ഗ്രസിക്കുന്നില്ല മറിച്ച് ആദ്യന്തികമായ ആത്മബോധത്തെ ഉണർത്തുകയാണ്. ചെയ്യുന്നത്.

ഭഗവത് ഗീതയഥാർത്ഥത്തിൽ സമ്പൂർണ്ണമായ വേദാന്തമാണ്. അറിയുവാനുള്ളതിനെക്കുറിച്ച് ഇനി യാതൊന്നും അറിയുവാനില്ല എന്ന അവസ്ഥയിലേക്ക് സൂര്യതെളിച്ചമാകുന്നു ഗീത. ജീവിതം നിഷേധിക്കലല്ല ജീവിതത്തിൻ്റെ അന്ത:സത്ത അറിയുകയാണ് വേദാന്തം ചെയ്യുന്നത്. ഇവിടെ വീണ്ടും തെറ്റിദ്ധരിപ്പിക്കുവാൻ മായ കടന്നുവരുന്നു ഉദയവും അസ്തമയും മിഥ്യകളാണെന്നിരിക്കെ ഉദയാസ്തമയങ്ങൾ സത്യമാണെന്ന ബോധം രാവിനെയും പകലിനെയും ഉപയോഗപ്പെടുത്തി മായ സാധ്യമാക്കുന്നു. എന്നും മാറിക്കൊണ്ടിരിക്കുന്ന ഈ ക്ഷരപ്രപഞ്ചത്തിൽ മാറാതെ നിലനിൽക്കുന്ന ശുദ്ധ ബോധത്തെ അറിയുവാനുള്ള വഴികൾ ഭഗവത് ഗീത നമുക്കു മുന്നിൽ അനാവരണം ചെയ്യുന്നു. ഒരു മാലയിൽ കോർത്ത മുത്തുകൾ പോലെ ഇവിടെ ഉൺമ നശ്വര ലോകത്തിനെ തന്നിൽ നിന്നും ഭിന്നമാകാതെ തന്നിലേക്കു ചേർത്തു നിർത്തുന്നു കാരണം ഈ നശ്വര പ്രപഞ്ചത്തിൻ്റെ സജീവതയിലാണ് ബോധം വർത്തിയ്ക്കുന്നത്.

ഓരോ മനുഷ്യൻ്റെയും ജീവിതത്തിലെ മോക്ഷ പ്രാപ്തിയുടെ മാർഗ്ഗമാണ് ഗീത നമുക്ക് ബോധ്യപ്പെടുത്തി തരുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാണ്ഡവരും വാസനാക്ഷയങ്ങളാകുന്ന കൗരവരും, ഇവരുടെയിടയിലുണ്ടാകുന്ന നിരന്തര സംഘർഷങ്ങളും ഓരോ മനുഷ്യനിലുമുണ്ട് അതിനാൽ തന്നെ ഇവയിൽ ലീനമായി കിടക്കുന്ന പരമബോധത്തെ ഉണർത്തുവാൻ ഒരു സാധാരണമനുഷ്യന് പലപ്പോഴും കഴിയാറില്ല. കർമ്മങ്ങളും അവയുണ്ടാക്കുന്ന ജന്മ ബന്ധങ്ങളും ശാശ്വതമായ മോക്ഷത്തിനു തടസ്സമാകുമ്പോൾ അതിലേക്ക് മനുഷ്യവംശത്തെ നയിക്കുന്ന മൃതസഞ്ജീവനിയാണ് ഭഗവത്ഗീത എന്ന് നിസ്സംശയം പറയാം.

യുദ്ധം മനുഷ്യനു നൽകുന്ന ജീവിത പാഠങ്ങൾക്ക് ഭഗവത്ഗീത നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ മാനവിക ബോധത്തിൻ്റെ ലക്ഷ്യപൂർത്തീകരണത്തിനു നമ്മെ സഹായിക്കുന്നു.

ഭാരതദർശനത്തിൻ്റെ സാക്ഷാത്കാരത്തിൻ്റെ ഉത്തുംഗശൃംഖങ്ങളിലെ തിളങ്ങുന്ന മകുടമായി ഭഗവദ്ഗീത ലോകത്തിനു തന്നെ വഴി കാട്ടിയാവുന്നു.

സൂര്യഗായത്രി.✒️

✍ സൂര്യഗായത്രി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments