Thursday, December 12, 2024
Homeകേരളംപനയമ്പാടത്തിൽ 4 വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ അപകടത്തിൽ എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്

പനയമ്പാടത്തിൽ 4 വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ അപകടത്തിൽ എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട്: വണ്ടൂർ സ്വദേശി പ്രജീഷിനെതിരെയാണ് കേസെടുത്തത്. പ്രജീഷ് അശ്രദ്ധയോടെയും അമിത വേഗത്തിലും വാഹനമോടിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. അമിത വേ​ഗതയിലെത്തിയ ഈ ലോറി സിമൻ്റ് കയറ്റിവന്ന മറ്റൊരു ലോറിയെ ഇടിച്ചാണ് അപകടമുണ്ടായത്. ലോറിക്കടിയിൽ പെട്ട 4 പെൺകുട്ടികളാണ് മരിച്ചത്. ഒരു പെൺകുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു.

പള്ളിപ്പുറം ഹൗസിലെ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പട്ടേത്തൊടിയിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവളെങ്ങൽ ഹൗസിലെ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ ഹൗസിലെ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ഐഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികൾ. മരിച്ച വിദ്യാർത്ഥിനികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, കരിമ്പ ഹയ‍ർസെക്കന്ററി സ്കൂളിലെ പൊതുദർശനം ഒഴിവാക്കി. ശേഷം അടുത്തുള്ള ഹാളിലായിരിക്കും പൊതുദർശനം നടക്കുക.

ഇന്ന് നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. കരിമ്പ ഹയർസെക്കൻഡറി സ്കൂളിന് നാളെ അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായും പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു

അതിനിടെ, പനയമ്പാടം അപകടത്തിന്‍റെ കാരണം വിശദമാക്കി മോട്ടോര്‍ വാഹന വകുപ്പ് രം​ഗത്തെത്തി. പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തിന് കാരണം മറ്റൊരു ലോറിയാണെന്ന് ആര്‍ടിഒ പറഞ്ഞു. അപകടത്തിൽ പെട്ട സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സിമന്‍റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നും ആര്‍ടിഒ പറഞ്ഞു. മറ്റൊരു ലോറി ഇടിച്ചശേഷം ബ്രേക്ക് ചവിട്ടി ലോറി നിര്‍ത്താൻ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പാലക്കാടേക്ക് പോവുകയായിരുന്ന ലോറിയാണ് സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ ഇടിച്ചത്. സിമന്‍റ് കയറ്റിയ ലോറിയിൽ ഇടിച്ച് അപകടമുണ്ടാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്ന സമാനമായ മൊഴിയാണ് ദൃക്സാക്ഷികളും നൽകിയിരുന്നത്.

സിമന്‍റ് കയറ്റിയ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തിൽ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ഇരുവരുടെയും രക്ത സാമ്പിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. ഇതിനിടെ, അപകടം നടന്ന സ്ഥലത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തി. വാഹനത്തിലുള്ള ലോഡിന്‍റെ ഭാരം കൃത്യമായിരുന്നു. മുമ്പ് ഇവിടെ അപകടം നടന്നതിനാൽ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത് പനയമ്പാടത്തെ അപകടമേഖലയിലെ പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ദൗര്‍ഭാഗ്യകരമായ അപകടമുണ്ടായത്.

താത്കാലികമായി ഇവിടത്തെ ട്രാഫിക് നിയന്ത്രിക്കാനുള്ള നടപടിയുണ്ടാകും. ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിത്. ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണ്. ഓവര്‍ ലോഡ് ഇല്ല. ടയറുകള്‍ക്കും പ്രശ്നമില്ല. അധികം പഴക്കമില്ലാത്ത വണ്ടിയാണ്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ആര്‍ട്ടിഒ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും അപകടത്തിന് അമിത വേഗത കാരണമായോ എന്ന കാര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പാലക്കാടിന്‍റെ ചുമതലയുള്ള മലപ്പുറം എസ്‍പി വിശ്വനാഥ് പറഞ്ഞു. പ്രതിഷേധം അവസാനിച്ചശേഷം നാളെ മുതൽ വിശദമായ അന്വേഷണം നടത്തുമെന്നും എസ്‍പി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments