മുണ്ടക്കൈ –ചൂരല്‍മല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റ് ഉടമകളുടെ ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളി. ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന ഹാരിസണ്‍സ് വാദവും കോടതി അംഗീകരിച്ചില്ല. പുനരധിവാസ വിഷയത്തില്‍ പൊതുതാല്‍പ്പര്യം സംരക്ഷിക്കപ്പെടണമെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് നിരീക്ഷിച്ചു.
വയനാട്ടിലെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുള്ള എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ഹാരിസണ്‍സ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് ഡിവിഷന്‍ബെഞ്ചിന്‍റെ സുപ്രധാന നിരീക്ഷണം.
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റ് ഉടമകളുടെ ആവശ്യം തള്ളിയ ഡിവിഷന്‍ബെഞ്ച് പുനരധിവാസ വിഷയത്തില്‍ പൊതുതാല്‍പ്പര്യം സംരക്ഷിക്കപ്പെടണമെന്നും നിരീക്ഷിച്ചു. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന ഹാരിസണ്‍സ് വാദവും കോടതി അംഗീകരിച്ചില്ല. സര്‍ക്കാരിന്‍റെ പണം സ്വകാര്യ വ്യക്തിക്ക് നല്‍കിയാല്‍ തിരിച്ചുപിടിക്കാന്‍ പ്രയാസമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭൂമിയില്‍ സിവില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് ബാങ്ക് ഗാരന്‍റിക്ക് നിര്‍ദേശം നല്‍കിയതെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് നിരീക്ഷിച്ചു. ബാങ്ക് ഗാരന്‍റി നല്‍കണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് ഹാരിസണ്‍സ് നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. അപ്പീലിലെ നിയമ പ്രശ്‌നത്തില്‍ വാദം കേള്‍ക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
മാതൃകാ ടൗണ്‍ഷിപ്പ് പദ്ധതിക്കായി വയനാട്ടിലെ വൈത്തിരി താലൂക്കില്‍ രണ്ട് വില്ലേജുകളിലായി 143.41 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനമെടുത്തത്. നെടുമ്പാല വില്ലേജിലെ ഹാരിസണ്‍ മലയാളത്തിന്റെ 65.41 ഹെക്ടര്‍ ഭൂമിയും കോട്ടപ്പടി വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78 ഹെക്ടര്‍ ഭൂമിയും ഉള്‍പ്പെടെയാണ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മാതൃകാ ടൗണ്‍ഷിപ്പ് പദ്ധതി അനുസരിച്ച് 1210 കുടുംബങ്ങളെ പ്രദേശത്ത് പുനരധിവസിപ്പിക്കാനാകുമെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചിരുന്നു.