തിരുവനന്തപുരം :
‘സ്വന്തമായൊരു വീട്’ കേരളത്തിൽ പണക്കാരുടെമാത്രം സ്വപ്നമല്ല. നിർധനർക്കും പാർശ്വവൽക്കൃതർക്കും അന്തസ്സോടെയും സുരക്ഷിതമായും ജീവിക്കാൻ എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച സമ്പൂർണ പാർപ്പിട പദ്ധതിയാണ് ലൈഫ് മിഷൻ. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ വിവിധ ഭവനപദ്ധതികളെ ഏകോപിപ്പിച്ചുള്ള ബൃഹത് പദ്ധതിവഴി ഇതുവരെ സംസ്ഥാനത്ത് 5,03,610 വീടാണ് അനുവദിച്ചത്. 4,03,558 വീട് പൂർത്തിയായി. 1,00,052 എണ്ണം നിർമാണത്തിൽ. അനുവദിച്ച വീടുകളിൽ 3805 എണ്ണം അതിദരിദ്ര കുടുംബങ്ങളുടേതാണ്. 1500 എണ്ണം പൂർത്തിയായി. 11 ഭവനസമുച്ചയത്തിലൂടെ 886 ഭൂ–- ഭവനരഹിത കുടുംബത്തെ പുനരധിവസിപ്പിച്ചു. 21 ഭവനസമുച്ചയം നിർമാണത്തിലാണ്.
ലൈഫ് മിഷൻ വഴി വീട് നിർമാണത്തിനായി ഇതുവരെ ചെലവഴിച്ചത് 17,490.33 കോടി രൂപ. കേന്ദ്രവിഹിതം 2081.69 കോടി രൂപമാത്രം (12.09 ശതമാനം). 5320.67 കോടി രൂപ പൂർണമായും സംസ്ഥാന വിഹിതമാണ്. 4591.54 കോടി രൂപ ഹഡ്‌കോ വായ്പയും 425 കോടി രൂപ ബാങ്ക് വായ്പയും 5071.43 കോടി രൂപ തദ്ദേശ സ്ഥാപന വിഹിതവുമാണ്. വായ്പ തിരിച്ചടയ്ക്കുന്നതും തദ്ദേശ സ്ഥാപനങ്ങൾ വിഹിതം നൽകുന്നതും സർക്കാർ നൽകുന്ന പദ്ധതി വിഹിതത്തിൽനിന്നാണ്. വായ്പയുടെ പലിശ നൽകുന്നതും സംസ്ഥാന സർക്കാർ. രണ്ടു വർഷത്തിനകം രണ്ടര ലക്ഷം വീടുകൂടി അനുവദിച്ച് 10,000 കോടി രൂപയുടെ ധനസഹായം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പട്ടികജാതി–- വർഗക്കാർ, ഭിന്നശേഷിക്കാർ, മത്സ്യത്തൊഴിലാളികൾ, അതിദരിദ്രർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകുന്നു.”
“വീട് അവകാശം
പൗരന്റെ അവകാശമായ വീട് ഒരുവിധ ബ്രാൻഡിങ്ങും ഇല്ലാതെയാണ് എൽഡിഎഫ് സർക്കാർ നിർമിച്ച് നൽകുന്നത്. എന്നാൽ, പദ്ധതിക്കായി നാമമാത്ര തുക നൽകുന്ന കേന്ദ്ര സർക്കാർ പിഎംഎവൈ ഫണ്ടിലൂടെ നിർമിച്ച വീടുകൾക്കു മുമ്പിൽ കേന്ദ്രത്തിന്റെ ലോഗോ വയ്ക്കണമെന്ന് ശഠിക്കുന്നു. ബ്രാൻഡിങ് അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയതോടെ ഫണ്ട് തടഞ്ഞ് പദ്ധതിയെ അട്ടിമറിക്കാനും ശ്രമിക്കുന്നു.