കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 31 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കാട്ടാക്കട അതിവേഗ പോക്സോ കോടതിയാണ്, പത്തനംതിട്ട മലയാലപ്പുഴ പുതുകുളം കുമ്പഴ എസ്റ്റേറ്റ് 10ാ ലൈൻ ക്വാർട്ടേഴ്സിൽ വിഷ്ണു വിത്സണെ(25) ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണം.
ഇല്ലെങ്കിൽ 12 മാസം കൂടി കഠിനതടവ് അനുഭവിക്കണം. അതിജീവിതക്കും കുഞ്ഞിനും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പിഴത്തുക കൂടാതെ നഷ്ടപരിഹാരം നൽകുന്നതിന് ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. 2017ലാണ് കേസിനാസ്പദമായ സംഭവം. വിളപ്പിൽശാല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.