തിരുവനന്തപുരം: നെയ്യാറ്റികരയിൽ സഹകരണ ബാങ്കിൽ നിക്ഷേപം തിരിച്ചു നൽകാത്തതിനെത്തുടർന്ന് സഹകരണ ബാങ്കിനകത്തിരുന്ന് പ്രതിഷേധം. പെരുമ്പഴുതൂർ സർവീസ് സpഹകരണ ബാങ്കിലാണ് ക്യാൻസർ രോഗിയായ അമ്മയും ഭിന്നശേഷിക്കാരനായ മകനും പിതാവും ഓഫീസിനകത്തിരുന്ന് പ്രതിഷേധിക്കുന്നത്. നെയ്യാറ്റിൻകര, ഇരുമ്പിൽ സ്വദേശികളാണ് ഇവർ.
മകളുടെ വിവാഹം26-നു നടക്കാനിരിക്കുന്നതിനാൽ മാസങ്ങൾക്ക് മുമ്പ് നിക്ഷേപം തിരികെ നൽകാൻ ബാങ്കിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടപടി ആകാത്തതിനാലാണ് ഉച്ചമുതൽ ഓഫിസിനുള്ളിൽ എത്തി ഇവർ പ്രതിഷേധിക്കുന്നത്.
നിക്ഷേപകരെത്തിയിട്ടും സെക്രട്ടറിയോ പ്രസിഡന്റോ ബോർഡ് അംഗങ്ങളോ എത്തിയിട്ടില്ല. ജീവനക്കാർക്ക് സ്ഥാപനം അടച്ച് പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യമാണ്. നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി ബാങ്ക് അധികൃതരുമായി ചർച്ച ചെയ്തെങ്കിലും തീരുമാനമായിട്ടില്ല.
10 ലക്ഷം രൂപയാണ് ഇവർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. വർഷങ്ങൾക്ക് മുമ്പ് നിക്ഷേപിച്ച പണം മകളുടെ വിവാഹത്തിന് തിരിച്ചെടുക്കാനെത്തിയതായിരുന്നു.
മാസങ്ങളായി ബാങ്കിൽ രൂപ ആവശ്യപ്പെട്ട് എത്തിയെങ്കിലും ബാങ്ക് അധികൃതർ പലതവണ തിരിച്ചയച്ചു. മകളുടെ വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. എന്നിട്ടും ബാങ്ക് അധികൃതർ പണം തിരികെ നൽകാൻ തയ്യാറാകുന്നില്ലെന്നാണ് ആരോപണം.